വലത് കോട്ടയായ കോട്ടയത്ത് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കോട്ടയം അതിന്റെ വലതുപക്ഷ മനസ്സ് കൈവിട്ടുമില്ല. പരമ്പരാഗതമായി വലതുപക്ഷത്തെ തുണക്കുന്ന കോട്ടയം മണ്ഡലത്തിൽ തോമസ് ചാഴികാടന് വിജയം. കേരളമാകെ ആഞ്ഞടിച്ച വലത് തരംഗത്തിനൊപ്പം രാഷ്ട്രീയ സാഹചര്യങ്ങൾകൂടി അനുകൂലമായപ്പോൾ വോട്ടണ്ണലിന്റെ ഒരു ഘട്ടത്തിലും തോമസ് ചാഴികാടന് വെല്ലുവിളിയുണ്ടായില്ല. ആദ്യ ഘട്ടം മുതൽ നിലനിർത്തിപ്പോന്ന ലീഡ് ക്രമാനുഗതമായി വർദ്ധിപ്പിച്ച ചാഴികാടൻഒരുലക്ഷത്തിലധികംവോട്ടുകളുടെ ഭൂരിപക്ഷത്തോടെ അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു. എന്നാൽ അനുകൂല ഘടകങ്ങളുണ്ടായിട്ടും 2014ൽ ജോസ് കെ. മാണി നേടിയ 1,20,599 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാൻ ചാഴികാടന് സാധിച്ചില്ല. മണ്ഡല പരിധിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും വ്യക്തമായ മുൻതൂക്കത്തോടെയാണ് ചാഴികാടന്റെ മുന്നേറ്റം. പരമ്പരാഗ ഇടത് മണ്ഡലമായ വൈക്കത്ത് മാത്രമാണ് ചാഴികാടൻ പിന്നോക്കം പോയത്. വൈക്കത്ത് 9220 വോട്ടുകൾക്ക് വി.എൻ വാസവനെക്കാൾ പിന്നിലായി ചാഴികാടൻ. കെ.എം. മാണിയുടെ തട്ടകമായിരുന്ന പാലാ മുപ്പതിനായിരത്തിലേറെ ലീഡാണ് ചാഴികാടന് സമ്മാനിച്ചത്. കടുത്തുരുത്തിയിലും പുതുപ്പള്ളിയിലും ഇരുപതിനായിരത്തിന് മുകളിലും ലീഡ് നേടാനും ചാഴികാടന് സാധിച്ചു. പിറവത്തും ഏറ്റുമാനൂരിലും മാത്രമാണ് ലീഡ് പതിനായിരക്കിൽ താഴേക്ക് പോയത്. യു.ഡി.എഫ് എല്ലാ കാലത്തും അതിന്റെ മേൽക്കൈനിലനിർത്തിപ്പോന്നിരുന്ന മണ്ഡലമാണ് കോട്ടയം. മണ്ഡലം ഇടത്തോട്ടു ചാഞ്ഞപ്പോഴെല്ലാം കോൺഗ്രസും കേരള കോൺഗ്രസ് മാണിവിഭാഗവും തമ്മിലുള്ള ഇഴയടുപ്പം മണ്ഡലത്തിൽ നിർണായകമായിരുന്നു. വിജയത്തെ സ്വാധീനിച്ച പരമ്പരാഗത ഘടകങ്ങളിലൊന്നും അതുതന്നെയായിരുന്നു. 2014ലെയും 2019ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകൾക്കിടയിൽ യു.ഡി.എഫിലും കേരള കോൺഗ്രസിനുള്ളിലും സംഭവിച്ചതൊന്നും കോട്ടയത്ത് വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല എന്നാണ് തിരഞ്ഞെടുപ്പു ഫലം വിരൽ ചൂണ്ടുന്നത്. ഇടക്കാലത്ത് യു.ഡി.എഫ് വിട്ട് ഒറ്റയ്ക്ക് നിൽക്കാനുള്ള കെ.എം.മാണിയുടെ തീരുമാനം കോൺഗ്രസ് അണികളിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. മാണി മുന്നണി വിട്ടതിനെ തുടർന്ന് കോട്ടയം ജില്ലാപഞ്ചായത്തിൽ ഉണ്ടായ ഭരണപ്രതിസന്ധിയും അണികളിൽ മാണിക്കുംജോസ് കെ.മാണിക്കും എതിരായ വികാരത്തിന് വിത്തിട്ടിരുന്നു. കേരള കോൺഗ്രസ് യു.ഡി.