ലോക്സഭയിൽ വൻഭൂരിപക്ഷം ലഭിച്ചെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷത്തിനായി എൻ.ഡി.എ. ഒരു കൊല്ലത്തിലേറെ കാത്തിരിക്കേണ്ടി വരും. 245 അംഗ സഭയിൽ എൻ.ഡി.എ. യ്ക്ക് ഇപ്പോൾ 101 പേരുണ്ട്. രാഷ്ട്രപതി നാമനിർദേശം ചെയ്ത മൂന്നംഗങ്ങളുടെയും മറ്റു മൂന്നു സ്വതന്ത്രരുടെയും പിന്തുണകൂടി ആവുമ്പോൾ അംഗബലം 107 ആകും. അടുത്തകൊല്ലം നവംബറിൽ വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുവരുന്ന 75 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇന്നത്തെ നിലവെച്ച് 19 സീറ്റുകൾ എൻ.ഡി.എ.യ്ക്ക് ലഭിച്ചേക്കും. ഇക്കൊല്ലം ഒടുവിൽ മഹാരാഷ്ട്ര, ഹരിയാണ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ ബി.ജെ.പി. വീണ്ടും നില മെച്ചപ്പെടുത്തുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. മുത്തലാഖ് നിരോധനം പോലുള്ള വിവാദമായ ഒട്ടേറെ ബില്ലുകൾ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയിൽ മുടങ്ങിയത് സർക്കാരിനു ഭൂരിപക്ഷം ഇല്ലാതിരുന്നതുകൊണ്ടാണ്. മോട്ടോർ വാഹന നിരോധന നിയമവും രാജ്യസഭയിൽ കുടുങ്ങിക്കിടക്കുകയാണ്. മുത്തലാഖ് ബിൽ ഓർഡിനൻസായി പിന്നീട് നടപ്പാക്കി. കാലാവധി കഴിയുമ്പോൾ അതു വീണ്ടും പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്തും സർക്കാരിനു രാജ്യസഭയിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അന്ന് പ്രതിപക്ഷത്തായിരുന്ന ബി.ജെ.പി. ഒട്ടേറെ ബില്ലുകൾ തടസ്സപ്പെടുത്തുകയുണ്ടായി. ഇൻഷുറൻസ് ബില്ലും പെൻഷൻ ഫണ്ട് റഗുലേറ്ററി അതോറിറ്റി ബില്ലും പാസാക്കുന്നതിന് ബി.ജെ.പി. തടയിട്ടു. സർക്കാരിന്റെ അവസാനകാലത്ത് പെൻഷൻ ഫണ്ട് ബിൽ പാസാക്കിയെങ്കിലും ഇൻഷുറൻസ് ബിൽ പാസാക്കാൻ സാധിച്ചില്ല. 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റപ്പോൾ ചില ഭേദഗതികളോടെ ആ ബിൽ പാസാക്കി. എൻ.ഡി.എ. സർക്കാരിനു അതേനാണയത്തിൽ തിരിച്ചടി നൽകുകയാണ് കഴിഞ്ഞതവണ കോൺഗ്രസ് ചെയ്തത്. രാഷ്ട്രപതിയുടെ പ്രസംഗത്തിനു നന്ദി രേഖപ്പെടുത്തുന്ന പ്രമേയംപോലും ഒരുതവണ രാജ്യസഭ ഭേദഗതി ചെയ്താണ് പാസാക്കിയത്. രാജ്യസഭയിലെ പ്രതിസന്ധി മറികടക്കാൻ ധനകാര്യ ബില്ലിലൂടെയാണ് മോദി സർക്കാർ ഒട്ടേറെ ബില്ലുകൾ ഭേദഗതി ചെയ്തത്. ബജറ്റിന്റെ ഭാഗമായ ധനകാര്യബിൽ രാജ്യസഭയിൽ പാസാക്കിയില്ലെങ്കിലും രണ്ടാഴ്ച കഴിഞ്ഞാൽ പാസായതായി കണക്കാക്കുമെന്ന വ്യവസ്ഥയുടെ ചുവടുപിടിച്ചായിരുന്നു അത്. Content Highlights:Parliament, BJP
from mathrubhumi.latestnews.rssfeed http://bit.ly/2EznYNB
via
IFTTT
No comments:
Post a Comment