തൃശ്ശൂർ: പൂരനഗരി വൻസുരക്ഷയിൽ. ശ്രീലങ്കയിലെ സ്ഫോടനപശ്ചാത്തലത്തിൽ ഇതേവരെ കാണാത്ത സുരക്ഷയാണ് തിങ്കളാഴ്ച നടപ്പിലാക്കുന്നത്. ഇതിനായി ജില്ലയ്ക്ക് പുറത്തുനിന്ന് 3500 പോലീസിനെ എത്തിച്ചു. ഇവർക്ക് രാമവർമപുരത്തെ സായുധ സേനാ ക്യാമ്പിൽ പ്രാഥമിക പരിശീലനം നൽകി. തുടർന്ന് ഡ്യൂട്ടിയുള്ള സ്ഥലങ്ങളിലെത്തിച്ച് മോക് പരിേശാധനയും ഏർപ്പെടുത്തി. ഇവർ ഞായറാഴ്ച രാത്രി എട്ടുമുതൽ ഡ്യൂട്ടിയിലുണ്ട്. ഇവർക്കുപുറമേ തണ്ടർബോൾട്ട് കമാൻഡോകളെയും ഇറക്കിയിട്ടുണ്ട്. ബോംബ് പരിശോധനയ്ക്ക് 160 അംഗ സംഘം എത്തി. പൂരനഗരിയിലൂടെ കടന്നുപോകുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. ഇതര സംസ്ഥാന വാഹനങ്ങളിൽ കർശന പരിശോധന നടത്തും. 60 ഡോർഫ്രെയിംഡ് മെറ്റൽ ഡിറ്റക്റ്ററുകൾ പൂരനഗരിയിൽ സ്ഥാപിച്ചു. വി.ഐ.പി.കൾ ഉൾപ്പെടെയുള്ളവരെ ഇതിലൂടെ പരിശോധന നടത്തി മാത്രമേ കടത്തിവിടൂ. പത്ത് ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധനയ്ക്കായുണ്ട്. കേന്ദ്രസുരക്ഷാ വിഭാഗം അംഗങ്ങളും എത്തിയിട്ടുണ്ട്. കണ്ടെത്തുന്ന സ്ഥലത്തുവെച്ചുതന്നെ ബോംബ് നിർവീര്യമാക്കാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. പൂരം നടക്കുന്ന സ്ഥലങ്ങളുെട നിരീക്ഷണത്തിന് 80 സി.സി.ടി.വി. ക്യാമറകളും ബൈനോക്കുലറുകളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ തത്സമയദൃശ്യങ്ങൾ പോലീസ് നിരീക്ഷിച്ചുകൊണ്ടിരിക്കും. വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്ക് വരുന്ന എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കും. സ്ത്രീകളെ പരിശോധിക്കുന്നതിന് പ്രത്യേകം വനിതാ സ്ക്വാഡ് ഉണ്ട്. പരിശോധനയ്ക്കായി പടിഞ്ഞാറേ ഗോപുരനടയിലും കിഴക്കേ ഗോപുരനടയിലും അത്യാധുനിക സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. പൂരം കാണാനെത്തുന്നവർ ബാഗുകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. സംശയാസ്പദമായ വ്യക്തികളോ സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വി.വി.ഐ.പി. ഗാലറിയിലും പരിശോധന ശക്തമായിരിക്കും. ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, കുടമാറ്റം, വെടിക്കെട്ട് തുടങ്ങിയവ നടക്കുന്ന സമയങ്ങളിൽ ബാഡ്ജണിഞ്ഞ വൊളന്റിയർമാരെയല്ലാതെ കടത്തിവിടില്ല. പൂരം കാണാനെത്തുന്നവർ പ്ലാസ്റ്റിക് കുപ്പി കൊണ്ടുവരരുതെന്നും പോലീസ് നിർദ്ദേശിച്ചു. ഗ്യാസ് സിലിൻഡറുകൾ ഉപയോഗിച്ചുള്ള ബലൂൺ, പാചകം എന്നിവ പൂരപ്പറമ്പിൽ നിരോധിച്ചു. ആനത്തൊഴിലാളികൾ, ആന ഉടമസ്ഥർ, സഹായികൾ, വെടിക്കെട്ട് തൊഴിലാളികൾ എന്നിവരുടെ വിവരങ്ങൾ സ്പെഷ്യൽബ്രാഞ്ച് പരിശോധിച്ച് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ നൽകിയിട്ടുണ്ട്്. പഞ്ചവാദ്യം, മദ്ദളം കലാകാരന്മാർക്കും മറ്റു വാദ്യോപകരണ കലാകാരന്മാർക്കും ബാഡ്ജ് നിർബന്ധമാക്കി. എല്ലാ ഉപകരണങ്ങളും സ്കാനിങ്ങിന് വിധേയമാക്കും. ഹോട്ടലുകളിലെയും മറ്റും സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനസജ്ജമാക്കണം. വിദേശികൾ താമസിക്കുന്നുണ്ടെങ്കിൽ ഇവരുടെ വിവരങ്ങൾ പോലീസിന് കൈമാറണം. അടിയന്തര സാഹചര്യങ്ങളിൽ ഇടപെടുന്നതിനായി ക്രൈസിസ് മാനേജ്മെന്റ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ഇവയെല്ലാം ഏകോപിപ്പിക്കുന്നതിനായി പൂരം കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമും 24 മണിക്കൂറും പ്രവർത്തിക്കും. ഫോൺ നമ്പർ- 100 പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട ബാഗുകളും മറ്റും കണ്ടാൽ വിവരം പോലീസിന് കൈമാറണം. അപരിചിതർ കൈമാറുന്ന കിറ്റുകളും ബാഗുകളും സ്വീകരിക്കരുത്. മരത്തിലോ മതിൽക്കെട്ടിലോ ദുർബലമായ കെട്ടിടങ്ങളിലോ കയറരുത് ആനകളെ പരിഭ്രാന്തരാക്കുകയോ സെൽഫിയെടുക്കുകയോ ചെയ്യരുത് പാർക്കിങ് കേന്ദ്രങ്ങൾ ഏവരും ഉപയോഗപ്പെടുത്തണം. സാമൂഹിക മാധ്യമങ്ങളിലൂടെ വരുന്ന തെറ്റായ സന്ദേശങ്ങളിൽ വീഴരുത്. Content Highlights: Thrissur Pooram 2019 High Security Enabled
from mathrubhumi.latestnews.rssfeed http://bit.ly/2vU57bu
via
IFTTT
No comments:
Post a Comment