കൽപ്പറ്റ: കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിക്ക് വയനാട്ടിലെ ഡി.വൈ.എഫ്.ഐ നേതാവിന്റെ കത്ത്. ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സെക്രട്ടറിയായ കെ റഫീഖാണ് രാഹുൽ ഗാന്ധിക്ക് തുറന്ന കത്തെഴുതിയിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പും രാഹുലിന്റെ സ്ഥാനാർഥിത്വവും പ്രിയങ്ക ഗാന്ധിയുടെ വയനാട് പ്രസംഗവും എല്ലാം പ്രതിപാദിക്കുന്നതാണ് റഫീഖിന്റെ കത്ത്. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യു സ്ഥാനാർത്ഥികൾ അവരുടെ സുഹൃത്തുക്കളെക്കൊണ്ട് ഫുട്ബോളിലും, കരാട്ടെയിലും പട്ടംപറത്തലിലുമെല്ലാം അഗ്രഗണ്യനാണ് നമ്മുടെ സ്ഥാനാർത്ഥിയെന്ന് ക്ലാസിൽ പറയിപ്പിക്കുന്ന ഓർമ്മയാണ് പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം കേട്ടപ്പോൾ തികട്ടി വന്നതെന്ന് റഫീഖ് പറയുന്നു. ഇടതുപക്ഷത്തെ രാഹുൽ വിമർശിക്കാത്തത് ഇടതുപക്ഷത്തിന്റെ പ്രാധാന്യത്തെയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ രാഹുൽ തൃപ്തനാണെന്നതിന്റെയും സൂചനയാണ്. രാഹുൽ അധ്യക്ഷനായ പാർട്ടി വിവിധ കാലങ്ങളിൽ നടപ്പിലാക്കിയ നവലിബറൽ നയങ്ങളും ആസിയൻ കരാർ പോലുള്ള അന്താരാഷ്ട്ര കരാറുകളുമാണ് രാജ്യത്തെ കർഷകരുടെ നട്ടെല്ലൊടിച്ചതെന്ന് ഇടതുപക്ഷം ജനങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്.28 വർഷത്തിനിടയിൽ പലവട്ടം കേരളത്തിൽ വന്നു പോയിട്ടും ഒരിക്കൽപോലും തിരുനെല്ലിയിൽ വന്ന്പിതാവിന്റെ ഓർമ്മ പുതുക്കാൻ പോകാത്ത രാഹുൽഈ തിരഞ്ഞെടുപ്പ് കാലഘട്ടം അതിനായി വിനിയോഗിച്ചത് എന്ത് സന്ദേശമാണ് നൽകുന്നതെന്നും റഫീഖ് ചോദിക്കുന്നു പോസറ്റിന്റെ പൂർണരൂപം രാഹുൽ ഗാന്ധിക്കൊരു തുറന്ന കത്ത് പ്രിയപ്പെട്ട രാഹുൽ ഗാന്ധിക്ക്, ബി.ജെ.പി വിരുദ്ധ പോരാട്ടമെന്ന പേരിലാണ് വയനാട്ടിൽ മത്സരിക്കാനുള്ള താങ്കളുടെ തീരുമാനം അവതരിപ്പിക്കപ്പെട്ടത്. എന്നാൽ അമേഠിയിൽ മത്സരിക്കുന്നതിനൊപ്പം കോൺഗ്രസിന് ആകെ വിശ്വസിച്ച് മത്സരിക്കാവുന്ന ഒരു മണ്ഡലമെന്ന നിലയിലാണ് താങ്കൾ വയനാട് തിരഞ്ഞെടുത്തതെന്ന് താങ്കളുടെ പ്രിയസഹോദരി പ്രിയങ്കഗാന്ധിയുടെ ഇന്നലെത്തെ പ്രസംഗത്തിൽ നിന്നും കൂടുതൽ ബോധ്യമായി. വയനാട്ടിൽ ഇടതുമുന്നണിയുടെ കരുത്തനായ സ്ഥാനാർത്ഥി പി.