തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് അട്ടിമറിയുമായി ബന്ധപ്പെട്ട് ഇന്ന് വൈകിട്ടോട്ടെ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. സമഗ്ര അന്വേഷണത്തിനായി ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ നൽകിയ നിർദ്ദേശം അനുസരിച്ചാണ് നടപടി. പൊലീസുകാരിലെ പോസ്റ്റൽ വോട്ടിൽ കള്ളക്കളിയും അട്ടിമറിയും നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസ് അസോസിയേഷന്‍റെ ഇടപെടൽ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് മേയ് 15നകം നൽകാനാണ് ടിക്കാറാം മീണയുടെ നിർദ്ദേശം. തട്ടിപ്പിൽ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയെന്നും ടിക്കാറാം മീണ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡിജിപി നൽകിയ സർക്കുലറിലെ നിർദ്ദേശം പാലിക്കുന്നതിൽ പൊലീസിന്‍റെ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.
പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.
തെരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകള്‍ പൊലീസിലെ ഇടത് അനുകൂലികൾ കൂട്ടത്തോടെ വാങ്ങി കളളവോട്ട് ചെയ്യുന്നുവെന്നാണ് പരാതി. അസോസിയേഷൻ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്നും ആരോപണമുണ്ട്.
from mangalam.com http://bit.ly/2H9EFQp
via IFTTT
No comments:
Post a Comment