അഗളി: അട്ടപ്പാടിയിൽ ആദിവാസിയുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂർ പഞ്ചായത്തിലെ ഗലസി ഊരിൽ വെള്ളിയുടെ മകൻ മുരുകനാണ് (27) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഊരിലേയ്ക്ക് വാഹനസൗകര്യമില്ലാത്തതിനാൽ അഞ്ചുകിലോമീറ്ററോളം മൃതദേഹം ചുമന്നാണ് അശുപത്രിയിലെത്തിക്കാനായത്.മുരുകന്റെ കൂടെയുണ്ടായിരുന്ന മാതന് ഓടിരക്ഷപ്പെടുന്നതിനിടെ പരിക്കേറ്റു. താഴെ തുടുക്കിയിൽനിന്ന് താഴെ ഗലസിയിലേയ്ക്ക് വെള്ളിയാഴ്ച പുലർച്ചെ രണ്ട് സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ പാന്തളക്കടവിൽവെച്ച് ഒറ്റയാന്റെ മുന്നിൽപ്പെടുകയായിരുന്നു. മുന്നിൽ നടക്കുകയായിരുന്ന മുരുകന്റെ സുഹൃത്ത് കൃഷ്ണനെ ആദ്യം ആക്രമിച്ചെങ്കിലും ബാഗും മുണ്ടും ഉപേക്ഷിച്ച് കൃഷ്ണൻ ഓടിരക്ഷപ്പെട്ടു. തൊട്ടുപിന്നാലെയുണ്ടായിരുന്ന മുരുകന് രക്ഷപ്പെടാനായില്ല.വെള്ളിയാഴ്ച പുലർച്ചെ മരണം സംഭവിച്ചെങ്കിലും വാഹനസൗകര്യമില്ലാത്തതിനാൽ ഉച്ചകഴിഞ്ഞാണ് അഗളിയിൽ മൃതദേഹം എത്തിക്കാനായത്. തുണിയിൽപ്പൊതിഞ്ഞ് മരക്കമ്പുകളിൽ കെട്ടി നാലുപേർ ചുമക്കുകയായിരുന്നു. കാട്ടിലൂടെയുള്ള ഒറ്റയടി നടപ്പാതമാത്രമാണ് ഊരുവാസികളുടെ ആകെയുള്ള ആശ്രയം. കടുകുമണ്ണവരെ മൃതദേഹം ചുമന്നെത്തിച്ചു. ഇവിടെനിന്ന് ജീപ്പിലും തുടർന്ന് ആനവായിൽ കാത്തുനിന്ന ആരോഗ്യവകുപ്പിന്റെ ആംബുലൻസിലുമായി മൃതദേഹം അഗളിയിലെത്തിച്ചു. വെള്ളിയാഴ്ച വൈകീട്ട് പോസ്റ്റ്മോർട്ടം കഴിഞ്ഞെങ്കിലും സമയം വൈകിയതിനാൽ ഗതാഗതസൗകര്യമില്ലാത്ത കാട്ടുപാതയിലൂടെ കൊണ്ടുപോകന്നത് സുരക്ഷിതമല്ലാത്തതിനാൽ മൃതദേഹം ശനിയാഴ്ചമാത്രമെ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷൻ വനംവകുപ്പധികൃതരും അഗളി പോലീസും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഭാര്യ: രാധിക. മക്കൾ: ജിഷ മോൾ, ജിബിഷ. അമ്മ: പൊന്നി.
from mathrubhumi.latestnews.rssfeed http://bit.ly/2W0jYwA
via
IFTTT
No comments:
Post a Comment