' തന്നെ നാഴികയ്ക്ക് നാല്‍പതു വട്ടം എന്നെ 'എടീ' എന്ന് വിളിക്കുന്ന അമ്മയെ തനി വൈക്കംകാരിയായ ഞാന്‍ നീരസത്തോടെ നോക്കുമായിരുന്നു, കൂട്ടുകാരുടെ ഇടയില്‍ ആ വിളി എന്റെ സ്റ്റാറ്റസ് അല്പം കുറച്ചു കളഞ്ഞു' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, April 6, 2019

' തന്നെ നാഴികയ്ക്ക് നാല്‍പതു വട്ടം എന്നെ 'എടീ' എന്ന് വിളിക്കുന്ന അമ്മയെ തനി വൈക്കംകാരിയായ ഞാന്‍ നീരസത്തോടെ നോക്കുമായിരുന്നു, കൂട്ടുകാരുടെ ഇടയില്‍ ആ വിളി എന്റെ സ്റ്റാറ്റസ് അല്പം കുറച്ചു കളഞ്ഞു'

സംസ്ഥാനത്ത് ഓരോ ജില്ലയിലെയും ഭാഷകള്‍ക്കും വിളികള്‍ക്കും വ്യത്യാസമുണ്ട്. 'മോളെ ' എന്നതിന് പകരം അനുജത്തിയെ സ്വന്തം ഭര്‍ത്താവ് 'എടീ 'എന്ന് വിളിക്കുമ്പോള്‍ അതിനെതിരേ ശക്തമായി പ്രതികരിക്കുന്ന പാവം പിടിച്ച ഒരു ഭാര്യയുടെ മാനറിസങ്ങള്‍ കുമ്പളങ്ങി നൈറ്റ്‌സില്‍ കണ്ടതാണ്. എടീ എന്നതിന് ഓരോജില്ലയിലും ഓരോ അര്‍ത്ഥങ്ങളാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹേമ പനപ്പുരയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഹേമയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഒരു വിളിയില്‍ എന്തിരിക്കുന്നു....
*********************************
കുമ്പളങ്ങി നൈറ്റ്സില്‍ ഷമ്മി, ബേബി മോളെ 'എടീ ' എന്ന് വിളിച്ച് ഒരു കുടുംബം തകര്‍ക്കാനിടയായത് ശരിയോ തെറ്റോ എന്ന വാഗ്വാദം ഉയര്‍ന്നു പൊങ്ങിയപ്പോള്‍ ഓര്‍മ വന്ന എന്റെ ചില അനുഭവങ്ങള്‍ ആണ് പങ്കുവയ്ക്കുന്നത്....

'മോളെ ' എന്നതിന് പകരം അനുജത്തിയെ സ്വന്തം ഭര്‍ത്താവ് 'എടീ 'എന്ന് വിളിക്കുമ്പോള്‍ അതിനെതിരേ ശക്തമായി പ്രതികരിക്കുന്ന പാവം പിടിച്ച ഒരു ഭാര്യയുടെ മാനറിസങ്ങള്‍ കണ്ട് അന്തംവിട്ടിരിക്കുന്ന ഏത് ശരാശരി മലയാളിയേയും പോലെ തന്നെ ഞാനും...

പക്ഷേ അതിന്റെ അര്‍ത്ഥതലങ്ങള്‍ കേരളത്തില്‍ ഓരോയിടത്തും പലതാണ്. എനിക്ക് അത് ഏറെ പരിചിതവുമാണ്.

തനി തൃശൂര്‍കാരിയായ അമ്മയുടെയും കോട്ടയം വൈക്കം കാരനായ അച്ഛന്റെയും മകളായതിനാല്‍ ഈ ഭാഷാ പ്രയോഗങ്ങളുടെ അനന്തചാതുരി ആവോളം ഏറ്റു വാങ്ങിയിട്ടുമുണ്ട്.