പി.സുനീറിൽ നിന്നും താങ്കൾ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിൽ രാഷ്ട്രീയമെല്ലാം മാറ്റിവച്ച് കേവലം കുടുംബവൈകാരിതകൾ പ്രചണരംഗത്ത് താങ്കളുടെ പ്രിയസഹോദരിക്ക് പറയേണ്ടി വന്നത് സഹതാപത്തോടെ മാത്രമാണ് കേട്ടുനിന്നത്. ഞങ്ങളുടെ നാട്ടിലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യു സ്ഥാനാർത്ഥികൾ അവരുടെ സുഹൃത്തുക്കളെക്കൊണ്ട് ഫുട്ബോളിലും, കരാട്ടെയിലും പട്ടംപറത്തലിലുമെല്ലാം അഗ്രഗണ്യനാണ് നമ്മുടെ സ്ഥാനാർത്ഥിയെന്ന് ആദ്യവർഷ വിദ്യാർത്ഥികളുടെ കാമ്പയിൻ ക്ലാസിൽ പറയിപ്പിക്കുന്ന ഓർമ്മയാണ് സത്യത്തിൽ പ്രിയങ്കാ ഗാന്ധിയുടെ പ്രസംഗം കേട്ടപ്പോൾ തികട്ടി വന്നത്. ഇത് താങ്കളുടെ സഹോദരിയുടെ പ്രസംഗം കേട്ട വിദ്യാർത്ഥി രാഷ്ട്രീയം പരിചയമുള്ള വയനാട്ടിലെ സാധാരണക്കാർക്കെല്ലാം തോന്നിയിരിക്കാം. വയനാട്ടിൽ താങ്കളുടെ പ്രധാന എതിരാളി ഇടതുപക്ഷ സ്ഥാനാർത്ഥി സഖാവ് സുനീറാണ്. എന്നിട്ടും സുനീർ പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷത്തിനെതിരെയോ സംസ്ഥാനത്തെ ഇടതുസർക്കാരിനെതിരെയോ സ്ഥാനാർത്ഥിയെന്ന നിലയിൽ താങ്കളോ താങ്കളുടെ സഹോദരിയോ ഒരക്ഷരം പറഞ്ഞില്ലെന്നത് ഇടതുപക്ഷത്തിന്റെ പ്രാധാന്യത്തെയും കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ താങ്കൾ തൃപ്തനാണെന്നതിന്റെയും സൂചനയായി മനസ്സിലാക്കുന്നു. എന്നാൽ താങ്കൾ അധ്യക്ഷനായ പാർട്ടി വിവിധ കാലങ്ങളിൽ നടപ്പിലാക്കിയ നവലിബറൽ നയങ്ങളും ആസിയൻ കരാർ പോലുള്ള അന്താരാഷ്ട്ര കരാറുകളുമാണ് രാജ്യത്തെ കർഷകരുടെ നട്ടെല്ലൊടിച്ചതെന്ന് ഇടതുപക്ഷം ജനങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്. നവലിബറിൽ നയങ്ങളെ പിന്തുണയ്ക്കുന്ന താങ്കളുടെ രാഷ്ട്രീയ പ്രസ്ഥാനം പിന്തുടരുന്ന സാമ്പത്തിക നയങ്ങളെ ഇടതുപക്ഷം ജനങ്ങളുടെ മുന്നിൽ തുറന്നു കാണിക്കുന്നുമുണ്ട്. ഇത്തരത്തിൽ ഇടതുപക്ഷം ഉയർത്തുന്ന രാഷ്ട്രീയ വിഷയങ്ങൾക്കൊന്നും മറുപടി പറയാതെ കുടുംബവൈകാരികതയെ സഹോദരസ്നേഹത്തിന്റെ പേരിൽ വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുന്ന തിരഞ്ഞെടുപ്പു പ്രചരണ രീതി രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിൽ വിലപ്പോകുമെന്ന് താങ്കളെയും സഹോദരിയെയും തെറ്റിദ്ധരിപ്പിച്ച കോൺഗ്രസ് നേതാക്കളെ എന്തായാലും തിരഞ്ഞെടുപ്പിന് ശേഷം താങ്കൾ ഒന്ന് ഉപദേശിക്കാൻ തയ്യാറാകേണ്ടതുണ്ട്. 