കണ്ണൂർ : അന്നപൂർണ, മുൻഗണന, സംസ്ഥാന സബ്സിഡി വിഭാഗക്കാരുടെ റേഷൻ ഭക്ഷ്യവകുപ്പ് തട്ടിയെടുത്ത് കൂടുതൽ വിലയ്ക്ക് സബ്സിഡിയിതര വിഭാഗക്കാർക്ക് വിൽക്കുന്നു. അർഹതപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങൾ നാലുമാസമായി ഭക്ഷ്യവകുപ്പ് സമ്പന്ന വിഭാഗക്കാർക്ക് മറിച്ച് നൽകുകയാണ്. അതിദരിദ്രരായ 5,95,000 കുടുംബങ്ങൾക്കാണ് 35 കിലോ ഭക്ഷ്യധാന്യം നൽകേണ്ടത്. ഇതിൽ 5,88,559 കുടുംബങ്ങൾക്കാണ് നിലവിൽ 35 കിലോ വീതം ഭക്ഷ്യധാന്യം നൽകുന്നത്. ശേഷിക്കുന്ന 7000 കുടുംബങ്ങൾക്ക് ലഭിക്കേണ്ട 2.45 ലക്ഷം കിലോ ധാന്യമുൾപ്പെടെ 15.5 ലക്ഷം പേരുടെ ഭക്ഷ്യധാന്യമാണ് മറിച്ചു വിൽക്കുന്നത്. അന്നപൂർണവിഭാഗത്തിനുള്ള അരി കിലോഗ്രാമിന് മൂന്ന് രൂപയ്ക്കും ഗോതമ്പ് രണ്ടുരൂപയ്ക്കുമാണ് കേന്ദ്രം നൽകുന്നത്. ഫെബ്രുവരിയിൽ നടത്തിയ അവസാനഘട്ട ശുദ്ധീകരണത്തിൽ 7000 കുടുംബങ്ങളെ ഒഴിവാക്കി. ഇവർക്കുപകരം പുതിയ കുടുംബങ്ങൾ പട്ടികയിൽ ഇടം നേടാൻ കാത്തുനിൽക്കുകയാണെങ്കിലും ഭക്ഷ്യവകുപ്പ് ഉൾപ്പെടുത്തിയിട്ടില്ല. പട്ടികവിഭാഗത്തിലുള്ളവരാണ് അന്നപൂർണ പദ്ധതിയിലേറെയും. ഇതോടൊപ്പം അനർഹരായി കണ്ടെത്തിയ മുൻഗണനാവിഭാഗത്തിലെ 50,000 പേരെയും ഒഴിവാക്കി. ഇവർക്ക് പകരവും പുതിയ ആളെ ചേർക്കാതെ ഈ ധാന്യങ്ങളും സബ്സിഡിയിതര വിഭാഗങ്ങൾക്ക് കിലോയ്ക്ക് 10.90 രൂപയ്ക്ക് വിൽക്കുകയാണ്. ഭക്ഷ്യഭദ്രതാനിയമപ്രകാരം അന്നപൂർണ, മുൻഗണനാ വിഭാഗങ്ങളിലുള്ള 1,54,80,040 പേർക്കുള്ള ധാന്യമാണ് കേന്ദ്രം കുറഞ്ഞനിരക്കിൽ നൽകുന്നത്. സബ്സിഡി വിഭാഗത്തിൽപ്പെട്ട 15 ലക്ഷം പേരുടെ റേഷൻ അരിയും കൂടുതൽ വിലക്ക് വിൽക്കുകയാണ്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയപ്പോൾ മുമ്പ് ബി.പി.എൽ. പട്ടികയിലുണ്ടായിരുന്ന ഒട്ടേറെപ്പേർ പുറത്തായി. പുറത്തായവരെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും ഉൾപ്പെടുത്തി സബ്സിഡി നൽകാനായിരുന്നു തീരുമാനം. 1.21 കോടി പേർക്ക് സബ്സിഡി നിരക്കിൽ ധാന്യം നൽകാൻ 2016-ൽ തീരുമാനിച്ചു. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയപ്പോൾ സബ്സിഡിയിതര വിഭാഗക്കാർക്ക് ഒരു കാർഡിൽ രണ്ടുകിലോ ധാന്യമാണ് നൽകിയത്. ഇപ്പോൾ ആറുകിലോ ധാന്യമാണ് നൽകുന്നത്. നിലവിൽ 1,06,90,704 പേർക്കുമാത്രമേ സബ്സിഡി നിരക്കിൽ ധാന്യം നൽകുന്നുള്ളൂ. അനർഹമായി മുൻഗണനപട്ടികയിൽ കടന്നു കൂടിയ 15.84 ലക്ഷം അനർഹരെ കണ്ടെത്തിയിരുന്നു. ഇവരെ ഒഴിവാക്കിയപ്പോൾ സംസ്ഥാന സബ്സിഡി വിഭാഗത്തിൽ റേഷൻ വാങ്ങിയിരുന്ന ഒട്ടേറെപ്പേർ മുൻഗണനവിഭാഗത്തിൽ കടന്നുകൂടി. ഇങ്ങനെ ഒഴിവുവന്ന സബ്സിഡി വിഭാഗത്തിൽ പുതിയ ആളെ ചേർക്കാനും ഭക്ഷ്യവകുപ്പ് തയ്യാറായില്ല. വർഷം 10.25 ലക്ഷം മെട്രിക് ടൺ ധാന്യമാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നത്. യു.പി.എ. സർക്കാരിന്റെ കാലത്ത് 14.25 ലക്ഷം മെട്രിക് ടൺ ധാന്യമാണ് കേരളത്തിന് നൽകിയത്. ധാന്യ ഉപയോഗം കുറഞ്ഞാൽ കേന്ദ്രം അനുവദിക്കുന്ന വിഹിതത്തിൽ കുറവുവരുത്തും. ഉപഭോഗം കുറയുന്നതിനാൽ കുടുതൽ ആവശ്യപ്പെടാൻ സംസ്ഥാനത്തിന് കഴിയാതെവരും. നിലവിൽ റേഷൻവാങ്ങുന്ന കുടുംബങ്ങളുടെ എണ്ണം അന്നപൂർണ 5,88,559 (പൂർണമായും സൗജന്യം, കാർഡിന് 35 കിലോ) മുൻഗണനാവിഭാഗം 31,05,426 (കിലോയ്ക്ക് രണ്ടുരൂപ ഒരാൾക്ക് അഞ്ച് കിലോ) സംസ്ഥാന സബ്സിഡി വിഭാഗം 25,84,813 (കിലോക്ക് നാലുരൂപ ഒരാൾക്ക് രണ്ടുകിലോ) സബ്സിഡി ഇതര വിഭാഗം 23,18,332 (ഒരു കാർഡിന് ആറുകിലോ (അരിയുടെ നീക്കിയിരിപ്പ് അനുസരിച്ച്- കിലോഗ്രാമിന് 10.90 രൂപ) Content Highlights:Free Ration Fraud Kerala
from mathrubhumi.latestnews.rssfeed http://bit.ly/2XfXfgp
via
IFTTT
No comments:
Post a Comment