പാലക്കാട്ട് ചെങ്കോട്ടയില്‍ കൊടിയിറങ്ങി, അതിരിനപ്പുറം ചുവപ്പണിഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

പാലക്കാട്ട് ചെങ്കോട്ടയില്‍ കൊടിയിറങ്ങി, അതിരിനപ്പുറം ചുവപ്പണിഞ്ഞു

കോട്ടകളെല്ലാം ഉടഞ്ഞു വീണപ്പോൾ ഇടതു പ്രസ്ഥാനങ്ങൾക്ക് ആശ്വാസം നൽകുന്നതു തമിഴ്നാടാണ്. പാലക്കാട്ടെ കമ്യൂണിസ്റ്റ് ഉരുക്കുകോട്ട യു.ഡി.എഫ്. തരംഗത്തിൽ ഒലിച്ചു പോയപ്പോൾ ആ അതിരിനിപ്പുറം ചുവന്നു. ബി.ജെ.പിയുടെ സി.പി. രാധാകൃഷ്ണനെ രണ്ടു ലക്ഷത്തിനടുത്ത് വോട്ടിന് തോൽപ്പിച്ച് സി.പി.എമ്മിലെ പി.ആർ. നടരാജൻ ചെങ്കൊടി ഉയർത്തി. തൊട്ടടുത്ത തിരുപ്പൂരിൽ സി.പി.ഐയിലെ കെ. സുബ്ബരായൻ അണ്ണാ ഡി.എം.കെയുടെ ഉറച്ച സീറ്റിൽ അട്ടിമറി വിജയം നേടി. ഒരു ലക്ഷത്തോളം ഭൂരിപക്ഷം. പല തവണ ചുവന്ന മധുരയിൽ തമിഴ്നാട്ടിലെ അറിയപ്പെടുന്ന എഴുത്തുകാരൻ എസ്. വെങ്കിടേഷായിരുന്നു സി.പി.എം. സ്ഥാനാർത്ഥി. ഒരു ലക്ഷത്തി നാൽപതിനായിരത്തോളം വോട്ടിന്റെ വിജയം. നാഗപട്ടണത്തെ സി.പി.ഐയുടെ വിജയം നേരത്തെ പ്രതീക്ഷിച്ചതായിരുന്നു. അതിനെ സാധൂകരിക്കുന്നതായി എം. സെൽവരാജിന്റെ രണ്ടു ലക്ഷം കവിഞ്ഞ ഭൂരിപക്ഷം. തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ തമിഴ്നാട് മുറുകി നിന്നപ്പോൾ ഈ നാല് മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ചിരുന്നു. നേരത്തെ പറഞ്ഞ പോലെ നാഗപട്ടണത്ത് ഇടത് പക്ഷത്തിന്റെ വിജയം പ്രതീക്ഷിച്ചതുമാണ്. മറ്റ് മൂന്ന് ഇടങ്ങളെ സംബന്ധിച്ച് പാർട്ടി നേതാക്കൾ പോലും ഉറപ്പ് പറഞ്ഞിരുന്നില്ല. എന്നാൽ ചെറിയൊരു പ്രതീക്ഷ പങ്കുവെച്ചിരുന്നു. അണ്ണാ ഡി.എം.കെ. സർക്കാരിനും കേന്ദ്രത്തിലെ ബി.ജെ.പി. സർക്കാരിനുമെതിരായ വികാരം തമിഴിനാട്ടിൽ ശക്തമാണ് എന്ന പൊതുവിലയിരുത്തൽ നേതാക്കൾ നടത്തിയിരുന്നു. ആ വികാരം ആളിക്കത്തിയാൽ 2004 ആവർത്തിക്കും എന്നായിരുന്നു അവരെല്ലാം പറഞ്ഞത്. 2004ൽ ഇപ്പോഴത്തേതിന് സമാനമായി തമിഴ്നാട് യു.പി.എ. സഖ്യം തൂത്തുവാരിയപ്പോൾ സി.പി.എമ്മിനും സി.പി.ഐയ്ക്കും രണ്ട് വീതം സീറ്റ് ലഭിച്ചിരുന്നു. ആ പ്രതീക്ഷയും വെച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ നേതാക്കൾക്കും പ്രവർത്തകർക്കും തെറ്റിയില്ല. സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം ആളിക്കത്തി. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദർ രാജനുമെല്ലാം തോറ്റ വോട്ടിന്റെ എണ്ണം കണ്ട് അവർ തന്നെ അമ്പരന്നു. പലയിടത്തും അഞ്ച് ലക്ഷവും നാല് ലക്ഷവുമാണ് ജയിച്ച ഡി.എം.കെ. സഖ്യ സ്ഥാനാർത്ഥികളുടെ ഭൂരിപക്ഷം. സ്റ്റാലിന്റെ നേതൃത്വവും വിശാല മതേതര സഖ്യവും സമ്പൂർണ വിജയം നേടിയപ്പോൾ അതിലൊരു പങ്ക് വിജയമധുരം ഇടതുപക്ഷവും രുചിച്ചു. മതേതര സഖ്യ രൂപീകരണവും ജനകീയ സമരങ്ങളോട് സ്വീകരിച്ച നിലപാടും വിജയത്തിൽ പങ്കുവഹിച്ചെന്നാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞത്. തമിഴ്നാട്ടിലേതിന് സമാനമായ ഒരു സഖ്യം ദേശീയ തലത്തിൽ രൂപീകരിക്കാൻ കഴിയാത്തതിന്റെ ഫലമാണ് ബി.ജെ.പിക്ക് ലഭിച്ച വലിയ ഭൂരിപക്ഷമെന്നും അദ്ദേഹം വിലയിരുത്തി. തമിഴ്നാട്ടിൽ ഇടതുപക്ഷം നേടിയ വിജയം സംബന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ വിശകലനം ശരിയാണ്. 2004-ൽ ഡി.എം.കെയോടൊപ്പമായിരുന്ന ഇടതു പാർട്ടികൾ 2009-ൽ അണ്ണാ ഡി.എം.കെയ്ക്കൊപ്പം മത്സരിച്ചു. ആണവകരാർ വിഷയത്തിൽ യു.പി.എ. വിട്ടതായിരുന്നു ഡി.എം.കെയുമായി അകലാനുള്ള കാരണം. അണ്ണാ ഡി.എം.കെയോടൊപ്പം നിന്നപ്പോൾ സംസ്ഥാന നിയമസഭയിലും ഇടതുപക്ഷത്തിനു മികച്ച പ്രാതിനിധ്യം ലഭിച്ചു. 2014-ൽ സീറ്റ് വിഭജനത്തിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് സഖ്യം വിട്ട് സി.പി.എമ്മും സി.പി.ഐയും ഒറ്റയ്ക്ക് മത്സരിച്ചു. പക്ഷേ ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല രണ്ട് പാർട്ടികൾക്കും കൂടി ഒരു ശതമാനം വോട്ടാണ് ലഭിച്ചത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. അതിനുശേഷമാണ് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് തമിഴ്നാട്ടിലാകെ ഡി.എം.കെ. നേതൃത്വം നൽകിയത്. സ്റ്റാലിനൊപ്പം കോൺഗ്രസും വൈക്കോയുടെ എം.ഡി.എം.കെയും ദളിത് നേതാവ് തിരുമാവളവനും മുസ്ലിം ലീഗുമെല്ലാം കൈകോർത്തപ്പോൾ ഇടതു പാർട്ടികൾ മാറി നിന്നില്ല. സമരങ്ങളിൽ അതിശക്തമായി അണിനിരക്കുകയും ചെയ്തു. കാവേരിജല വിനിയോഗ ബോർഡ് രൂപീകരണത്തിനായുള്ള സമരം, തൂത്തുക്കുടി വെടിവെപ്പിനെതിരായ പ്രക്ഷോഭം, ജനങ്ങലെ ദോഷകരമായി ബാധിച്ച വ്യവസായ പദ്ധതികൾ, നീറ്റ് പ്രശ്നം, സർക്കാരിന്റെ അഴിമതി തുടങ്ങിയ വിഷയങ്ങളിൽ യോജിച്ച പ്രക്ഷോഭം നടത്തി. ചെന്നൈ-സേലം എട്ടുവരിപ്പാതയ്ക്ക് എതിരായ കർഷക സമരത്തെ ഡി.എം.കെ. വേണ്ടത്ര ഗൗനിക്കാതിരുന്നപ്പോൾ സ്വന്തം നിലയിൽ സമരം ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോയി. ഇതിനൊപ്പം ജാതി അടിസ്ഥാനപ്പെടുത്തിയുള്ള ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കെതിരെയുള്ള സമരങ്ങൾ എന്നിവ ഇടതു പാർട്ടികൾ നടത്തി. അത് പ്രതിപക്ഷ സഖ്യത്തിന് മൊത്തത്തിൽ ഗുണമായതിനൊപ്പം പാർട്ടി എന്ന നിലയിൽ സി.പി.എമ്മിനും സി.പി.ഐയ്ക്കും ഗുണമായി. ഈ സമരങ്ങളുടെ തുടർച്ചയായിത്തന്നെയാണ് തമിഴ്നാട്ടിൽ പ്രതിപക്ഷകൂട്ടായ്മ തിരഞ്ഞെടുപ്പ് സഖ്യമായി വളർന്നത്. സഖ്യപ്പാർട്ടികളെ മാന്യമായി പരിഗണിച്ച സ്റ്റാലിൻ ഇടത് പാർട്ടികൾക്ക് നാല് സീറ്റ് നൽകി എന്ന് മാത്രമല്ല ഇടത് സ്ഥാനാർത്ഥികളുടെ മണ്ഡലങ്ങളിൽ വളരെ സജീവമായി പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ഇതോടൊപ്പം ഭരണവിരുദ്ധ വികാരം ശക്തിപ്പെടുകകൂടി ചെയ്തതോടെ ഇടതു പക്ഷത്തിന് തമിഴ്നാട് മാനം കാത്ത മണ്ണായി. തൊഴിലാളികളും കർഷകരുമാണ് ഈ വിധിയെഴുത്തിന് പിന്നിലെ കരുത്ത് എന്നും പറയേണ്ടി