28 വർഷം മുമ്പ് തിരുനെല്ലിയിൽ താങ്കളുടെ പ്രിയപ്പെട്ട പിതാവിന്റെ ചിതാഭസ്മം നിമഞ്ജനം ചെയ്തതിന്റെ വൈകാരികതയെ ഒരു മകന്റെ സ്ഥാനത്ത് നിന്ന് ഉൾക്കൊള്ളുന്നു. അതിന്റെ സ്വകാര്യവേദനയെ അതേ അർത്ഥത്തിൽ മനസ്സിലാക്കുന്നു. എന്നാൽ കഴിഞ്ഞ 28 വർഷത്തിനിടയിൽ പലവട്ടം കേരളത്തിൽ വന്നുപോയിട്ടും ഒരിക്കൽപോലും തിരുനെല്ലിയിൽ വന്ന് ഓർമ്മ പുതുക്കാൻ പോകാത്ത താങ്കൾ ഈ തിരഞ്ഞെടുപ്പ് കാലഘട്ടം അതിനായി വിനിയോഗിച്ചത് എന്ത് സന്ദേശമാണ് കേരളത്തിലെ മതേതരവോട്ടർമാർക്ക് നൽകിയതെന്ന് താങ്കൾ സ്വയം വിലയിരുത്തണം. എന്തായാലും അതിന്റെ പേരിൽ താങ്കളെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. മറിച്ച് ഇത്തരം നാടകങ്ങൾക്ക് താങ്കളെ വേഷം കെട്ടിക്കുന്ന താങ്കളുടെ പാർട്ടിയിലെ കേരളത്തിലെ ഉന്നതനേതാക്കളെയാണ് പഴിപറയേണ്ടത്. ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് കാലത്ത് ശിവഭക്തനും ഉത്തമബ്രാഹ്മണനുമെല്ലാമായി താങ്കളെ പരിചയപ്പെടുത്തുന്ന പ്രചരണഗിമ്മിക്ക് പോലുള്ളവ കണ്ട് ശീലിച്ചതിനാലാവും അവർ ഇത്തരം നാടകങ്ങൾക്ക് താങ്കളെ വിനിയോഗിച്ചത്. വയനാട്ടുകാരനെന്ന നിലയിൽ താങ്കളുടെ ക്ഷേത്രദർശന സമയത്ത് ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണനെയെങ്കിലും ഒപ്പം കൂട്ടിയിരുന്നെങ്കിൽ വിശ്വാസത്തെയും വിശ്വാസികളെയും സവർണ്ണവത്കരിക്കുന്ന ബി.ജെ.പിക്ക് ശക്തമായൊരു മറുപടിയായേനെ അതെന്ന് മാത്രം സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിയെ പ്രതിരോധിക്കാൻ എന്ന പേരിലാണല്ലോ താങ്കൾ വയനാട്ടിൽ മത്സരിക്കുന്നത്. ഇടതുപക്ഷമല്ല ബി.ജെ.പിയാണ് പ്രധാന എതിരാളിയെന്ന് പറഞ്ഞാണ് താങ്കൾ വയനാട്ടിൽ മത്സരിക്കുന്നത്. എന്നാൽ ഇവിടെ ബി.ജെ.പിക്ക് സ്ഥാനാർത്ഥിയില്ല, പകരം ബി.ഡി.ജെ.