എഫിലേയ്ക്ക് തിരികെ എത്തിയെങ്കിലും അതിൽ അലകൾ അടങ്ങിയിരുന്നില്ല. അതിന് പിന്നാലെയാണ് കാലാവധി തീരുംമുന്നേ ജോസ് കെ.മാണി കോട്ടയം എം.പി. സ്ഥാനം രാജിവെക്കുന്നതും രാജ്യസഭയിലേക്ക് മത്സരിക്കുന്നതും. ജോസ് കെ. മാണി മത്സരിച്ചാൽ കോൺഗ്രസ് കാലുവാരും എന്ന പേടിയിൽ നിന്നാണ് കേരള കോൺഗ്രസ് രാജ്യസഭ സീറ്റ് ചോദിക്കാൻ നിർബന്ധിതരാകുന്നത്. കോൺഗ്രസിന് ലഭിക്കേണ്ട രാജ്യസഭാ സീറ്റ് പിടിച്ചു വാങ്ങി എന്ന വികാരവും അവരുടെ അണികളിലുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ അനുയോജ്യനായ സ്ഥാനാർത്ഥി എന്ന നിലയിലാണ് ഏറ്റുമാനൂർ മുൻ എം.എൽ.എയായിരുന്ന തോമസ് ചാഴികാടനെ ജോസഫ് വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് കേരള കോൺഗ്രസ് സ്ഥാനാർഥിയാക്കുന്നത്. ജോസ് കെ. മാണിയോടുള്ള സമീപനമായിരിക്കില്ല തോമസ് ചാഴികാടനോട് കോൺഗ്രസ് അണികൾക്കെന്നുള്ള കെ.എം. മാണിയുടെ കണക്കുകൂട്ടൽ ശരിയായി എന്ന് വ്യക്തം. കെ.എം. മാണിയുടെ അകാലത്തിലുള്ള വിയോഗം സൃഷ്ടിച്ച സഹതാപം കൂടി ചേർന്നപ്പോൾ എതിർത്തുനിന്നവരും രണ്ടിലയ്ക്ക് തന്നെ കുത്തി. ഇക്കാരണം കൊണ്ട് തന്നെ ജോസഫ് പക്ഷത്തുനിന്നും വോട്ട് മറിഞ്ഞില്ല എന്നുറപ്പ്. ഫോട്ടോ: ജി. ശിവപ്രസാദ് മറുവശത്ത് സി.പി.എമ്മിനെതിരായി സംസ്ഥാനത്ത് പൊതുവിൽ ആഞ്ഞടിച്ച വികാരം കോട്ടയത്തും പ്രകടമായിരുന്നു. ഭരണ നേട്ടങ്ങളും വി.എൻ. വാസവന്റെ ജനകീയതയും ഉയർത്തിക്കാട്ടി ശബരിമല - സഭാ വിഷയങ്ങളും പ്രളയാനന്തര സാഹചര്യവും മറികടക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായി. മാത്രമല്ല ഈ ഘടകങ്ങൾ കാര്യമായി തന്നെ തിരിച്ചടിച്ചു എന്നും വ്യക്തം. വൈക്കത്ത് മാത്രമാണ് വി.എൻ. വാസവന് മുന്നിലെത്താൻ സാധിച്ചത്. മുൻതൂക്കം പ്രതീക്ഷിച്ചിരുന്ന ഏറ്റുമാനൂരിൽ പോലും അവർ പിന്നോക്കം പോയി. ലീഡ് നേടാൻ സാധിച്ചില്ലെങ്കിലും പിറവത്ത് ഭേദപ്പെട്ട പ്രകടനം നടത്താൻ സാധിച്ചു. മറ്റൊരിടത്തും യു.ഡി.എഫിന്റെ കുതിപ്പിന് തടയിടാൻ വാസവന് സാധിച്ചില്ല. വോട്ട് വിഹിതം ഗണ്യമായി ഉയർത്താനായി എന്നത് എൻ.ഡി.എയ്ക്കും നേട്ടമാണ്. കാര്യമായ പ്രതീക്ഷകളില്ലാതെ കളത്തിലിറങ്ങിയിട്ടും ഒന്നര ലക്ഷത്തിനടുത്ത് മുകളിൽ വോട്ടുനേടി മികച്ച പോരാട്ടമാണ് എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസ് നടത്തിയത്. 2014ൽ നോബിൽ മാത്യു നേടിയ 44357 വോട്ടുകൾ നാലിരട്ടിയോളമാക്കി ഉയർത്താൻ പി.സി. തോമസിനായി. ശബരിമല വിഷയത്തിലുണ്ടായിരുന്ന അനുകൂല ഘടകം ഇക്കാര്യത്തിൽ പ്രതിഫലിച്ചു എന്ന വ്യക്തം. ഒപ്പം പി.സി തോമസിലൂടെ ന്യൂനപക്ഷ വോട്ടുകളും ആകർഷിക്കാൻ അവർക്ക് സാധിച്ചു. കോട്ടയം മണ്ഡലം രൂപവത്കൃതമായശേഷം നടന്ന 16 തിരഞ്ഞെടുപ്പുകൾ 11 തവണയും ജയം യു.ഡി.എഫിനൊപ്പമായിരുന്നു. അഞ്ചുവട്ടം ഇടതുപക്ഷം അട്ടിമറിജയം നേടിയപ്പോൾ അതിൽ മൂന്ന് പ്രാവശ്യവും ലോക്സഭയിൽ എത്തിയത് സുരേഷ് കുറുപ്പായിരുന്നു. തുടർച്ചയായി മൂന്നുതവണ രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്ത മണ്ഡലം 2009-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ കൂടുതൽ വലത്തോട്ട് ചാഞ്ഞു. അവസാനത്തെ രണ്ട് വട്ടവും വലിയ മത്സരമില്ലാതെ തന്നെ കേരള കോൺഗ്രസ് സ്ഥാനാർഥി ജോസ് കെ. മാണി വിജയിച്ച് ലോക്സഭയിലുമെത്തി. 2009-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ, കോട്ടയം കൂടുതൽ കരുത്തുള്ള വലതുകോട്ടയായി. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഫലങ്ങൾ അത് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാദളിലെ മാത്യു ടി. തോമസിനെ 1,20,599 വോട്ടുകൾക്ക് തോൽപ്പിച്ചാണ് കേരള കോൺഗ്രസ്-എമ്മിലെ ജോസ് കെ. മാണി പാർലമെന്റംഗമായത്. ജോസ് കെ. മാണിക്ക് 4,24,194 വോട്ടുകൾ ലഭിച്ചപ്പോൾ മാത്യു ടി. തോമസിന് 3,03,595 വോട്ടുകൾ ലഭിച്ചു. പിറവം, പാല, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി എന്നിങ്ങനെ മണ്ഡലപരിധിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ജോസ് കെ.മാണിക്ക് തന്നെയായിരുന്നു ഭൂരിപക്ഷം. പാല, കടുത്തുരുത്തി, പുതുപ്പള്ളി എന്നിവിടങ്ങളിൽ 8000 മുകളിൽ ജോസ് കെ. മാണി ലീഡ് നേടിയപ്പോൾ വൈക്കത്തും ഏറ്റുമാനൂരും മാത്രമാണ് ഭൂരിപക്ഷം അൽപം കുറഞ്ഞത്. എൻ.ഡി.എ സ്ഥാനാർഥി നോബിൽ മാത്യു 44357 വോട്ടുകൾ നേടി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലപരിധിയിലെ നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിനായിരുന്നു മുൻതൂക്കം. പാലാ, കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പിറവം എന്നിവിടങ്ങളിൽ യു.ഡി.എഫിനായിരുന്നു ജയം. ഏറ്റുമാനൂരിലും വൈക്കത്തും എൽ.ഡി.എഫും ജയിച്ചു. വിജയിച്ച അഞ്ച് മണ്ഡലങ്ങളിലായി 80395 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ്. നേടിയത്. യു.ഡി.എഫ് ക്യാമ്പിൽ, കടത്തുരുത്തിയിൽ മോൻസ് ജോസഫാണ് ഏറ്റവുമധികം ഭൂരിപക്ഷത്തിൽ ജയിച്ചത്. 42256 വോട്ടുകളുട ഭൂരിപക്ഷം മോൻസ് ജോസഫ് നേടി. പാലായിൽ കെ.എം. മാണിക്കായിരുന്നു കുറവ് ഭൂരിപക്ഷം. 4703 വോട്ടുകൾ. തിരുവഞ്ചൂർ, ഉമ്മൻ ചാണ്ടി, അനൂപ് ജേക്കബ് എന്നിവർ യഥാക്രമം 33632, 27092 6195 വോട്ടുകളുടെ ഭൂരിക്ഷം നേടി. വൈക്കത്ത് സി.