ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള സന്നദ്ധത പ്രവർത്തക സമിതി യോഗത്തിലും ആവർത്തിച്ച് രാഹുൽ ഗാന്ധി. എന്നാൽ മുതിർന്ന നേതാക്കൾ ഉൾപ്പടെ രാഹുലിന്റെ രാജി സന്നദ്ധത തള്ളി. രാജിവെക്കരുതെന്ന് മൻമോഹൻ സിങ് അടക്കമുള്ള നേതാക്കൾ രാഹുലിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തുന്നതിനായി വിളിച്ച് ചേർത്ത പ്രവർത്തക സമിതി യോഗത്തിൽ മുതിർന്ന നേതാക്കളെല്ലാം പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മണി മുതൽ എഐസിസി ആസ്ഥാനത്താണ് യോഗം ചേരുന്നത്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് സംസ്ഥാന അധ്യക്ഷൻമാർ രാജിവെച്ചിരുന്നു. ഫലം പുറത്ത് വന്നതിന് പിന്നാലെ സോണിയയെ കണ്ട് രാഹുൽ രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും പ്രവർത്തക സമതി യോഗത്തിൽ തീരുമാനിക്കാമെന്നായിരുന്നു മറുപടി. തുടർച്ചയായി രണ്ടാം തവണയാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതിപക്ഷനേതൃസ്ഥാനത്തിനുപോലും അർഹമാവാത്ത രീതിയിൽ തോൽക്കുന്നത്. പരമ്പരാഗത മണ്ഡലമായ അമേഠിയിൽ കോൺഗ്രസ് അധ്യക്ഷന് തന്നെ പരാജയമേൽക്കേണ്ടി വന്നത് പാർട്ടി കടുത്ത ക്ഷീണമാണുണ്ടാക്കിയിട്ടുള്ളത്. ഉത്തർപ്രദേശിൽ പ്രിയങ്കാ ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും മുഴുവൻ സമയം പ്രചാരണത്തിനിറക്കിയിട്ടും സോണിയയുടെ റായ്ബറേലിയിൽ മാത്രമാണ് പാർട്ടിക്ക് ജയിക്കാനായത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി മീറ്റിംഗിനായി എ.ഐ.സി.സി. ആസ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവർ എത്തുന്നു. -ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ. ഇതിനിടെ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പ്രവർത്തക സമിതി യോഗത്തിനെത്താത്തതും ശ്രദ്ധേയമായി. അടുത്തിടെ കോൺഗ്രസ് ഭരണം പിടിച്ചെടുത്ത മധ്യപ്രദേശിലും രാജസ്ഥാനിലുമടക്കം ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. മധ്യപ്രദേശിൽ എംഎൽഎമാരുടെ യോഗം കമൽനാഥ് വിളിച്ച് ചേർത്തിട്ടുണ്ട്. നാളെയാണ് യോഗം. ലോക്സഭാ തിരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ നിയമസഭയിൽ നേരിയ ഭൂരിപക്ഷമുള്ള കോൺഗ്രസ് സർക്കാരിനെ അട്ടമറിക്കാനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചതോടെയാണ് യോഗം വിളിച്ചിരിക്കുന്നത്. Content Highlights:Rahul Gandhis Resignation Rejected At Top Congress Meet
from mathrubhumi.latestnews.rssfeed http://bit.ly/2HRRDlZ
via
IFTTT
No comments:
Post a Comment