എസിന്റെ സ്ഥാനാർത്ഥിയാണ് വയനാട്ടിൽ മത്സരിക്കുന്നത്. എന്നിട്ടും ഇടതുമുന്നണിയെ തോൽപ്പിക്കാൻ താങ്കളുടെ പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിലെയും സംസ്ഥാന നേതൃത്വത്തിലെയും മുതിർന്ന നേതാക്കളെല്ലാം വയനാട്ടിൽ താങ്കളുടെ വിജയം ലക്ഷ്യമിട്ട് പ്രവർത്തിക്കുകയാണ്. വയനാട്ടിൽ പ്രതീക്ഷിച്ചത് പോലെ താങ്കൾക്ക് എളുപ്പം ജയിച്ച് കയറാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതോടെ താങ്കളുടെ പാർട്ടിയുടെ പ്രമുഖനേതാക്കളെല്ലാം വയനാട്ടിലെ ഏഴുമണ്ഡലങ്ങളിൽ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഇടതുപക്ഷമല്ല എതിരാളികൾ എന്ന് താങ്കൾ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥി മുഖ്യഎതിരാളിയായ മണ്ഡലത്തിൽ എന്തിനാണ് ഇത്രയേറെ സന്നാഹങ്ങളോടെ താങ്കളുടെ പാർട്ടി നേതാക്കൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് താങ്കൾ വിലയിരുത്തണം. ഇടതുപക്ഷത്തിന് ജയസാധ്യതയുള്ള ബി.ജെ.പിക്ക് പിന്നിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് മാധ്യമങ്ങൾ വിലയിരുത്തുന്ന പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിൽ താങ്കളുടെ പാർട്ടിയുടെ പ്രവർത്തനത്തിലും ഏകോപനത്തിലുമെല്ലാം സ്ഥാനാർത്ഥികൾ അടക്കം പരാതി പറഞ്ഞതായി വാർത്തകളുണ്ട്. കേരളത്തിൽ താങ്കളുടെ പാർട്ടി മൂന്നാം സ്ഥാനത്തേക്ക് പോകാൻ സാധ്യതയുള്ളതായി മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുള്ള രണ്ട് മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളിൽ വീഴ്ചവരുത്തി താങ്കളുടെ പാർട്ടിയുടെ പ്രധാനനേതാക്കൾ ഇടതുപക്ഷത്തെ തോൽപ്പിക്കാൻ വയനാട്ടിൽ കേന്ദ്രീകരിച്ചിരിക്കുന്നതിനെക്കുറിച്ച് താങ്കളുടെ വിലയിരുത്തലെന്താണ്. ബി.ജെ.പിയ്ക്കെതിരാണ് മത്സരമെന്ന താങ്കളുടെ നിലപാടിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾക്ക് കൂടി കേരളത്തിലെ ജനങ്ങളോട് ഉത്തരം പറയാൻ താങ്കൾ ബാധ്യസ്ഥനാണ്. താങ്കളും സഹോദരി പ്രിയങ്കാ ഗാന്ധിയും കേരളത്തിൽ വന്നുപറഞ്ഞ രാഷ്ട്രീയമെന്താണ്. ഇവിടുത്തെ ജനങ്ങളുടെ ജീവൽപ്രശ്നങ്ങളോട് സത്യസന്ധമായി പ്രതികരിക്കാൻ താങ്കൾക്ക് സാധിച്ചിട്ടുണ്ടോ. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട താങ്കളുടെ നിലപാട് മാത്രം പരിശോധിച്ചാൽ മതി താങ്കൾ എത്രമാത്രം ഉപരിപ്ലവമായിട്ടാണ് വയനാടിന്റെ വിഷയങ്ങൾ പഠിച്ചിരിക്കുന്നതെന്ന് വ്യക്തമാകാൻ. 2009ൽ ചാമരാജ് നഗർജില്ലാ കളക്ടറാണ് രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തുന്നത്. കേരള സർക്കാരിന്റെ ഭാഗത്ത് നിന്ന് പരാതി ഉയർന്നപ്പോൾ ആ വർഷം തന്നെ കളക്ടർ പിൻവലിച്ചു. എന്നാൽ പിന്നീട് 2010ൽ കർണ്ണാടക ഹൈക്കോടതി ഉത്തരവിലൂടെ രാത്രിയാത്രാ നിരോധനം വീണ്ടും പുന:സ്ഥാപിച്ചു. ഈ ഘട്ടത്തിലെല്ലാം കേന്ദ്രം ഭരിക്കുന്നത് താങ്കളുടെ പാർട്ടിയായിരുന്നെന്ന് മനസ്സിലാക്കണം. 2011ൽ കേരളത്തിൽ താങ്കളുടെ പാർട്ടി അധികാരത്തിൽ വന്നു. 2013ൽ കർണ്ണാകയിലും താങ്കളുടെ പാർട്ടി അധികാരത്തിൽ വന്നു. താങ്കളുടെ പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരുകൾ കേന്ദ്രത്തിലും കേരളത്തിലും കർണ്ണാകയിലും നിലവിലിരുന്ന ഒരു വർഷക്കാലയളവിൽ രാത്രിയാത്രാ നിരോധനം നീക്കാനുള്ള ഒരു ഇടപെടലും നടത്താൻ താങ്കൾക്ക് സാധിച്ചില്ലെന്നതിൽ വയനാട്ടുകാരോട് ഖേദം പ്രകടിപ്പിക്കുകയാണ് താങ്കൾ ആദ്യം ചെയ്യേണ്ടിയിരുന്നത്. 2013 ജൂലൈ മാസത്തിൽ അന്ന് കേരളാ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പറഞ്ഞൊരു മറുപടിയുണ്ട്. (അതിന്റെ കോപ്പി ഈ പോസ്റ്റിനൊപ്പം ചേർക്കുന്നുണ്ട്.) രാത്രിയാത്രാ നിരോധനത്തിന്റെ പേരിൽ വയനാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിന് മുമ്പ് മിനിമം അതൊന്ന് വായിച്ചു നോക്കാനെങ്കിലും താങ്കൾ തയ്യാറേകണ്ടതായിരുന്നു. വയനാട് സ്ഥാനാർത്ഥിത്വത്തിന് താങ്കളെ വേഷം കെട്ടിയൊരുക്കിയ ഉമ്മൻ ചാണ്ടിയെങ്കിലും അതൊന്ന് താങ്കളോട് സൂചിപ്പിക്കുകയെങ്കിലും വേണമായിരുന്നു. കർഷകരുടെ കണ്ണീരൊപ്പുമെന്ന താങ്കളുടെ സഹോദരിയുടെ പുൽപ്പള്ളിയിലെ പ്രസംഗം കേട്ടപ്പോൾ സത്യത്തിൽ എത്രമാത്രം ആത്മാർത്ഥതയില്ലാതെയാണ് നിങ്ങളെല്ലാം ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളെ പരിഗണിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. 1991-1996 കാലത്ത് മൻമോഹൻ സിങ്ങ് നടപ്പിലാക്കിയ ഉദാരവത്കരണ നയങ്ങളും, 2009-2014 മൻമോഹൻ സിങ്ങ് സർക്കാർ മുൻകൈയ്യെടുത്ത ആസിയാൻ കരാറും ജീവിതം തർത്ത ഒരു ജനതയുടെ നെഞ്ചിൽ ചവിട്ടി നിന്നാണ് കർഷകരുടെ കണ്ണീരൊപ്പുമെന്ന് താങ്കളുടെ പ്രിയസഹോദരി പറഞ്ഞത്. ആസിയൻ കരാറാണ് വയനാട്ടിലെ കർഷകരുടെ പ്രധാന ഉപജീവനമാർഗ്ഗമായിരുന്ന കുരുമുളകിന്റെയും കാപ്പിയുടെയും റബ്ബറിന്റെയും വിലയിടിവിന്റെ തീവ്രതവർദ്ധിപ്പിച്ചത്. പുൽപ്പള്ളിയിലെ കർഷകരുടെ ജീവിതം ദുരിതസമാനമാക്കിയത് കരുമുളകിന്റെ വിലയിടിവായിരുന്നു. ഈയൊരു സാഹചര്യത്തിൽ കർഷകരുടെ കണ്ണീരൊപ്പുമെന്ന് പറഞ്ഞതിലൂടെ താങ്കളുടെ പ്രിയസഹോദരി എന്താണ് അർത്ഥമാക്കിയത്. യഥാർത്ഥത്തിൽ നവലിബറൽ നയങ്ങളിൽ നിന്നും പിന്നോട്ട് പോകുമെന്നും ആസിയൻ കരാർ ഉൾപ്പെടെയുള്ള കർഷകദ്രോഹപരമായ അന്താരാഷ്ട്ര കരാറുകളിൽ നിന്നും പിൻവാങ്ങുമെന്നുമായിരുന്നില്ലെ താങ്കളുടെ പ്രിയസഹോദരി പുൽപ്പള്ളിയിലെ കർഷകർക്ക് ഉറപ്പ് നൽകേണ്ടിയിരുന്നത്. അതിന് മുമ്പായി പുൽപ്പള്ളിയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ മരണത്തിന്റെ പേരിൽ ആത്മാർത്ഥമായ കുറ്റസമ്മതം നടത്താനും തയ്യാറാകേണ്ടിയിരുന്നില്ലെ. 2001-2008 കാലയളവിൽ 150ഓളം കർഷകർ ആത്മഹത്യചെയ്ത പുൽപ്പള്ളി-മുള്ളംകൊല്ലി മേഖലയിലെ കർഷകരോട് ഉപരിപ്ലവമായി ആത്മാർത്ഥ തൊട്ടുതീണ്ടാതെ കർഷകരുടെ കണ്ണീരൊപ്പുമെന്ന് പറയുമ്പോൾ താങ്കളുടെ പ്രിയസഹോദരി മൻമോഹൻ സിങ്ങിന്റെ സാമ്പത്തിക നയങ്ങളെ തള്ളിപറയുക കൂടി ചെയ്യേണ്ടിയിരുന്നു. എന്നാൽ കോൺഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മൻമോഹൻ സിങ്ങിന്റെ നവലിബറൽ നയങ്ങളെ ഉപേക്ഷിക്കില്ലെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. ഒരു തുറന്ന സ്വതന്ത്ര കമ്പോള സമ്പദ് വ്യവസ്ഥയ്ക്കായി പരിശ്രമിക്കുമെന്നാണ് പ്രകടനപത്രികയിൽ പറഞ്ഞിരിക്കുന്നത്. ഓപ്പൺ ലിബറൽ മാർക്കറ്റ് ഇക്കോണമിയാണ് രാജ്യത്തെയും പുൽപ്പള്ളിയിലെയും കർഷകരുടെ ജീവിതം ദുരിതപൂർണ്ണമാക്കിയത്. ഈ നയത്തെ തള്ളിപ്പറഞ്ഞ് എങ്ങനെയാണ് കർഷകരുടെ കണ്ണീരൊപ്പുകയെന്ന് പറഞ്ഞ് പോകാനായിരുന്നു താങ്കളുടെ സഹോദരി തയ്യാറാകേണ്ടിയിരുന്നത്. മറിച്ച് ഗിമ്മിക്കുകളിലൂടെ കർഷകരുടെ കണ്ണിൽ പൊടിയിടാൻ നടത്തിയ താങ്കളുടെ സഹോദരിയുടെ ശ്രമം അപഹാസ്യമാണ്. വയനാട്ടിലെ വിദ്യാഭ്യാസമെല്ലാം സൗജന്യമാക്കുമെന്ന് താങ്കളുടെ സഹോദരി പറഞ്ഞപ്പോൾ വയനാട്ടുകാർ പഞ്ചവടിപ്പാലം പോലുള്ള ആക്ഷേപഹാസ്യ സിനിമകൾ ഓർത്തുപോയിരിക്കണം. ഇത്തരത്തിൽ ഗിമ്മിക്കുകളിലൂടെ കബിളിപ്പിക്കാൻ വയനാട് അമേഠിയല്ലെന്ന് താങ്കളും സഹോദരിയും ഓർമ്മിക്കണമായിരുന്നു. വയനാട്ടിലെ ചികിത്സാ സാകര്യങ്ങളുടെ അഭാവമെന്നെല്ലാം താങ്കൾ പറഞ്ഞത് താങ്കളുടെ പരിഭാഷകൻ ബുദ്ധിപൂർവ്വം വിട്ടുകളഞ്ഞിരുന്നു. എന്നാൽ താങ്കളുടെ സഹോദരി അമേഠിയിൽ പറയേണ്ട കാര്യം ഇവിടെ മാറിപ്പറഞ്ഞ് പോയത് പരിഭാഷക തുറന്നു പറഞ്ഞപ്പോൾ വിദ്യാഭ്യാസവും യൂണിഫോമും പുസ്തകങ്ങളും ഉച്ചയൂണുമെല്ലാം സൗജന്യമായി കിട്ടുന്ന ഞങ്ങളുടെ നാട്ടിലെ കുട്ടികൾ ആർത്ത് ചിരിച്ചത് ആരെങ്കിലും താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നോ. എന്തായാലും പ്രിയപ്പെട്ട രാഹുൽ ഗാന്ധി വയനാട് നിങ്ങൾക്കൊരു പാഠശാലയാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ജനകീയ ബദലിന്റെ സൃഷ്ടിപരമായ വികസനത്തിന്റെ നിരവധി മാതൃകകൾ വയനാട്ടിലുണ്ടെന്ന് താങ്കൾ ഇതിനകം മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ. വയനാട്ടിൽ പരാജയപ്പെട്ടാലും അമേഠിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ താങ്കൾക്ക് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. കേരള മോഡലിന്റെ ജനപക്ഷ രാഷ്ട്രീയം ഭാവിയിൽ അമേഠിയിലും താങ്കളുടെ രാഷ്ട്രീയ പ്രവർത്തനത്തിലും താങ്കൾക്ക് അനുഭവപാഠമാകട്ടെയെന്ന് ആശംസിക്കുന്നു. കുടുംബവൈകാരികതയും പഴയ തഴമ്പുമൊന്നുമല്ല ജനങ്ങൾ അഭിമുഖീകരിക്കുന്ന ജീവൽപ്രശ്നങ്ങളാണ് രാജ്യം അഭിമുഖീകരിക്കുന്ന പ്രധാനരാഷ്ട്രീയ പ്രശ്നങ്ങളെന്ന് സമയം കിട്ടുമ്പോൾ താങ്കൾ പ്രിയസഹോദരി പ്രിയങ്കയ്ക്ക് പറഞ്ഞ് കൊടുക്കണം. കുടുംബവൈകാരികതയുടെ ചൊൽക്കാഴ്ചകൾ അമേഠിയിലേത് പോലെ വയനാട്ടിൽ ഏൽക്കില്ലെന്ന് സഹോദരിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാതിരുന്ന കേരളത്തിലെ ഫാൻസ്ക്ലബ്ബ് ഭാരവാഹികളുടെ ചെവിക്കൊരു കിഴുക്ക് കൊടുക്കാനെങ്കിലും താങ്കൾ മറക്കരുത്. അഭിവാദനങ്ങളോടെ കെ.റഫീഖ് ജില്ലാ സെക്രട്ടറി, ഡി.വൈ.എഫ്.ഐ, വയനാട് content highlights: Rahul gandhi, Congress, UDF, LDF, Wayanad, DYFI
from mathrubhumi.latestnews.rssfeed http://bit.ly/2GoOI3z
via
IFTTT
No comments:
Post a Comment