ആദ്യമേ പറയട്ടെ , ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞതുപോലെ എക്സിറ്റ്പോളുകളല്ല അന്തിമ വാക്ക്. 1999 മുതലുള്ള ഭൂരിഭാഗം എക്സിറ്റ്പോളുകളും തെറ്റായിരുന്നുവെന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽചൂണ്ടിയാണ് ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്. പക്ഷേ, 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോളുകൾ മിക്കവാറും ശരിയായിരുന്നു. അതുകൊണ്ടുതന്നെ ബിജെപിയുടെ സന്തോഷം അടിസ്ഥാനരഹിതമാണെന്ന് പറയേണ്ട കാര്യമില്ല. കടുത്ത സംഘം പ്രവർത്തകനായിരുന്നെങ്കിലും ഉപരാഷ്ട്രപതി സ്ഥാനത്തിരുന്നുകൊണ്ട് എക്സിറ്റ്പോളുകളെ പിന്താങ്ങേണ്ടതില്ല എന്ന് വെങ്കയ്യാജി തീരുമാനിച്ചതാവാനും വഴിയുണ്ട്. എന്തൊക്കെയായാലും ഈ നിമിഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പാനപാത്രങ്ങൾ നിറഞ്ഞുകവിഞ്ഞൊഴുകുകയാണ്. ത്രി ചിയേഴ്സ് ടു ഇന്ത്യൻ ജനാധിപത്യം. ബിജെപിക്കുള്ളത് ബിജെപിക്കും കോൺഗ്രസ്സിനുള്ളത് കോൺഗ്രസ്സിനും തരാതരം പോലെ ലഭ്യമാവട്ടെ. ഇരുവർക്കും കിട്ടിയ ശേഷം എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ ഇടതുപക്ഷത്തിനും ഇരിക്കട്ടെ. ഈ ഇന്ത്യാമഹാരാജ്യത്ത് ആരുടെയും കഞ്ഞികുടി മുട്ടരുത് എന്ന പ്രാർത്ഥന മാത്രമേ മോദിജിയെപ്പോലെ നമുക്കുമുള്ളൂ. എക്സിറ്റ് പോളുകൾ കണ്ട് മനം തകർന്ന് രാഹുൽജി വീണ്ടും വിപാസന ചെയ്യാൻ ടിബറ്റിലേക്ക് സ്ഥലം വിട്ടോയെന്നറിയില്ല. അതോ,മെയ് 23 വരെ കാത്തിരിക്കുന്നതാവും ബുദ്ധിയെന്ന് ദീദിയും പവാർജിയും പറഞ്ഞതുകേട്ട് ഡൽഹിയിൽ തന്നെ വിപാസനയാവാമെന്ന് വെച്ചോ എന്നുമറിയില്ല. എന്തായാലും ഇതിലൊന്നും ഒരു കുലുക്കവുമില്ലാത്ത ഒരാളുണ്ടെങ്കിൽ അത് നമ്മുടെ സഖാവ് പ്രകാശ് കാരാട്ടാണ്. ഒരുമാതിരി ഭൂമികുലുക്കമൊന്നും സഖാവിനെ ബാധിക്കാറില്ല. യെച്ചൂരിയും കോടിയേരിയുമൊക്കെ ഇനിയെന്തുചെയ്യുമെന്നാലോചിച്ച് തെക്ക് വടക്ക് ഓടിനടക്കുമ്പോൾ സഖാവ് കാരാട്ട് ഡൽഹിയിലെ ഫ്ളാറ്റിൽ സഖാവ് ലെനിൻ പണ്ട് പ്രതിവിപ്ലവകാരികളെ നേരിട്ടതെങ്ങിനെയാണെന്നത് ഒന്നുകൂടി വായിച്ച് താത്വിക അടിത്തറ ഉറപ്പിക്കുന്നുണ്ടാവും. അടിത്തറയില്ലെങ്കിൽ കമ്മ്യൂണിസമെന്നല്ല ഒരിസവും രക്ഷപ്പെടില്ലെന്ന് സഖാവിന് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. നമുക്ക് എക്സിറ്റ് പോളുകളിലേക്ക് തന്നെ വരാം. ഉത്തർപ്രദേശ് ഒഴികെയുള്ള ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ നില സുഭദ്രമാണെന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. അതായത് ബിഹാർ , മദ്ധ്യപ്രദേശ് , രാജസ്ഥാൻ , ചത്തിസ്ഗഡ്, ഡെൽഹി എന്നിവിടങ്ങളിലൊക്കെ കോൺഗ്രസ് കണ്ട സ്വപ്നങ്ങൾ സ്വപ്നങ്ങൾ മാത്രമാവുന്നു. യുപിയിൽ പോലും പ്രതിപക്ഷം കണക്കുകൂട്ടിയ തിരിച്ചടി ബിജെപിക്കുണ്ടാവുന്നില്ല. ഇനി അഥവാ യുപിയിലെ തിരിച്ചടി ഇച്ചിരി കൂടിപ്പോയാൽ തന്നെ ബംഗാളിലും ഒഡിഷയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ടാക്കുന്ന മുന്നേറ്റം കൊണ്ട് ബിജെപി അതിനെ മറികടക്കുന്നു. ദക്ഷിണേന്ത്യയിൽ കേരളത്തിലും തമിഴ്നാട്ടിലും കോൺഗ്രസ്സിനുണ്ടാവുന്ന നേട്ടങ്ങൾ കൊണ്ട് ആത്യന്തികമായി ഒരു മെച്ചവുമില്ല. കർണ്ണാടകത്തിൽ 2014 ലെ അവസ്ഥ ബിജെപി