മോദി പൂര്‍വ്വാധികം ശക്തനാവുമ്പോള്‍ ജെ പിയുടെ ഓര്‍മ്മകള്‍ കോണ്‍ഗ്രസ്സിന് പുതുജീവന്‍ പകരുമോ ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

മോദി പൂര്‍വ്വാധികം ശക്തനാവുമ്പോള്‍ ജെ പിയുടെ ഓര്‍മ്മകള്‍ കോണ്‍ഗ്രസ്സിന് പുതുജീവന്‍ പകരുമോ ?

ജയപ്രകാശ് നാരായൺ എന്ന ജെ പി മരിച്ചപ്പോൾ വേദനിച്ചതുപോലെ മറ്റൊരു രാഷ്ട്രീയ നേതാവിന്റെ വിയോഗത്തിലും വേദനിച്ചിട്ടില്ല. നെഹ്രുവിനു ശേഷം ജനിച്ചു വളർന്ന ഒരു തലമുറയ്ക്ക് ജെ പിയായിരുന്നു നേതാവ്. 1979 ഒക്ടോബറിൽ ഒരു ദിവസം ജെ പിയുടെ മരണവാർത്ത കേട്ടപ്പോൾ സ്കൂളിൽ പോവാതെ വീട്ടിൽ തളർന്നിരുന്ന ഒട്ടേറെ കുട്ടികൾ ഇന്ത്യയിലുണ്ടായിരുന്നിരിക്കണം. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തിന്റെ ജ്വലിക്കുന്ന മുഖമായിരുന്നു ജെ പി. ജോർജ് ഫെർണാണ്ടസും ചന്ദ്രശേഖറും മധുലിമായെയും ദന്താവതെയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ജെ പി തന്നെയായിരുന്നു ആ പോരാട്ടത്തിന്റെ നായകൻ. ജെ പി കൂടെ നിർത്തിയതുകൊണ്ടാണ് അന്ന് അടൽബിഹാരി വാജ്പേയിയോടും ലാൽകൃഷ്ണ അദ്വാനിയോടും ഇഷ്ടമുണ്ടായത്. ആർ എസ് എസ്സിനും ജനസംഘിനും ജെ പി അന്ന് നൽകിയത് പോലൊരു ഉണർവ്വ് വേറെയാരും നൽകിയിട്ടുണ്ടാവില്ല. ഗാന്ധിയെയും മാർക്സിനെയും സമന്വയിപ്പിച്ചുകൊണ്ട് ജെ പി ഉയർത്തിയ സമ്പൂർണ്ണ വിപ്ലവം ഇന്ത്യൻ ജനതയുടെ ഭാവന പിടിച്ചെടുത്തത് വളരെ വേഗത്തിലാണ്. ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള സമരമായിരുന്നു ജെ പിയുടെ ജീവിതം. ഗാന്ധി വധത്തെ തുടർന്ന് ഒറ്റപ്പെട്ടുപോയ ആർ എസ് എസ്സിന് പുതുജീവൻ നൽകി എന്നൊരു കുറ്റമൊഴിച്ചാൽ ജെ പിക്കെതിരെ ഉയർത്താൻ കാര്യമായ വിമർശനങ്ങളൊന്നുമില്ലെന്ന് പറഞ്ഞത് മധു ദന്താവതെയാണെന്നാണ് ഓർമ്മ. ആർ എസ് എസ്സുമായി കൂട്ടുചേരാനാവില്ലെന്ന് പറഞ്ഞ് പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതും മറക്കാനാവില്ല. ഇന്നിപ്പോൾ ജെ പിയെ ഓർമ്മയിലേക്ക് കൊണ്ടുവരുന്നത് കോൺഗ്രസ് നേരിടുന്ന കടുത്ത പ്രതിസന്ധിയാണ്. ജെ പി കൈ പിടിച്ചുയർത്തിയ ജനസംഘിന്റെ പുതുരൂപമായ ബിജെപിയാണ് കോൺഗ്രസ്സിനെ ഈ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരിക്കുന്നതെന്നത് ആലോചനാമൃതമാണ്. നെഹ്രുവുമായി ജെ പിക്കുണ്ടായിരുന്നത് പരിധികളില്ലാത്ത