കെ ആശ 24584 വോട്ടിന്റെയും ഏറ്റുമാനൂരിൽ സുരേഷ് കുറുപ്പ് 8899 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കോട്ടയം പിടിക്കാനുറച്ചാണ് ജില്ലാ സെക്രട്ടറി വി.എൻ. വാസവനെത്തന്നെ സി.പി.എം.കളത്തിലിറക്കിയത്. ഘടകകക്ഷികൾ അവകാശവാദമുന്നയെച്ചെങ്കിലും വിട്ടുകൊടുക്കാതെ സി.പി.എം മത്സരിക്കാനിറങ്ങിയത് കോട്ടയം പിടിക്കുക എന്ന ഒറ്റ ലക്ഷ്യം മുന്നിൽ കണ്ടാണ്. പാർട്ടിയിലും സമൂഹത്തിലും ജനകീയൻ എന്നതാണ് വാസവനെ തുണച്ചത്. നാലര പതിറ്റാണ്ടായി രാഷ്ട്രീയമേഖലയിലുള്ള അദ്ദേഹം 2006-ൽ കോട്ടയം എം.എൽ.എയായിരുന്നു. 2011-ൽ മണ്ഡലം മാറിയെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണനോട് തലനാരിഴയ്ക്ക് തോറ്റു. കുറച്ചുകൂടി സങ്കീർണമായിരുന്നു വലത് ക്യാമ്പിലെ സ്ഥാനാർഥി നിർണയം. സ്ഥാനാർഥി പ്രഖ്യാപനം മുതൽ തന്നെ തുടങ്ങിയ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിനോട് അടുത്താണ് കെട്ടടങ്ങിയത്. തുടക്കം മുതൽ തന്നെ രണ്ട് സീറ്റെന്ന് ആവകാശവാദത്തിലായിരുന്നു കേരള കോൺഗ്രസ്. പ്രത്യേകിച്ചും ജോസഫ് വിഭാഗം. കോട്ടയത്തിനു പുറമെ ഇടുക്കി അല്ലെങ്കിൽ ചാലക്കുടി എന്ന ആവശ്യമാണ് ജോസഫ് ഉയർത്തിയത്. രണ്ട് സീറ്റിന് സാധ്യതയില്ലെന്ന് കണ്ടതോടെ കോട്ടയത്ത് മത്സരിക്കാൻ ആഗ്രഹമുണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു ജോസഫ്. എന്നാൽ ജോസഫിനെ വെട്ടി ചാഴികാടനെ സ്ഥാനാർഥിയായി മാണി എത്തിക്കുകയായിരുന്നു. ജോസഫ് പാർട്ടി സ്ഥാനാർഥിയാകുന്നതിനെ ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളെയും രംഗത്തിറക്കിയാണ് മാണിവിഭാഗം പ്രതിരോധിച്ചത്. ലോകസഭാ മണ്ഡലത്തിൽ നിന്നുള്ളയാളല്ല എന്നതായിരുന്നു ജോസഫിനെതിരെ പ്രയോഗിച്ച ആയുധം. യു.ഡി.എഫിന്റെ ഇടപെടലുകൾക്ക് ഒടുവിൽ ജോസഫ് അടിയറവ് പറഞ്ഞു. ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവ് പി.സി. തോമസിനെയാണ് കോട്ടയം പിടിക്കാൻ എൻ.ഡി.എ.യിൽ രംഗത്തിറക്കിയത്. ശബരിമല പ്രശ്നം വോട്ടക്കി മാറ്റാം എന്ന കണക്കുകൂട്ടലിൽ ഇറങ്ങിയ എൻ.ഡി.എ. ന്യൂനപക്ഷ വോട്ടുകളിൽ കൂടി കണ്ണുനട്ടാണ് പി.സി. തോമസിനെ രംഗത്തിറക്കിയത്. നേരത്തെ ബി.ജെ.പി.യുടെകൂടി പിന്തുണയോടെ പി.സി. തോമസ് മൂവാറ്റുപുഴ എം.പി.യായിരുന്നു. Content HIgglights:kerala election results, election results kerala, Election Results 2019,Lok Sabha Results
from mathrubhumi.latestnews.rssfeed http://bit.ly/30EbaPB
via
IFTTT
No comments:
Post a Comment