അമ്മയുടെ 'ഈ ചാത്തനെ അങ്ങ്ട് ആട്ടിയേ' എന്നുള്ള പ്രയോഗം കേട്ടു ഞെട്ടി തകര്‍ന്ന അച്ഛന്റെ അമ്മയുടെ കാര്യം മുതല്‍ (പൂവന്‍ കോഴിയെ അടുക്കളയില്‍ നിന്ന് ഓടിച്ചു കളയാന്‍ ആണ് അമ്മ ഉദ്ദേശിച്ചത്), 'ക്ടാവേ' വിളി കേട്ട് പൊട്ടിക്കരഞ്ഞ കസിന്‍ ചേട്ടന്‍മാരുടെ കഥ വരെ കുട്ടിക്കാലത്തെ തമാശകളായിരുന്നു.....

ഉദ്യോഗ സംബന്ധമായി കാസര്‍ഗോഡ് തുടങ്ങി ആലുവ, പത്തനംതിട്ട, വൈക്കം, തിരുവനന്തപുരം ഒക്കെ സഞ്ചരിച്ചു ഇപ്പോള്‍ എറണാകുളത്തു പറ്റിക്കൂടിയ എന്നെ ഇക്കാലമെല്ലാം ഒരുപോലെ രസിപ്പിച്ചതും ഈ ഭാഷാ വൈചിത്രമാണ്..

പറഞ്ഞു വന്നത് 'എടീ' എന്ന വിളിയെപ്പറ്റിയാണ്.
'എടീ' വിളിയില്‍ എന്തിരിക്കുന്നു എന്ന് ഒരു പക്കാ തൃശ്ശൂര്‍ക്കാരന്‍ ചോദിച്ചേക്കാം. കാരണം പുട്ടിന് പീര പോലെ, ഏത് വാചകത്തിനൊടുവിലും അവര്‍ തലങ്ങും വിലങ്ങും തിരുകിക്കയറ്റുന്നു 'എടീ/എടാ ' പ്രയോഗം.

അത് സ്‌നേഹം കൂടുതലായിട്ടാണ്, കുറഞ്ഞിട്ടല്ല....

'എന്തടിയെ ' എന്ന സ്‌നേഹത്തിലുള്ള വിളി കേട്ടാല്‍ തന്നെ ഏത് ഹൃദയവും ഒന്നലിഞ്ഞുപോകും.
ഇത് പക്ഷേ കോട്ടയത്ത് എത്തുമ്പോള്‍ പരുക്കന്‍ വിളിയായി മാറും.
ഒരല്പം ദേഷ്യമാണ് ഇവിടുത്തെ 'എടീ' വിളിയുടെ മുഖമുദ്ര.

അതുകൊണ്ട് തന്നെ നാഴികയ്ക്ക് നാല്‍പതു വട്ടം എന്നെ 'എടീ' എന്ന് വിളിക്കുന്ന അമ്മയെ തനി വൈക്കംകാരിയായ ഞാന്‍ നീരസത്തോടെ നോക്കുമായിരുന്നു. കൂട്ടുകാരുടെ ഇടയില്‍ ആ വിളി എന്റെ സ്റ്റാറ്റസ് അല്പം കുറച്ചു കളഞ്ഞു. വൈക്കം വേരുകളുടെ ഗരിമയിലാകണം ഇന്നും 'എടീ' എന്ന വിളി എനിക്കല്പം അരുചി നല്‍കുന്ന ഒന്നാണ്.....

എറണാകുളത്താകട്ടെ എന്തിനും ഏതിനും 'മോളേ, മോനേ ' വിളികളാണ്. അത് ഒരു ദേശീയ പ്രയോഗമാണ് ഇവിടെ.

വിവാഹം കഴിഞ്ഞ് വാരാപ്പുഴയില്‍ എത്തിയപ്പോഴാണ് എനിക്കത് പിടികിട്ടിയത്.

ഒരിക്കല്‍ വീട്ടില്‍ വച്ച് 'മോളേ ' വിളി കേട്ട് തിരിഞ്ഞു നോക്കിയത്
ഞാനും,
അമ്മായിഅമ്മയും,
അമ്മായിഅമ്മയുടെ അമ്മയും ഒരുപോലെ ആയിരുന്നു........

എന്നെ ഞെട്ടിച്ചുകൊണ്ട് എണ്‍പത് വയസ്സായ അമ്മൂമ്മയുടെ കൂട്ടുകാരി അമ്മൂമ്മയെ വിളിക്കുകയാണ് 'മോളേ 'എന്ന്..

അവര്‍ പരസ്പരം 'മോളേ മോളേ 'എന്ന് വിളിച്ച് സംസാരിക്കുകയാണ്..
എറണാകുളത്തൊക്കെ ഭര്‍ത്താവിനെ ഭാര്യ 'മോനേയെന്നും' ഭാര്യയെ ഭര്‍ത്താവ് 'മോളേയെന്നും' സ്‌നേഹപുരസ്സരം വിളിച്ചു തകര്‍ക്കുമെന്ന് പിന്നീടല്ലേ ഞാന്‍ മനസ്സിലാക്കിയത്.

എന്തിനു പറയുന്നു അയല്‍വക്കക്കാര്‍, നാട്ടുകാര്‍ പോലും പരസ്പരം 'മോളേ മോനേ' തന്നെ !

ഇവിടെയെല്ലാം 'എടീ /എടാ' എന്ന് വിളിക്കുന്നത് അക്ഷന്ത്യവ്യമായ, ഗുരുതരമായ, പൊറുക്കാനാവാത്ത തെറ്റാണ്

എന്റെ ഭര്‍ത്താവാകട്ടെ കുട്ടിക്കാലം മുഴുവനും തൃശ്ശൂരില്‍ വളര്‍ന്നതിനാല്‍ 'മോളു'മില്ല, ബാക്കി എറണാകുളത്തു ജീവിച്ചതിനാല്‍ 'എടി'യുമില്ല എന്നത് കൊണ്ട് പരിക്കേല്‍ക്കാതെ തത്കാലം ഞാന്‍ രക്ഷപെട്ടു !
എങ്കിലും വര്‍ഷത്തിലൊരിക്കല്‍ CK 'എടീ 'എന്ന് വിളിച്ചാല്‍ അപകടം മണക്കണം,ദേഷ്യം വന്നിട്ടാണ്.

എന്റെ സ്വന്തം നാട്ടിലാകട്ടെ സ്ഥിതി വേറെയാണ്. മധ്യകേരളത്തില്‍ ഒക്കെ സ്‌നേഹപൂര്‍വ്വം കുട്ടികളെ വിളിക്കുന്നത് 'കൊച്ച് ' എന്നാണ്.

തൃശ്ശൂരില്‍ എല്ലാ കിടാങ്ങളെയും 'ഉണ്ണി' എന്നും, തിരുവനന്തപുരത്തു 'അപ്പീ' എന്നും കണ്ണൂരില്‍ 'കുഞ്ഞീ 'എന്നും വിളിക്കുന്നപോലെ തന്നെ !

എന്റെ വീട്ടില്‍ ഞാന്‍ ഏറ്റവും ഇളയതായതിനാല്‍ വീട്ടുകാരും നാട്ടുകാരും എന്നെ അന്തസ്സായി 'കൊച്ച് 'എന്ന് വിളിച്ചു വന്നു.

ആദ്യമൊക്കെ എനിക്ക് ഒന്നും തോന്നിയിരുന്നില്ല. സന്തോഷം തന്നെ. ഹൈസ്‌കൂളില്‍ ഒക്കെ ചെന്നപ്പോഴാണ് ഞാനാ ആപത്തു മണത്തത്...

എന്റെ മിക്ക കൂട്ടുകാര്‍ക്കും വീട്ടില്‍ വിളിക്കാന്‍ ചെല്ലപ്പേരുണ്ട്.

രശ്മിയെ 'സീമ'യെന്നും, നിതയെ 'കുഞ്ഞുമോളെ'ന്നും, ദീപ്തിയെ 'ദിപു' വെന്നും, മാഗിയെ 'മാര്‍ഗരെറ്റെ'ന്നും അന്തസ്സായി വിളിക്കുന്നു.

പപ്പി, സ്വീറ്റി, ചിക്കു..
ആഹാ....എന്ത് കലക്കന്‍ പേരുകള്‍

അന്നൊക്കെ പേര് ചോദിക്കുമ്പോള്‍ 'ശരിക്കും പേരും, വീട്ടില്‍ വിളിക്കുന്ന പേരും ' ഇങ്ങനെ അന്തസ്സായി രണ്ട് പേര് പറയും എല്ലാവരും..

എന്തിന് സ്വന്തം കുടുംബത്തില്‍ തന്നെ ചേച്ചിയായ റീനചേച്ചിയുടെ ചെല്ലപ്പേര് മോളി എന്നാണ്.
എന്നാല്‍ എന്റെ സ്ഥിതിയോ?

ഒരു ആഡ്യത്വവും ഇല്ലാത്ത ദാരിദ്ര്യം പിടിച്ച ഒരു പേര് 'കൊച്ച് ' !

പുറത്ത് ആരോടെങ്കിലും പറയാന്‍ കൊള്ളുമോ??
ഹേനയെന്നു പറഞ്ഞാല്‍ നാട്ടില്‍ ആരും അറിയുകയുമില്ല.

ഇതില്‍ മനം നൊന്ത ഞാന്‍ ഒരു പോംവഴി കണ്ടു പിടിച്ചു, സ്വന്തമായി ഒരു പേരിടുക. എന്നെ വീട്ടില്‍ വിളിക്കുന്ന പേര് ഒന്ന് പരിഷ്‌കരിക്കുക.

'കൊച്ച് ' എന്നതിന് പകരം വിവിധതരം പേരുകള്‍ ആവിഷ്‌കരിച്ചു എല്ലാവര്‍ക്കും ഓപ്ഷന്‍ കൊടുത്തു.

മഞ്ജു, അഞ്ജലി, പാര്‍വതി etc etc...

പേരുകള്‍ക്ക് ഒട്ടും പഞ്ച് കുറയാന്‍ പാടില്ലല്ലോ. ഏത് വേണമെങ്കിലും വിളിക്കാം.

എന്നിട്ട് പക്ഷേ എന്ത് കാര്യം? ഒന്നും ഏറ്റില്ല.
ആരും ഇതൊന്നും കേട്ടതായി പോലും ഭാവിച്ചില്ല.
'കൊച്ച് ' പൂര്‍വാധികം ശക്തിയായി തുടര്‍ന്നു.

പാവം പ്രദീപ് ചേട്ടന്‍ Pradeep Kumar മാത്രം എന്നെ കുറെ നാള്‍ 'മഞ്ച് ' എന്ന് വിളിച്ചു. ചിലര്‍ മഞ്ചു പരിഷ്‌കരിച്ചു 'മങ്ക' യാക്കി കളഞ്ഞു (ആ പേരില്‍ നിന്ന് രക്ഷപ്പെടാന്‍ പിന്നെ ഞാന്‍ ഇതിലും ഏറെ പണിപ്പെടേണ്ടിവന്നു).

എന്റെ ശ്രമം കണ്ട് പാവം തോന്നിയ ചേട്ടായി Vinod Panappurayil പുള്ളാങ്കു എന്നും, ബാക്കി വീട്ടുകാര്‍ Aoskan Panappurayil 'പാറു ' എന്നൊക്കെ വിളിച്ചു ഐക്യ ദാര്‍ഢ്യവുമായി എത്തി.

എന്ത് പറയാന്‍... ഒന്നും അത്ര ഏശിയില്ല. 'കൊച്ച് ' കൊച്ചായിത്തന്നെ തുടര്‍ന്നു !

വീട്ടില്‍ പിന്നെ ചേട്ടന്മാര്‍ക്ക് കുട്ടികള്‍ ഉണ്ടായപ്പോള്‍ 'കൊച്ച് ' എന്നതില്‍ നിന്നും 'വല്യകൊച്ച്' എന്ന് മാറിയത് മാത്രം മിച്ചം.

കോളേജില്‍ വച്ച് നാട്ടിലെ പരിചയക്കാരെ വഴിയില്‍ വച്ച് കണ്ടാല്‍ മുങ്ങാന്‍ തുടങ്ങി. കടുത്ത കൊച്ചേ വിളിയുടെ ആധിക്യം തന്നെ കാരണം.

ഈ ലോകത്ത് എല്ലാവര്‍ക്കും എന്തൊരു നല്ല പേരുകളുണ്ട്, എനിക്ക് മാത്രം കൊച്ച് കൊച്ച് !

എങ്കിലും ഹേന എന്ന് എന്നെ വിളിക്കുന്നവര്‍ കുറവായിരുന്നു..
എന്തോ അങ്ങനെ വിളിക്കുമ്പോള്‍ എനിക്കും എന്തോ തോന്നുമായിരുന്നു...
അടുത്ത കൂട്ടുകാരൊക്കെ ഹേനാപ്പി എന്ന് വിളിച്ചു സന്തോഷിപ്പിച്ചു..

പക്ഷേ ഇതിനിടയില്‍ ഞാനറിയാതെ ഒന്ന് കൂടി സംഭവിച്ചു.
കാലം കടന്നു പോയപ്പോള്‍ എനിക്ക് ഏറ്റവും അടുത്ത ആളുകളില്‍ മാത്രമായി 'കൊച്ച് ' വിളി ഒതുങ്ങി.

'ഹേനേ' എന്ന് വിളിക്കുന്നത്, അതും ഏറ്റവും അടുപ്പമുള്ളവര്‍ വിളിക്കുന്നത് അകല്‍ച്ചയുടെ ലക്ഷണമായി അറിഞ്ഞോ അറിയാതെയോ എന്റെ മനസ്സ് കണക്ക് കൂട്ടാന്‍ തുടങ്ങി.

വിവാഹശേഷം ഭര്‍തൃ വീട്ടില്‍ 'കൊച്ചേ' എന്ന് വിളിക്കാന്‍ ആരുമില്ലാത്തതിനാല്‍ അതും അപ്രസക്തമായി.

അപ്പോഴാണ് കൊച്ചേയെന്ന ചെല്ലപ്പേരിന്റെ ശക്തി ഞാന്‍ തിരിച്ചറിഞ്ഞത്......

വൈക്കം വടയാറില്‍ നിന്നും പോന്ന ശേഷം ആ വിളിക്കായി മനസ്സ് കൊതിച്ചു. ഒരു പക്ഷേ ആ വിളിയില്‍ എന്റെ നാടിനെ തന്നെയാവും ഞാന്‍ തിരഞ്ഞത്.....

പിന്നീടിപ്പോള്‍ നാട്ടിലെത്തുമ്പോള്‍ എന്റെ പ്രിയപ്പെട്ടവര്‍ 'ഹേനേ' എന്ന് വിളിക്കുമ്പോള്‍ എന്റെ മനസ്സൊന്നിടിയും... പുറത്ത് പറയാറില്ലെങ്കിലും!

എന്നെ കുട്ടിക്കാലം മുതല്‍ക്കേ നോക്കി വളര്‍ത്തിയ പെണ്ണമ്മാമ്മ (വലിയമ്മ)എന്റെ മനസ്സ് കണ്ടു...

'കൊച്ചേ 'എന്ന് വിളിക്കുമ്പോള്‍ എന്നോടൊപ്പം തിരിഞ്ഞു നോക്കുന്ന എല്ലാ ജൂനിയര്‍ കൊച്ചുമാരോടുമായി പറയും, ഇവിടുത്തെ കൊച്ച് അവളാണ്, 'ഹേനാക്കൊച്ച് ', അവളുള്ളപ്പോള്‍ വേറെ ആരും വിളി കേള്‍ക്കേണ്ട....