സൗഹൃദമായിരുന്നു. ഏറെ വാത്സല്യത്തോടെയാണ് നെഹ്രു ജെപിയെ കണ്ടിരുന്നത്. കോൺഗ്രസ്സിനുള്ളിലെ സോഷ്യലിസ്റ്റ് ഗ്രൂപ്പിന്റെ ഈ രണ്ടു നേതാക്കൾ ഒന്നിക്കുകയെന്നത് സ്വാഭാവികവുമായിരുന്നു. പക്ഷേ, നെഹ്രുവിന്റെ മകൾ ഇന്ദിരയ്ക്കും ജെ പിക്കുമിടയിൽ വിയോജിപ്പിന്റെ പാലങ്ങളായിരുന്നു കൂടുതൽ. അരക്ഷിതാവസ്തയുടെ ഒരു നിഴൽ ഇന്ദിരയ്ക്ക് മേൽ എക്കാലവും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ അമ്മയുടെ മരണം, പിതാവിന്റെ അസാന്നിദ്ധ്യങ്ങൾ ഇവയൊക്കെ ഇന്ദിരയുടെ അരക്ഷിതത്വത്തിന്റെ ഉറവിടങ്ങളായിരിക്കാം. ഒരു കളിപ്പാവയെപ്പോലെ തന്നെ കൈകാര്യം ചെയ്യാനുള്ള കാമരാജ് അടക്കമുള്ള സിൻഡിക്കേറ്റിന്റെ ഗൂഢ തന്ത്രങ്ങൾ ഇന്ദിരയുടെ അരക്ഷിതാവസ്ഥ വർദ്ധിപ്പിച്ചു. സഞ്ജയ്ഗാന്ധി എന്ന പുത്രൻ മാത്രമാണ് തനിക്ക് ആശ്രയിക്കാവുന്ന ഒരേയൊരാൾ എന്ന നിലയിലേക്ക് ഇന്ദിരയെ എത്തിച്ചതും ഇതേ അരക്ഷിതാവസ്ഥയാവാം. അടിയന്തരവാസ്ഥയിലേക്ക് ഇന്ദിരയും കോൺഗ്രസ്സും എത്തുന്നതിനു മുമ്പ് ജെപി പല കുറി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ കാലത്ത് ജെ പി ഇന്ദിരയ്െക്കഴുതിയ കത്തുകളിൽ നെഹ്രുവിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ജെപിക്ക് നെഹ്രുവിനോടും ഭാര്യ പ്രഭാവതിക്ക് ഇന്ദിരയുടെ അമ്മ കമലയോടുമുണ്ടായിരുന്ന സ്നേഹാദരവുകൾ ആർദ്രമാക്കിയ കത്തുകൾ. ബിഹാറിനെപ്പിടിച്ചു കുലുക്കിയ വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്താനുള്ള കോൺഗ്രസ് സർക്കാരിന്റെ നീക്കം ശരിയല്ലെന്ന് ജെ പി ഇന്ദിരയോട് പറഞ്ഞിരുന്നു. ആർ എസ് എസ്സിനേയും ജനസംഘിനേയും അടിയന്തരവാസ്ഥയ്ക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേർക്കാനുള്ള ജെ പിയുടെ ശ്രമം ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ജനാധിപത്യത്തനായുള്ള പ്രക്ഷോഭത്തിൽ ആർ എസ് എസ്സിനെയും ജനസംഘിനെയും ഒഴിച്ചുനിർത്താനാവില്ലെന്ന നിലപാടാണ് ജെ പി എടുത്തത്. ആർ എസ് എസ്സിന്റെ കേഡർ അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള സമരത്തിൽ അനിവാര്യമാണെന്ന കണക്കുകൂട്ടലായിരുന്നു അതിന് പിന്നിൽ. പക്ഷേ, അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഇന്ത്യയിൽ ആർ എസ് എസ്സിന്റെ നിയന്ത്രണത്തിലുള്ള