ആലുവ: സിറോ മലബാർസഭയിലെ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ നിർമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രേഖ നിർമിച്ചതിനും ഇ-മെയിൽ ചെയ്തതിനും എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ(24) അറസ്റ്റുചെയ്തു. മൂന്നുദിവസമായി ആലുവാ ഡിവൈ.എസ്.പി.യുടെ കസ്റ്റഡിയിലായിരുന്ന ആദിത്യനെ ഞായറാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തി തൃക്കാക്കര കോടതിയിൽ ഹാജരാക്കിയത്. ജൂൺ രണ്ടുവരെ റിമാൻഡ് ചെയ്തശേഷം തൃക്കാക്കര ജയിലിലേക്ക് മാറ്റി. വ്യാജരേഖയുണ്ടാക്കിയതിന് ഐ.പി.സി. 468, 471 വകുപ്പുകൾ പ്രകാരമാണ് കേസ്. ഫാ. പോൾ തേലക്കാട്ടിന് രേഖകൾ ഇ-മെയിൽ ചെയ്തതായി ആദിത്യൻ സമ്മതിച്ചെന്ന് പോലീസ് പറയുന്നു. മജിസ്ട്രേട്ടിന് മുൻപിൽ വ്യാജരേഖയുണ്ടാക്കാൻ പ്രേരിപ്പിച്ച വൈദികരുടെ പേരുകൾ ഇയാൾ പറഞ്ഞതായാണ് സൂചന. കഴിഞ്ഞദിവസം ആദിത്യന്റെ പിതാവിന്റെ പേരിലുള്ള തേവര മട്ടമ്മലിലെ ഹാർഡ്വേർ സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നാണ് തെളിവുകൾ ലഭിക്കുന്നത്. അവിടെയുള്ള കംപ്യൂട്ടർ കസ്റ്റഡിയിലെടുത്തു. വ്യാജരേഖ നിർമിച്ചത് ഈ കംപ്യൂട്ടറിലാണെന്നാണ് പോലീസ് കരുതുന്നത്. ഫാ. തേലക്കാട്ടിന് അയച്ചുകൊടുത്തത് വ്യാജരേഖയല്ലെന്നും യഥാർഥമാണെന്നും ഒരുഘട്ടത്തിൽ ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. നേരത്തേ ജോലിചെയ്ത സ്ഥാപനത്തിൽനിന്നാണ് രേഖകൾ ലഭിച്ചതെന്നായിരുന്നു മൊഴി. ഇത് തെറ്റാണെന്ന് പോലീസ് പറഞ്ഞു. ചോദ്യംചെയ്യാനായി വിളിപ്പിച്ച മുരിങ്ങൂർ സാൻജോ നഗർ ഇടവക വികാരി ടോണി കല്ലൂക്കാരനെ അറസ്റ്റുചെയ്യാൻ കഴിഞ്ഞദിവസം പോലീസ് നീക്കംനടത്തിയിരുന്നു. എന്നാൽ, നൂറിലേറെ വിശ്വാസികൾ ആലുവായിൽ നിന്നെത്തിയ പോലീസ് സംഘത്തെ തടഞ്ഞു. ഗൂഢാലോചന അന്വേഷിക്കുന്നു കർദിനാളിനെ ലക്ഷ്യമിട്ട് സഭയിൽ ഗൂഢാലോചന നടന്നെന്ന് പോലീസ് സംശയിക്കുന്നു. വ്യാജരേഖ നിർമിച്ചതിന്റെ ഉദ്ദേശ്യം അന്വേഷിക്കുകയാണെന്ന് എ.എസ്.പി. എം.ജെ. സോജൻ പറഞ്ഞു. ആർക്കുവേണ്ടിയാണ് നിർമിച്ചത്, മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നീ വിവരങ്ങളിലാണ് അന്വേഷണം നടത്തുന്നത്. അദ്ദേഹത്തിന് സ്വന്തം ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും അതിലൂടെ ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നുമാണ് രേഖയിലുള്ളത്. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ഇ മെയിലുകൾ എന്നിവയാണ് ഇതിലുള്ളത്. കിട്ടിയ രേഖകൾ സത്യമാണോ എന്നറിയാത്തതിനാൽ ഫാ. പോൾ തേലക്കാട്ട് തന്റെ മേലധികാരിയായ മാർ ജേക്കബ് മനത്തോടത്തിനെ ഏൽപ്പിച്ചു. അദ്ദേഹം ആലഞ്ചേരിയെയും. ഇത് അദ്ദേഹം സിനഡിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. തനിക്ക് ഇങ്ങനെ അക്കൗണ്ടില്ലെന്ന് ആലഞ്ചേരി വ്യക്തമാക്കിയതിനാൽ ഉറവിടം കണ്ടെത്താൻ പോലീസിൽ പരാതി നൽകി. തുടർന്ന് ഫാ. തേലക്കാട്ടിനും മാർ മനത്തോടത്തിനുമെതിരേ കേസെടുത്തത് വിവാദമായി. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന ഇവരുടെ ഹർജി ഹൈക്കോടതിയിലുണ്ട്. ഉറവിടം കണ്ടെത്താനുള്ള അന്വേഷണമാണ് ആദിത്യന്റെ അറസ്റ്റിൽ എത്തിയിരിക്കുന്നത്. ഗൂഢാലോചനയുണ്ടോയെന്ന് മനസ്സിലായിട്ടില്ല -കർദിനാൾ കൊച്ചി: തനിക്കെതിരേ വ്യാജരേഖ ചമച്ചതിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൊച്ചിയിൽ പറഞ്ഞു. ഗൂഢാലോചനയെക്കുറിച്ച് വിലയിരുത്തേണ്ടത് പോലീസും കോടതിയുമാണ്. പോലീസ് അന്വേഷണം താൻ വിലയിരുത്തുന്നില്ല. അന്വേഷണം ശുഭകരമായി അവസാനിക്കുമെന്നാണ് കരുതെന്നതെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് ഭീഷണിക്കിടെ വികാരി പള്ളി ചടങ്ങുകളിൽനിന്ന് വിട്ടുനിന്നു കൊരട്ടി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസിൽ അറസ്റ്റ് ഭീഷണി നേരിടുന്ന സാൻജോ നഗർ പള്ളി വികാരി ഞായറാഴ്ച പള്ളിയിലെ ചടങ്ങുകളിൽനിന്ന് വിട്ടുനിന്നു. ആരോപണം നേരിടുന്ന ഫാ. ആന്റണി (ടോണി) കല്ലൂക്കാരനു പകരം മുൻ വികാരി ഫാ. മൈക്കിളാണ് കുർബാന അടക്കമുള്ള ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ആലുവ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിൽ പള്ളിയിലെത്തിയത് ഫാ. ആന്റണിയെ കസ്റ്റഡിയിലെടുക്കാനാണെന്ന് ധാരണ പരന്നിരുന്നു. ഇതറിഞ്ഞെത്തിയ വിശ്വാസികൾ പ്രതിരോധം തീർത്തതോടെ പോലീസ് സംഘം തിരിച്ചുപോയി. എന്നാൽ, പോലീസ് വീണ്ടുമെത്തുമെന്നു കരുതി വിശ്വാസികൾ പുലർച്ച വരെ പ്രതിരോധം തുടർന്നു. വൈദികരും കുട്ടികളും സ്ത്രീകളുമടക്കം ഒട്ടേറെ പേർ പ്രതിരോധത്തിൽ പങ്കെടുത്തിരുന്നു. ഞായറാഴ്ച കുർബാനക്കുശേഷം പ്രത്യേക പാരിഷ് കൗൺസിലും വൈകീട്ട് വിശ്വാസികളുടെ നേതൃത്വത്തിൽ കൂട്ടപ്രാർഥനയും നടന്നു. മുൻകൂർ ജാമ്യത്തിന് ശ്രമം അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കം ഫാ. ആന്റണിയെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ സജീവമാണ്. ഹൈക്കോടതി അവധി കൂടി കണക്കിലെടുത്ത് ജാമ്യത്തിനുള്ള നിയമസാധ്യതകളും പരിശോധിക്കുന്നുണ്ടെന്നാണ് സൂചന. വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലുള്ള ആദിത്യന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫാ. ആന്റണി കല്ലൂക്കാരനെ കേസിൽ പെടുത്തുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇദ്ദേഹത്തെ വെള്ളി, ശനി ദിവസങ്ങളിൽ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് ശനിയാഴ്ച രാത്രി പോലീസ് സംഘം പള്ളിയിലെത്തിയത്. content highlights:Large scale conspiracy to trap Cardinal Alencherry
from mathrubhumi.latestnews.rssfeed http://bit.ly/2HpX24F
via
IFTTT
No comments:
Post a Comment