ജെയ്പൂര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് സ്ത്രീക്ക് പോലീസ് കോണ്‍സ്റ്റബിള്‍ ജോലി നല്‍കി അശോക് ഗെലോട്ട് സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തുവിട്ടത്.
ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ ഉടന്‍തന്നെ ലഭിക്കുമെന്ന് ആഭ്യന്തര ചീഫ് സെക്രട്ടറി രാജീവ് സ്വരൂപ് അറിയിച്ചു. സര്‍ക്കാരിന്റെ സല്‍പ്പേരിന് പുറമെ ബിജെപിക്കെതിരെയുള്ള ഒരു ആയുധമായികൂടിയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഇതിനെ കാണുന്നത്. കൂട്ടബലാത്സംഗ വിഷയം തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ഉപയോഗിച്ച വലിയൊരു പ്രചരണായുദ്ധം കൂടിയായിരുന്നു.
കടയില്‍ പോകാനിറങ്ങിയ ദമ്പതികളെ രണ്ട് ബെക്കുകളിലായി എത്തിയ സംഘം വഴിയില്‍ തടയുകയായിരുന്നു. വിജനമായ സ്ഥലത്ത് വച്ചായിരുന്നു സംഭവം. സംഘാംഗങ്ങളിലൊരാള്‍ മറ്റുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടിരുന്നതായും അയാളാണ് സംഘത്തലവന്‍ എന്ന് വിചാരിക്കുന്നെന്നും യുവതിയുടെ ഭര്‍ത്താവ് പൊലീസില്‍ മൊഴി നല്കിയിരുന്നു.
ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ സംഘം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് ദമ്പതികളെ അവര്‍ മോചിപ്പിച്ചത്. അവരുടെ കയ്യിലുണ്ടായിരുന്ന 2000 രൂപയും സംഘം തട്ടിയെടുത്തു. പിന്നീട് ദമ്പതികളെ വിളിച്ച് 9000 രൂപ ഇവര്‍ ആവശ്യപ്പെട്ടു. പണം ലഭിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഒരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു.
സംഭവം നടന്ന് മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് വിവരം ദമ്പതികള്‍ പുറത്തുപറയുന്നത്. ആകെ ഭയന്ന് സമനില തെറ്റിയ അവസ്ഥയിലായിരുന്നു ഇരുവരും എന്നും യുവതിയുടെ ഭര്‍ത്തൃസഹോദരന്‍ പറഞ്ഞു. ഏപ്രില്‍ 26ന് വൈകുന്നേരമാണ് സംഭവം നടന്നത്. മൂന്ന് ദിവസത്തിന് ശേഷം ആല്‍വാര്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും അന്വേഷണം തുടങ്ങാന്‍ വീണ്ടും ദിവസങ്ങള്‍ വൈകി. തുടര്‍ന്ന് പ്രതിഷേധം ശക്തമാവുകയും പൊലീസ് സൂപ്രണ്ടിനെയും ആല്‍വാര്‍ സബ് ഇന്‍സ്പെക്ടറെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
from mangalam.com http://bit.ly/2WCrz89
via IFTTT
No comments:
Post a Comment