തെലങ്കാനയിലെ നിസാമാബാദ് ലോക്സഭാ മണ്ഡലത്തിൽനിന്ന് ജനവിധി തേടിയ ടി ആർ എസ് അധ്യക്ഷൻ കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിതയെ യഥാർഥത്തിൽ പരാജയപ്പെടുത്തിയത് ആരാണ്?ചൂണ്ടുവിരൽ ഉയരുന്നത് ടി ആർ എസിന്റെ രാജ്യസഭാ അംഗം ധർമപുരി ശ്രീനിവാസ് എന്ന ഡി ശ്രീനിവാസിനെതിരെയാണ്. ഇതിന് കാരണവുമുണ്ട്. ബി ജെ പിയുടെ ഡി അരവിന്ദാണ് നിസാമാബാദിൽ കവിതയെ പരാജയപ്പെടുത്തിയത്. ഡി ശ്രീനിവാസന്റെ മകനാണ് അരവിന്ദ്. ശ്രീനിവാസനും മകൻ സഞ്ജയും ടി ആർ എസിനൊപ്പം ചേർന്നപ്പോൾ മറ്റൊരു മകനായ അരവിന്ദ് ബി ജെ പിയിൽ ചേരുകയായിരുന്നു. നിസാമാബാദിലെ പ്രമുഖനേതാക്കളിൽ പ്രധാനിയാണ് ശ്രീനിവാസ്. 2015ൽ ടി ആർ എസിൽ എത്തുന്നതിനു മുമ്പ് കോൺഗ്രസിലായിരുന്നു ഇദ്ദേഹം. സംസ്ഥാനം കോൺഗ്രസ് ഭരണത്തിലായിരിക്കെ ആന്ധ്രാ പ്രദേശ് പി സി സി അധ്യക്ഷ പദവിയും ശ്രീനിവാസ് വഹിച്ചിട്ടുണ്ട്. അരവിന്ദിന്റെ പ്രചാരണത്തിൽ ശ്രീനിവാസ് രഹസ്യപങ്കു വഹിച്ചിട്ടുണ്ടെന്നാണ് കവിതയുടെ അനുയായികൾ ആരോപിക്കുന്നത്. ശ്രീനിവാസന്റെ കുടുംബവും കവിതയും തമ്മിലുള്ള ബന്ധം എപ്പോഴും കല്ലുകടി നിറഞ്ഞതായിരുന്നു. പലപ്പോഴും ശ്രീനിവാസനെതിരെ പരസ്യമായി കവിത രംഗത്തെത്തിയിട്ടുണ്ട്. ശ്രീനിവാസ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് കുറച്ചുമാസങ്ങൾക്കു മുമ്പ് കവിത ആരോപിച്ചിരുന്നു. ശ്രീനിവാസിനെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാനും അന്ന് കവിത ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ ചന്ദ്രശേഖർ റാവു നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്. അതിനിടയ്ക്ക് കോൺഗ്രസിലേക്ക് ഉടനേ തന്നെ തിരിച്ചുപോകുമെന്ന് ശ്രീനിവാസ് പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീനിവാസ് കോൺഗ്രസിലേക്ക് പോയില്ലെങ്കിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന പലരും പാർട്ടിയിലേക്ക് തിരികെ പോയി. അരവിന്ദിനു വേണ്ടി പ്രവർത്തിക്കാൻ നിസാമാബാദിലെ കോൺഗ്രസ് പ്രവർത്തകരിൽ ശ്രീനിവാസ് സ്വാധീനം ചെലുത്തിയെന്നാണ് കവിതയുടെ അനുയായികൾ വിശ്വസിക്കുന്നത്. നിസാമാബാദിലെ കോൺഗ്രസ് സ്ഥാനാർഥി മധുയക്ഷിയുടെ പ്രചാരണം ഏറെക്കുറേ നിശ്ശബ്ദമായിരുന്നെന്നും അവർ ആരോപിക്കുന്നു. അതേസമയം ബി ജെ പിയും കോൺഗ്രസും ചേർന്നാണ് കവിതയെ പരാജയപ്പെടുത്തിയതെന്നാണ് ടി ആർ എസ് പറയുന്നത്. നിസാമാബാദിൽ കവിതയുടെ പരാജയത്തിനു പിന്നിൽ മഞ്ഞൾ കർഷകരുടെ പ്രതിഷേധവുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മഞ്ഞൾ കർഷകമേഖലാണ് നിസാമാബാദ്. വിളനാശവും വിലയില്ലായ്മയും കൊണ്ട് പൊറുതിമുട്ടുകയാണ് ഇവിടുത്തെ കർഷകർ. ന്യായവില ഉറപ്പുവരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി മഞ്ഞൾ ബോർഡ് രൂപവത്കരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടെങ്കിലും കെ സി ആറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ അതിന് തയ്യാറായില്ല. തുടർന്ന് തങ്ങളുടെ പ്രശ്നങ്ങൾ രാജ്യത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കർഷകർ തീരുമാനിച്ചു. അതിനായി കെ സി ആറിന്റെ മകൾ മത്സരിച്ച നിസാമാബാദ് തിരഞ്ഞെടുത്തു. 176 കർഷകരാണ് നിസാമാബാദിൽ മത്സരത്തിനിറങ്ങിയത്. കെ സി ആറും പാർട്ടിയും കർഷകപ്രതിഷേധത്തിന്റെ ചൂടറിഞ്ഞത് വോട്ട് എണ്ണിയപ്പോഴാണ്. 409709 വോട്ടുകളാണ് കവിതയ്ക്ക് കിട്ടിയത്. ബി ജെ പി സ്ഥാനാർഥി അരവിന്ദ് ധർമപുരിക്ക് 480584 വോട്ടുകൾ കിട്ടി. അരവിന്ദിന്റെ ഭൂരിപക്ഷം 70875വോട്ട്. കർഷകസ്ഥാനാർഥികളെല്ലാം കൂടി നേടിയത് 98,000 വോട്ടുകളും.മഞ്ഞൾ കർഷകർ നേടിയ വോട്ടുകളും കവിതയുടെ പരാജയത്തിൽ നിർണായകമായെന്ന് ഇതിൽനിന്ന് വ്യക്തമാകും. കടപ്പാട്:http://bit.ly/JUEAQD content highlights:k chandrasekhar raos daughter k kavitha defeated in nizamabad
from mathrubhumi.latestnews.rssfeed http://bit.ly/2Was9KV
via
IFTTT
No comments:
Post a Comment