വരും. കോയമ്പത്തൂരും തിരുപ്പൂരും തൊഴിലാളി കേന്ദ്രങ്ങളാണ്. ചെറുകിട വ്യവസായ മേഖലയിൽ 10 ലക്ഷത്തോളം പേരാണ് കോയമ്പത്തൂരിൽ തൊഴിലെടുക്കുന്നത്. നാല് ലക്ഷത്തിലധികം പേരും അവരുടെ കുടുംബവും കോയമ്പത്തൂരിലെ വോട്ടർമാർ. തിരുപ്പൂരിലും സമാനമായ എണ്ണം ആളുകൾ തുണിവ്യവസായവുമായി ബന്ധപ്പെട്ട് തൊഴിലെടുത്ത് ജീവിക്കുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും നടുവൊടിച്ചിട്ടുണ്ട് ഈ ചെറുകിട വ്യവസായ മേഖലയെ. അണ്ണാ ഡി.എം.കെയുടെ കോട്ടയിൽ വിജയിക്കാൻ സി.പി.ഐയിലെ സുബ്ബരായനെ പ്രാപ്തനാക്കിയത് ഈ തൊഴിലാളി വോട്ടുകളാണ്. ഭൂരിപക്ഷം - 93,368. തീവ്ര ഹിന്ദു പ്രസ്ഥാനങ്ങൾക്കുൾപ്പെടെ സ്വാധീനമുള്ള കോയമ്പത്തൂരിൽ ബി.ജെ.പി. ജയം ഉറപ്പിച്ചതായിരുന്നു. പക്ഷേ പാർട്ടിക്കുള്ളിലെ തർക്കങ്ങൾ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. മുൻപ് രണ്ട് തവണ ലോക്സഭയിലേക്ക് ജയിച്ച പി.ആർ. നടരാജൻ ഇത്തവണയും ജയിച്ച കയറി. ഭൂരിപക്ഷം - 1,76918. മധുരയിൽ സ്ഥാനാർത്ഥി നിർണയമാണ് സി.പി.എമ്മിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചത്. സഖ്യത്തിൽ നിന്ന് ആകെ കിട്ടിയ രണ്ട് സീറ്റിൽ മത്സരിച്ച് ജയിക്കാൻ അധികാര മോഹികളുടെ തള്ളിക്കയറ്റം ഇല്ലായിരുന്നു. ജനത്തിന് അറിയാവുന്ന, ബഹുമാനിതനായ സാഹിത്യകാരൻ എസ്. വെങ്കിടേഷിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവാണ് വെങ്കിടേഷ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തിഹത്യയ്ക്കോ സൈബർ ആക്രമണങ്ങൾക്കോ അദ്ദേഹം ശ്രമിച്ചില്ല. ഏറെക്കാലം പഴക്കമുള്ള മധുരയിലെ സി.പി.എം. ഓഫീസിൽ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി ബാലയുടേയും എസ്.എഫ്.ഐയുടെ പഴയ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി സെൽവയുടേയും നേതൃത്വത്തിൽ യുവാക്കളും വിദ്യാർത്ഥികളുമെല്ലാം പ്രവർത്തനങ്ങൾക്ക് അണിചേർന്നു. ഇതെല്ലാം ചേർന്നപ്പോൾ അപ്രതീക്ഷിത വിജയത്തിലേക്ക് മധുരയിൽ സി.പി.എം. എത്തി. ഭൂരിപക്ഷം 1,39395. നാഗപട്ടണത്ത് 2014-ൽ ഒറ്റയ്ക്ക്മത്സരിച്ചപ്പോൾ പോലും ഒരു ലക്ഷത്തോളം വോട്ട് ഇടതുപാർട്ടികൾ നേടിയിട്ടുണ്ട്. ഇത്തവണ സി.പി.ഐ സ്ഥാനാർത്ഥി എം സെൽവരാജിന് അനായാസ ജയം പ്രവചിക്കപ്പെട്ടതാണ്. കർഷകരുടെ മണ്ണാണ് നാഗപട്ടണം. ഗജ ചുഴലിക്കാറ്റ് ആഞ്ഞ് വീശിയപ്പോൾ ആയിരങ്ങളുടെ കണ്ണീരാണ് ആ മണ്ണിൽ വീണത്. ആ കണ്ണീര് തുടയ്ക്കാൻ ജനപ്രതിനിധികളാരും എത്തിനോക്കിയിരുന്നില്ല. പളനിസ്വാമിക്കും മോദിക്കുമെല്ലാമെതിരായ വികാരം ആളിക്കത്തിക്കാൻ പോന്നതായിരുന്നു കർഷകന്റെ കണ്ണീർ. ആ കണ്ണീരിൽനിന്നാണ് നാഗപട്ടണത്തെ 2,09,349 വോട്ടിന്റെ ഭൂരിപക്ഷം. content highlights:Tamilnadu Stalin


from mathrubhumi.latestnews.rssfeed http://bit.ly/2Wfmjaj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages