തിരുവനന്തപുരം: കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നുവെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ സ്ഥിരീകരണത്തോെട ഇതിനെ രാഷ്ട്രീയ ആയുധമാക്കിമാറ്റാനുള്ള പുറപ്പാടിലാണ് കോൺഗ്രസും ബി.ജെ.പി.യും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്യാമറയിൽനിന്നുള്ള ദൃശ്യങ്ങൾ തന്നെയാണ് പരാതിക്ക് അടിസ്ഥാനമെന്നതാണ് പ്രതിപക്ഷത്തിന് ശക്തിപകരുന്നത്. വിശദമായ റിപ്പോർട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയക്കുകയും ചെയ്തു. കണ്ണൂർ, കാസർകോട് കളക്ടർമാരോട് കള്ളവോട്ട് അടക്കമുള്ള തിരിമറികളെക്കുറിച്ച് ആദ്യംതന്നെ പരാതിപറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നാണ് കോൺഗ്രസിന്റെ പരാതി. ക്യാമറ സ്ഥാപിച്ച ബൂത്തുകളിലെ സ്ഥിതി കളക്ടറേറ്റിലെ മോണിറ്ററിങ് മുറിയിലിരുന്ന് ഉദ്യോഗസ്ഥർ വിലയിരുത്തിയിരുന്നു. യു.ഡി.എഫ്. ഏജന്റുമാരെ ബൂത്തിൽനിന്ന് ഇറക്കിവിട്ടതും ചില ബൂത്തുകൾ അടച്ചിട്ടതുമടക്കുള്ള സംഭവങ്ങൾക്കുനേരെ നിരീക്ഷണച്ചുമതലയുള്ള ഉദ്യോഗസ്ഥർ എന്തുകൊണ്ട് കണ്ണടച്ചുവെന്ന ചോദ്യം കോൺഗ്രസ് ഉയർത്തുന്നു. 90 ശതമാനത്തിനുമേൽ പോളിങ് വന്ന നൂറ് ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. എന്നാൽ, ഇത് പ്രാവർത്തികമാകില്ല. ക്രമക്കേട് കണ്ടെത്തിയ ഏതെങ്കിലും ബൂത്തിലേ വിദൂരമാണെങ്കിലും റീപോളിങ്ങിന് സാധ്യതയുള്ളൂ. റീപോളിങ്ങിനായി കോൺഗ്രസും ഒരുപരിധിയിൽ കൂടുതൽ സമ്മർദം ചെലുത്തില്ല. വീണ്ടും പോളിങ് നടന്നാൽ ആദ്യം വോട്ടുചെയ്യാനെത്തിയവർ വീണ്ടും എത്തണമെന്നില്ല. കള്ളവോട്ട് നടന്ന സ്ഥലങ്ങളിൽ അത് ചെയ്തവർക്കും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കുമെതിരേ നടപടി വേണമെന്നതിനാണ് കോൺഗ്രസ് ഊന്നൽനൽകുന്നത്. കള്ളവോട്ട് ആരോപണത്തെക്കുറിച്ച് സി.പി.എം. സംസ്ഥാനനേതൃത്വം ഇനിയും പ്രതികരിച്ചിട്ടില്ല. ജില്ലാ സെക്രട്ടറി എം.വി. ജയരാജനാകട്ടെ ഓപ്പൺ വോട്ട് ചെയ്തതാണ് ആരോപണത്തിന് ഇടയാക്കിയതെന്ന മറുപടിയാണ് നൽകിയത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കട്ടെയെന്നും അതിനുശേഷം പ്രതികരണമെന്നുമാണ് പാർട്ടി നിലപാട്. ആദ്യദിവസങ്ങളിൽ പ്രതികരിക്കാതിരുന്ന ബി.ജെ.പി.യും രംഗത്തെത്തി. സംഭവത്തെക്കുറിച്ച് സംസ്ഥാന സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനപ്രകാരമായിരിക്കും തുടർനടപടികൾ. വോട്ടെടുപ്പും വോട്ട് എണ്ണലിനുമിടയിൽ ഒരു മാസം സമയമുണ്ടെന്നതാണ് ഇപ്രാവശ്യത്തെ പ്രത്യേകത. റീപോളിങ് നടത്താനും വേണ്ടത്ര സാവകാശമുണ്ട്. തിരഞ്ഞെടുപ്പ് കേസിലേക്ക് പോകാതെയും എന്നാൽ, തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പുവരുത്തിയുമുള്ള തീരുമാനമെടുക്കുകയെന്നതാണ് കമ്മിഷന്റെ വെല്ലുവിളി. content highlights:bogus voting-loksabha election,kerala, cpm, ldf, udf, congress,kerala election
from mathrubhumi.latestnews.rssfeed http://bit.ly/2ZJ2WFl
via
IFTTT
No comments:
Post a Comment