ജനസംഘിനെയല്ല ജെ പി ആഗ്രഹിച്ചിരുന്നതെന്നത് വ്യക്തമായിരുന്നു. അടിയന്തരവാസ്ഥക്കാലത്ത് ചണ്ഡീഗഡിലെ ജയിലിലാണ് ജെപിയെ പാർപ്പിച്ചിരുന്നത്. അന്ന് ചണ്ഡീഗഡിൽ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുണ്ടായിരുന്നത് ഐ എ എസ് ഓഫീസർ എം ജി ദേവസഹായം എന്ന തമിഴനായിരുന്നു. ജെപിയോട് അങ്ങേയറ്റം ആദരവുണ്ടായിരുന്ന ദേവസഹായം ജെയിലിൽ ജെപിക്ക് ചെയ്യാവുന്ന സഹായങ്ങളൊക്കെ ചെയ്തുകൊടുത്തു. ജയിൽമോചിതനായി പുറത്തേക്ക് പോകുമ്പോൾ ജെ പി പറഞ്ഞ വാക്കുകൾ ഇപ്പോഴും ദേവസഹായത്തിന്റെ കാതുകളിലുണ്ട്. ആ സ്ത്രീയെ ഞാൻ പരാജയപ്പെടുത്തും. ജനാധിപത്യവും ദേശവും വീണ്ടെടുക്കും. ജെ പി പറഞ്ഞതുപോലെ ചെയ്തു. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിര പരാജയപ്പെട്ടു. കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായി. രാഷ്ട്രം വീണ്ടും ജനാധിപത്യത്തിലേക്ക് തിരിച്ചു വന്നു. പക്ഷേ, ആർ എസ് എസ്സ് ജെ പിയെ നിരാശപ്പെടുത്തിയെന്ന് ദേവസഹായം ചൂണ്ടിക്കാട്ടുന്നു. ആർ എസ് എസ്സിൽ നിന്നും ജനസംഘ് പുറത്തുവരണമെന്നത് ജെപിയുടെ ആഗ്രഹവും അഭിലാഷവുമായിരുന്നു. ഉറ്റ അനുയായി ചന്ദ്രശേഖറിലൂടെ ഈ ആവശ്യം നിറവേറ്റാൻ ജെപി ശ്രമിച്ചെങ്കിലും സംഗതി നടന്നില്ല. ആർ എസ് എസ്സുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജനസംഘ് തയ്യാറായില്ല. പകരം ബി ജെ പി എന്ന പുതിയ പാർട്ടി 1980 ൽ പിറവിയെടുത്തു. ഈ കാഴ്ച കാണുംമുമ്പേ ജെപി ഈ ലോകം വിട്ടുപോയിരുന്നു. ഇന്നിപ്പോൾ കോൺഗ്രസ്സിനെ തകർത്ത് ബിജെപി ഇന്ത്യയെ കൈപ്പിടിയിലൊതുക്കുമ്പോൾ ജെപിയുടെ ആത്മാവിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്വാനി ആലോചിക്കുന്നുണ്ടാവുമോയെന്നറിയില്ല. നെഹ്രു ജെപിയെ തന്റെ മന്ത്രിസഭയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ, ജെപി ആ ഓഫർ നിരസിച്ചു. അന്ന് ജെപി നെഹ്രു മന്ത്രിസഭയിൽ ചേർന്നിരുന്നെങ്കിൽ നെഹ്രുവിന് ശേഷം ശാസ്ത്രിക്ക് പകരം ജെപിയാവുമായിരുന്നു പ്രധാനമന്ത്രിയെന്ന് നിരീക്ഷണമുണ്ട്. അങ്ങിനെ സംഭവിച്ചിരുന്നെങ്കിൽ നെഹ്രുവിന്റെ കുടുംബം ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന പരിപാടി അതോടെ തീരുമായിരുന്നുവെന്നും പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചരിത്രത്തിൽ എങ്കിലുകളില്ല. അതുകൊണ്ടുതന്നെ ജെപി ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നെങ്കിൽ എന്താകുമായിരുന്നു ഇന്ത്യയുടെ അവസ്ഥ എന്ന് ചിന്തിക്കുന്നതുകൊണ്ട് പ്രത്യേകിച്ചൊരു നേട്ടവുമുണ്ടാവില്ല. ഇന്ദിരയിൽ നിന്ന് രാഹുലിലെത്തുമ്പോഴേക്കും ജനാധിപത്യത്തിന്റെ വഴികൾ കൂടുതൽ പ്രകാശഭരിതമാവുന്നുണ്ടെന്നതാണ് വാസ്തവം. തെറ്റുകളിൽ പശ്ചാത്തപിക്കുന്ന , തെറ്റുകൾ തിരുത്തണമെന്ന് നിർബ്ബന്ധമുള്ള, പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്ന രാഹുൽഗാന്ധി പുതിയൊരു കോൺഗ്രസ്സിനെയാണ് പ്രതിനിധീകരിക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ വർത്തമാനം പ്രസന്നവും ശോഭനവുമാക്കുന്നതിൽ ഈ ചെറുപ്പക്കാരനുള്ള പങ്ക് കാണാതിരിക്കാനാവില്ല. പ്രതിസന്ധിയുടെ കൊടും വെയിലത്താണ് ഇപ്പോൾ രാഹുലും കോൺഗ്രസും നിൽക്കുന്നത്. ജെപി ഏറ്റുമുട്ടുമ്പോൾ ഇന്ദിരയെപ്പോലെ പ്രബലയായ മറ്റൊരു നേതാവ് ഇന്ത്യയിലുണ്ടായിരുന്നില്ല. ഇന്ദിരയാണ് ഇന്ത്യയയെന്ന് ബറുവ പറഞ്ഞത് വെറുതെയുമായിരുന്നില്ല. വാജ്പേയി ദുർഗ്ഗയെന്ന് വിളിച്ച , പാക്കിസ്താനെ രണ്ടാക്കിയ ഇന്ദിരയെയാണ് ജെപി പരാജയപ്പെടുത്തിയത്. അജയ്യരായി ആരുമില്ലെന്നാണ് അന്ന് ജെ പി തെളിയിച്ചത്. ജനതാപാർട്ടിയെന്ന പരീക്ഷണം പരാജയപ്പെട്ടുപോയങ്കിലും അധികാര കേന്ദ്രികരണത്തിനും ഏകാധിപത്യത്തിനുമെതിരെയുള്ള സമരമുഖത്തിൽ അതുത്പാദിപ്പിച്ച ഊർജ്ജം ചെറുതായാരുന്നില്ല. സമാനമായൊരു ശക്തികേന്ദ്രവുമായി മുഖാമുഖം നിൽക്കുമ്പോൾ ജെ പി നടന്ന വഴികൾ ഒന്നറിയാൻ ശ്രമിക്കുന്നത് രാഹുലിന് ഗുണകരമായിരിക്കും. സ്വന്തം മുത്തശ്ശിയെ വീഴ്ത്തിയ ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്നായിരിക്കാം രാഹുലിന് ഭാവി പോരാട്ടങ്ങൾക്കുള്ള ഇന്ധനം കിട്ടുന്നത്. ചരിത്രത്തിന്റെ വഴികൾ രസകരമാണ്. ജീവിതം പോലെ തന്നെ ചരിത്രവും ചില വിസ്മയങ്ങൾ സദാ നമുക്കായി കാത്തുവെയ്ക്കുന്നുണ്ട്. ജെപിക്കും രാഹുലിനുമിയിൽ കാലവും ചരിത്രവും തീർക്കുന്ന പാലങ്ങളാവാം ചിലപ്പോൾ കോൺഗ്രസ്സിന്റെ ഭാവിയിൽ നിർണ്ണായകമാവുക. Content Highlights: Jayprakash Narayan


from mathrubhumi.latestnews.rssfeed http://bit.ly/2HI1bkD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages