ഇന്‍ഡോര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതിന്റെ ഭാഗഥേയം ഏറ്റെടുത്തിരിക്കുന്ന പ്രിയങ്കാഗാന്ധി ഇന്‍ഡോറിലെ ആദ്യ രാഷ്ട്രീയ കാര്യ സന്ദര്‍ശനത്തില്‍ മോഡി ആരാധകരെ കയ്യിലെടുത്തു. വഴിയരികില്‍ മോഡിക്ക് ജയ് വിളിച്ച ബിജെപി പ്രവര്‍ത്തകരോട് കാര്‍ നിര്‍ത്തി ഇറങ്ങി വന്ന് കൈ കൊടുക്കുകയും പുഞ്ചിരിക്കുകയും കുശലം പറയുകയും ചെയ്തു.
തിങ്കളാഴ്ച വൈകിട്ട് നടന്ന സംഭവത്തില്‍ വിമാനത്താവളത്തില്‍ നിന്നും കാറില്‍ ഇന്‍ഡോറിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു കൂട്ടാം ആള്‍ക്കാര്‍ 'മോഡി' എന്ന് വിളിച്ചപ്പോള്‍ തന്റെ എസ്‌യുവി നിര്‍ത്തി ഇറങ്ങി ഒരു ചെറുപുഞ്ചിരിയുമായി ആള്‍ക്കൂട്ടത്തിനടുത്തേക്ക് വന്ന് എല്ലാവര്‍ക്കും കൈകൊടുത്തു. അതിന് ശേഷം 'നിങ്ങള്‍ക്ക് നിങ്ങളുടെ ഇടം. എനിയ്ക്ക് എന്റേതും' എന്നു പറഞ്ഞു കൊണ്ട് എല്ലാവര്‍ക്കും ആശംസ നേര്‍ന്നു കൊണ്ട് കാറിലേക്ക് തിരിച്ചു കയറുകയും യാത്ര തുടരുകയും ചെയ്തു.
ഇന്‍ഡോറില്‍ ആദ്യമായി നടത്തിയ സന്ദര്‍ശനം തന്നെ മികച്ചതാക്കാന്‍ പ്രിയങ്കയ്ക്ക് കഴിഞ്ഞെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. കാറിലേക്ക് തിരിച്ചുകയറും മുമ്പ് എല്ലാവര്‍ക്കും നേരെ ഒരു നറുപുഞ്ചിരി സമ്മാനിക്കാനും പ്രിയങ്ക മറന്നില്ല. തിരിച്ചു പോകുമ്പോള്‍ മോഡിക്ക് വേണ്ടി ജയ് വിളിച്ച സംഘത്തില്‍ ചിലര്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിക്കും ആശംസ പറയാന്‍ മടിച്ചില്ല. രാജ്‌മോഹല്ലായില്‍ നിന്നും പ്രിയങ്ക റോഡ്‌ഷോ നടത്തുകയും ചെയ്തു. ജവഹര്‍ മാര്‍ഗ് വരെയുള്ള നാലു കിലോമീറ്റര്‍ പ്രത്യേകമായി ക്രമീകരിച്ച വാഹനത്തിന് മുകളില്‍ നിന്നും പാതയ്ക്ക് ഇരുവശത്തുമുള്ളവര്‍ക്ക് നേരെ കൈവീശുകയും ചെയ്തു.
അതേസമയം ഇന്‍ഡോര്‍ ബിജെപിയുടെ കുത്തക സീറ്റാണ്. അതാണ് കോണ്‍ഗ്രസ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്. 1989 മുതല്‍ തുടര്‍ച്ചയായി എട്ടു തവണ ഇവിടെ നിന്നും ജയിച്ചു കയറിയിട്ടുള്ള സുമിത്രാ മഹാജനെ വീഴ്ത്തുകയാണ് ഇവിടെ പ്രിയങ്കയുടെ ജോലി. എന്നിരുന്നാലും 2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത് കോണ്‍ഗ്രസിന് പ്രതീക്ഷയാകുന്നുണ്ട്.
ചുവപ്പ് സാരിയും സിന്ദൂരത്തിലകവുമായി നിറഞ്ഞുനിന്ന പ്രിയങ്ക അലയടിക്കുന്ന ജനക്കൂട്ടത്തിനിടയില്‍ വാഹനം ഇടയ്ക്കിടയ്ക്ക് നിര്‍ത്തി സമ്മാനങ്ങളും സ്വീകരിച്ചു. പൂക്കളും ഛായാചിത്രങ്ങളുമെല്ലാം ആള്‍ക്കാര്‍ നല്‍കി. കമല്‍നാഥ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. ന്യായ് പദ്ധതി ആലേഖനം ചെയ്ത ടീ ഷര്‍ട്ടിട്ട യുവാക്കള്‍ 'ചൗക്കീദാര്‍ ചോര്‍ ഹെ' എന്ന് മുദ്രാവാക്യം വിളിയോടെ യാണ് പ്രിയങ്കയെ സ്വീകരിച്ചത്. രാജ്‌വാഡയിലാണ് റോഡ്‌ഷോ അവസാനിച്ചത്്.
from mangalam.com http://bit.ly/30iVssT
via IFTTT
No comments:
Post a Comment