വടകര: ഇടതുകോട്ടയായ കൂത്തുപറമ്പിൽ പോലും പരാജയമേറ്റുവാങ്ങി പി.ജയരാജൻ വടകരയിൽ നിന്നും പിൻവാങ്ങിയ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് മറ്റാരേക്കാളും ആർ.എം.പിക്കായിരുന്നു ഏറെ നിർണായകം. കാരണം, ഈ വിധിയെഴുത്തല്ല ഉണ്ടായിരുന്നതെങ്കിൽ അത് ആർ.എം.പിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു പോവുമായിരുന്നു. ഏകദേശം 50,000 വോട്ടെങ്കിലും തങ്ങളുടേതായി മണ്ഡലത്തിലുണ്ടെന്നായിരുന്നു ആർ.എം.പിയുടെ അവകാശ വാദം. അത് വലിയ പോറലേൽക്കാതെ ഇത്തവണ മുരളിക്ക് ലഭിച്ചുവെന്നാണ് ആർ.എം.പി വിലയിരുത്തുന്നത്. യു.ഡി.എഫ് കൊലപാതക രാഷ്ട്രീയം പ്രധാന ചർച്ചയാക്കിയപ്പോൾ ആർ.എം.പിയുടെ സ്വന്തം നിലയിലുള്ള പ്രചാരണം അതിന് ആക്കംകൂട്ടി. ന്യൂനപക്ഷങ്ങൾ ഏറെയുള്ള മണ്ഡലത്തിൽ വോട്ടുകൾ പൂർണമായും ജയരാജന് എതിരാവുകയായിരുന്നു. അങ്ങനെ കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര മേഖലയിലെല്ലാം മുരളീധരന് ലീഡ്വർധിപ്പിക്കാനായി. ആർ.എം.പി സ്വാധീനം യു.ഡി.എഫിന് ഏറെ ഗുണം ചെയ്തുവെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് വടകര നിയമസഭാ മണ്ഡലത്തിൽകെ.മുരളീധരന് കിട്ടിയ ഭൂരിപക്ഷം. ഇവിടെ നിന്ന് മാത്രം 22936 വോട്ടിന്റെ ഭൂരിപക്ഷമാണ് മുരളീധരന് ലഭിച്ചത്. ഏഴ് നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന വടകരയിൽ മുരളിക്ക് ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും ഇവിടെ നിന്ന് തന്നെ. ആർ.എം.പി കെ. മുരളീധരന് നിരുപാധികം പിന്തുണ നൽകിയായിരുന്നു ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. എൽ.ജെ.ഡി എൽ.ഡി.എഫിനൊപ്പം ചേർന്നതോടെ ഏവരും ഉറ്റുനോക്കിയിരുന്നത് വടകര നിയമസഭാ മണ്ഡലത്തിലെ ആർ.എം.പിയുടെ സ്വാധീനം തന്നെയായിരുന്നു. പക്ഷെ ആർ.എം.പി കോൺഗ്രസിനോട് അടുത്തതോടെ അവരുടെ പ്രസക്തി പോയെന്നും അണികൾ സി.പി.എമ്മിലേക്ക് തിരിച്ചുപോരുന്നുവെന്നുമായിരുന്നു സി.പി.എം പ്രചാരണം. എന്നാൽ ഈ ആരോപണത്തെ അസ്ഥാനത്താക്കിയാണ് കൃത്യമായ സംഘടനാ പ്രവർത്തനത്തിലൂടെ തങ്ങളുടെ വോട്ട് ആർ.എം.പി ഉറപ്പിച്ചത്. വിധിയെഴുത്ത് മറിച്ചായിരുന്നുവെങ്കിൽ തങ്ങൾക്കാർക്കും ഈ ഭാഗത്തേക്ക് വരേണ്ടിവരുമായിരുന്നില്ല എന്നാണ് വിധിക്ക് ശേഷം ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ.വേണു പറഞ്ഞത്. കാരണം അത്രമേൽ വെല്ലുവിളിയായിരുന്നു ഒഞ്ചിയത്തും വടകരയിലുമെല്ലാം ആർ.എം.പിക്ക് നേരിടേണ്ടിവന്നത്. എന്നാൽ വടകര നിയമസഭാ മണ്ഡലത്തിൽ മുരളീധരൻഏറ്റവും വലിയ ലീഡ് നേടിയപ്പോൾ അതിൽ ആർ.എം.പിയുടെ പങ്ക് വ്യക്തമാകുകയായിരുന്നു. പി. ജയരാജനെ സ്ഥാനാർഥിയാക്കാൻ സി.പി.എമ്മിൽ ധാരണയായതോടെ എന്തുവിലകൊടുത്തും അദ്ദേഹത്തെ പരാജയപ്പെടുത്താനുള്ള ശ്രമംആർ.എം.പി. ക്യാമ്പുകളിൽ ആരംഭിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർ.എം.പി. വടകര മണ്ഡലത്തിൽനിന്നു നേടിയത് 17,229 വോട്ടാണ്. 2009-ൽ ടി.പി. ചന്ദ്രശേഖരന് 21,833 വോട്ട് ലഭിച്ചു. എന്നാൽ 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽനിന്നുമാത്രം 20,504 വോട്ട് കെ.കെ. രമ നേടി. വടകര പാർലമെന്റ് മണ്ഡലത്തിന്റെ വിജയപരാജയങ്ങളെ നിർണയിക്കാൻ കഴിയുന്ന വോട്ടുവിഹിതം തങ്ങളുടെ കൈവശമുണ്ടെന്ന ആത്മവിശ്വാസം പാർട്ടിക്കുണ്ടായിരുന്നു. ഇതിന്റെ കരുത്തിലാണ് ആർ.എം.പി. അടവുനയത്തിന് ഒരുങ്ങിയതും. തലശ്ശേരി മണ്ഡലത്തിൽ 11469 വോട്ടിന്റെ ലീഡ് ജയരാജൻ നേടിയതൊഴിച്ചാൽ മറ്റെല്ലാമണ്ഡലത്തിലും മുരളീധരൻ നടത്തിയ തേരോട്ടം അക്ഷരാർഥത്തിൽ പാർട്ടി സംഘടനാ സംവിധാനത്തെ തന്നെയാണ് ചോദ്യം ചെയ്യുന്നത്. പാർട്ടി കോട്ടയായ കൂത്തുപറമ്പിൽ 4133 വോട്ടിന്റെ ലീഡാണ് മുരളി നേടിയത്. പ്രധാന ന്യൂനപക്ഷ മേഖലയായ കുറ്റ്യാടിയിൽ 17892 വോട്ടിന്റെ ലീഡും നാദാപുരത്ത് 17596 വോട്ടിന്റെ ലീഡും ലഭിച്ചു. പാർട്ടിക്ക് ഏറെ സ്വാധീനമുള്ള കൊയിലാണ്ടിയിൽ 21045 വോട്ടിന്റെ ലീഡും പേരാമ്പ്രയിൽ 13204 വോട്ടിന്റെ ലീഡും മുരളീധരൻ നേടിയിട്ടുണ്ട്. Content Highlights:Election result Also Decisive For RMP
from mathrubhumi.latestnews.rssfeed http://bit.ly/2YMPUFk
via
IFTTT
No comments:
Post a Comment