ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവി ചർച്ച ചെയ്യാൻ ബുധനാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ നാടകീയ രംഗങ്ങൾ. പാർട്ടിയധ്യക്ഷ സ്ഥാനത്തുനിന്നുള്ള തന്റെ രാജി സ്വീകരിക്കണമെന്ന് രാഹുൽഗാന്ധി ആവർത്തിച്ചാവശ്യപ്പെട്ടെങ്കിലും പ്രവർത്തകസമിതി അത് അംഗീകരിച്ചില്ല. ഒന്നര വർഷത്തോളമായി വിശ്രമമില്ലാതെ പ്രവർത്തിച്ചിട്ടും പാർട്ടിയെ പ്രതീക്ഷിച്ച രീതിയിൽ വിജയത്തിലെത്തിക്കാൻ കഴിയാഞ്ഞതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി യോഗത്തിൽ വികാരഭരിതനായി സംസാരിച്ച അദ്ദേഹം പറഞ്ഞു. “അധ്യക്ഷസ്ഥാനം മറ്റാർക്കെങ്കിലും കൈമാറാൻ അനുവദിക്കണം. ബി.ജെ.പി.യുടെ രാഷ്ട്രീയനയങ്ങൾക്കും അഴിമതിക്കുമെതിരേ പോരാട്ടം തുടരാൻ കോൺഗ്രസ് അധ്യക്ഷനായി തുടരേണ്ട കാര്യമില്ല. അധ്യക്ഷൻ ഗാന്ധി കുടുംബത്തിൽ നിന്നാവണമെന്നുമില്ല”- രാഹുൽ പറഞ്ഞു. രാജിയിൽനിന്ന് പിന്മാറണമെന്ന് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും തന്റെ നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. ഇതോടെ രാഹുലിന്റേത് വ്യക്തിപരമായ തീരുമാനമെന്ന നിലയിൽ ഇരുവരും പിന്മാറി. മൻമോഹൻ സിങ്, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കളെല്ലാം രാഹുൽ നിലപാട് മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഉത്തരവാദിത്വത്തിൽനിന്ന് ആർക്കും ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും നേതാക്കളെല്ലാം ചൂണ്ടിക്കാട്ടി. പാർട്ടിയും രാജ്യവും കടന്നുപോകുന്ന നിർണായക മുഹൂർത്തത്തിൽ രാഹുലിന്റെ നേതൃത്വം കോൺഗ്രസിന് അനിവാര്യമാണെന്നും ഇവർ പറഞ്ഞു. ഒടുവിൽ രാജിയാവശ്യം തള്ളുന്ന പ്രമേയം സമിതി അംഗീകരിച്ചു. നാലുമണിക്കൂറോളം നീണ്ട യോഗത്തിൽ രാഹുലിനെ അനുനയിപ്പിക്കുന്നതിനുള്ള ചർച്ചകളാണ് ഏറെ സമയവും നടന്നത്. എ.ഐ.സി.സി. ആസ്ഥാനത്ത് രാവിലെ 11-നു തുടങ്ങിയ യോഗത്തിൽ ചർച്ച തുടങ്ങിവെച്ചത് ആന്റണിയായിരുന്നു. താഴെ തട്ടിൽ കോൺഗ്രസിന്റെ സംഘടനാദൗർബല്യം പരാജയത്തിന്റെ ആക്കം കൂട്ടിയതായി നേതാക്കൾ ചർച്ചയിൽ ചൂണ്ടിക്കാട്ടി. രാജ്യമൊട്ടുക്കും സംഘടനാതലത്തിൽ സമ്പൂർണ അഴിച്ചുപണി വേണമെന്നും നിർദേശമുയർന്നു. സംഘടനാതലത്തിൽ ഉടൻ അഴിച്ചുപണിക്കും തീരുമാനമായി. ഇതിനു രാഹുൽഗാന്ധിയെ തന്നെ ചുമതലപ്പെടുത്തി. വൈകാതെ ഇതിനുള്ള നടപടികളെടുക്കും. യോഗത്തിൽ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, അഹമ്മദ് പട്ടേൽ, ഗുലാം നബി ആസാദ്, ഷീലാ ദീക്ഷിത്, മല്ലികാർജുൻ ഖാർഗെ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. എന്നാൽ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് യോഗത്തിനെത്തിയില്ല. തോൽവിയുടെ വിവിധ വശങ്ങൾ വിശദമായി പരിശോധിച്ചിട്ടില്ലെന്നും തിരക്കുകൂട്ടി തീർപ്പുകൽപ്പിക്കേണ്ടതല്ല അതെന്നും പ്രവർത്തകസമിതിക്കു ശേഷം പത്രസമ്മേളനത്തിൽ എ.കെ. ആന്റണി പറഞ്ഞു. രാഹുലിന്റെ രാജിസന്നദ്ധതയെ ഏകകണ്ഠമായി നിരസിച്ചതുൾപ്പെടെയുള്ള പ്രവർത്തകസമിതി പ്രമേയം കെ.സി. വേണുഗോപാൽ വായിച്ചു. Content Highlights:Rahul Gandhi, Congress
from mathrubhumi.latestnews.rssfeed http://bit.ly/2JEkCgt
via
IFTTT
No comments:
Post a Comment