നിലനിർത്തുന്നു . ജനതാദൾ - കോൺഗ്രസ് സഖ്യം മാനത്തേക്ക് നോക്കിയിരിക്കുന്നു. ആന്ധ്രയിലും തെലങ്കാനയിലും കോൺഗ്രസ് ഗോവിന്ദ , ഗോവിന്ദ എന്ന് ജപിക്കുകയേ നിവൃത്തിയുള്ളൂ. ഒരു കാര്യവുമില്ലാതെ ആന്ധ്ര വിഭജിച്ച് രണ്ടാക്കിയതിനുള്ള കൂലിയാണ് അവിടെ ഇപ്പോഴും കോൺഗ്രസ്സിന് കിട്ടിക്കൊണ്ടിരിക്കുന്നത്. ഭൂരിപക്ഷത്തിന് ഒരു 30 സീറ്റിന്റെ കുറവാണ് എൻ ഡി എ നേരിടുന്നതെങ്കിൽ ചന്ദ്രശേഖർ റാവുവും ജഗൻമോഹനും എപ്പോൾ കൊടുത്തു എന്ന് മാത്രം നോക്കിയാൽ മതി. എക്സിറ്റ് പോളുകൾ ശരിയായ ദിശയിൽ തന്നെയാണ് സഞ്ചരിക്കുന്നതെങ്കിൽ ബിജെപിക്കുണ്ടാവുന്ന നേട്ടത്തിന്റെ ബഹുമതിയിൽ ആദ്യ പങ്ക് തീർച്ചയായും മോദിജിക്ക് തന്നെയാണ്. ഈ ഫിബ്രവരിയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ബിജെപിയുടെ നില ശരിക്കും പരുങ്ങലിലായിരുന്നു. രാജസ്ഥാനിലും , മദ്ധ്യപ്രദേശിലും , ചത്തിസ്ഗഡിലും നേരിട്ട തിരിച്ചടികൾ, റഫേൽ വിമാന കച്ചവടവുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങൾ , സർവ്വോപരി കാർഷിക മേഖലയിലെ പ്രതിസന്ധി - ഇവയെല്ലാം ചേർന്ന് മോദിജിയുടെയും ഭാഗവത്ജിയുടെയും ഉറക്കം ഒട്ടും സുഖകരമായിരുന്നില്ല. പക്ഷേ, പുൽവാമയും ബാലാക്കോട്ടും ഈ പ്രതിസന്ധിക്കുള്ള മറുമരുന്നായി. സകല പ്രശ്നങ്ങളും പൊടുന്നനെ രാജ്യസുരക്ഷ എന്ന ഒറ്റ അജണ്ടയ്ക്ക് പിന്നിലേക്ക് മാറി. അവിടെ 56 ഇഞ്ചിന്റെ ആ വിഘ്യാത നെഞ്ചളവുമായി മോദിജി അരങ്ങ് നിറഞ്ഞു നിന്നു. യോഗേന്ദ്രയാദവ് ചൂണ്ടിക്കാട്ടിയതു പോലെ എക്സിറ്റ്പോളുകൾ സൂചിപ്പിക്കുന്ന നേട്ടത്തിന് കാരണം മുഖ്യമായും നാല് ഘടകങ്ങളാണ്. മോദി, ബിജെപിയുടെയും ആർ എസ് എസ്സിന്റെയും സംഘടനാ മെഷിനറി, പണം, മാദ്ധ്യമങ്ങൾ. പണത്തിന് പണവും ആളിനാളും ഇറക്കി ബിജെപി മോദിയുടെ നേതൃത്വം പൊലിപ്പിച്ചപ്പോൾ ഹിന്ദി ഹൃദയഭൂമിയിൽ മാദ്ധ്യമങ്ങൾ സർവ്വാത്മനാ അതേറ്റെടുത്തു. പ്രതിവർഷം 72,000 രൂപ അക്കൗണ്ടിലിട്ടുകൊടുക്കാമെന്ന കോൺഗ്രസ്സിന്റെ വാഗ്ദാനവും അഴിമതിയും, തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയുമൊക്കെ മറികടന്ന് മോദിയെന്ന വലിയ നേതാവ് ബിജെപിക്കായി വോട്ട്ബാങ്കുകൾ സുദൃഡവും സുഭദ്രവുമാക്കി. ചൗക്കിദാർ ചൗക്കിദാർ തന്നെയാണെന്ന് മോദി തെിളയിക്കുകയാണ്. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ എക്സിറ്റ് പോളുകൾ പാടെ പാളിപ്പോയിരുന്നു. 2015 ൽ ഡെൽഹി,ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോളുകളും ക്ലച്ച് പിടിച്ചില്ല. 2011 ൽ ജയലളിത തമിഴകത്ത് അധികാരം പിടിക്കുമെന്നോ 2016 ൽ സംഗതി നിലനിർത്തുമെന്നോ അധികമാർക്കും പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല. രാഹുലിനും ചന്ദ്രബാബുനായിഡുവിനും മമതയ്ക്കും മായാവതിക്കും അഖിലേഷിനുമൊക്കെ തൽക്കാലം പറഞ്ഞുനിൽക്കാൻ ഈ പിടിവള്ളികൾ മതിയാവും. മെയ് 23ന് ഇനി മൂന്നു ദിവസങ്ങളേയുള്ളൂ. ഇന്ത്യൻ ജനതയുടെ വിധിയെഴുത്ത് ആരെയൊക്കെ വിനയാന്വിതരാക്കും എന്ന് നുമക്ക് കാത്തിരുന്ന് കാണാം. content highlights:vazhipokkan,exit poll results, bjp, congress, narendra modi, rahul gandhi
from mathrubhumi.latestnews.rssfeed http://bit.ly/2QaCMHg
via
IFTTT
No comments:
Post a Comment