ഒരു കാലത്ത് എന്നെ അലോസരപ്പെടുത്തിയിരുന്ന 'കൊച്ചേ' എന്ന കോട്ടയം വിളി ഇന്നെനിക്ക് തേന്‍ പോലെയാണ്.....

ദേശം മാറുമ്പോള്‍ വിളിയുടെ മാധുര്യം മാറും...

തിരുവനന്തപുരത്ത് സ്‌നേഹത്തോടെ വിളിക്കുന്ന 'അണ്ണാ, അക്കന്‍ ' മാധുര്യമാണ്, ഇടുക്കിക്കാരുടെ ' ചേട്ടായി, ചേടത്തി ' ക്കും, ആലപ്പുഴയിലെ 'ഓപ്പ,ഓപ്പച്ചിക്കും', പാലായിലെ 'പാപ്പയ്ക്കും' തൃശ്ശൂരിലെ 'ഗഡി'യ്ക്കും ഒറ്റപ്പാലത്തെ 'ഓപ്പോളി'നും, കണ്ണൂരിലെ 'ഏട്ടനും ഏടത്തിയ്ക്കും' കാസര്‍ഗോഡിലെ 'ഓള്‍ക്കും ഓനും' ഒക്കെ !

ഇപ്പോള്‍ കേരളത്തിലാകെ എല്ലാവരും 'സാര്‍വദേശീയമായി' പരസ്പരം ചേട്ടാ - ചേച്ചീ എന്നും വിളിക്കാറുണ്ട്.

ഓട്ടോയില്‍ കയറിയാല്‍ നമ്മള്‍ ഡ്രൈവറെ ചേട്ടാ എന്നും അവര്‍ തിരിച്ചു ചേച്ചീ എന്നും വിളിക്കുന്നത് പോലെ...

സര്‍ / മാഡം വിളികള്‍ ഒഴിവാക്കുകയും ചെയ്യാം എന്നതാണ് ഗുണം !

ഇന്ന് പുതിയ തലമുറയിലെ കൂട്ടുകാര്‍ തമ്മില്‍ എടാ, എടീ എന്ന് വളരെ കൂളായി വിളിച്ചു പോരുന്നു.

പണ്ട് കോണ്‍വെന്റ് സ്‌കൂളില്‍ വച്ച് പെണ്‍കൂട്ടുകാര്‍ പരസ്പരം 'എടോ -എടാ ' എന്നൊക്കെയാണ് വിളിച്ചിരുന്നത്.

തെക്കന്‍ കേരളത്തിലെ എന്റെ പെണ്‍ സുഹൃത്തുക്കള്‍ 'എടേ' എന്നാണ് പറയുന്നത്.

പ്രണയത്തിന്റെ മാധുര്യത്തില്‍ വിളിക്കുന്ന 'എടീ' അല്ല,
കുടുംബവഴക്കില്‍ ശകാരിച്ചു വിളിക്കുന്ന 'എടീ'....!

സ്‌നേഹ സ്വാതന്ത്ര്യമെടുത്തു വിളിക്കുന്ന 'എടീ' യും വെറുപ്പില്‍ വിളിക്കുന്ന 'എടീ' യും രണ്ടാണ്....

എങ്കിലും ഓരോ ദേശത്തിനും അതിന്റെതായ ചില കൈയ്യൊപ്പുകള്‍ ഉണ്ട്.

എന്റെ നാടിന്റെ 'കൊച്ച് ' പോലെ...... തിരുവനന്തപുരത്തിന്റെ 'അപ്പീ ' പോലെ...... തൃശ്ശൂരിലെ 'ക്ടാവേ ' പോലെ...... മലബാറിലെ 'കുഞ്ഞീ ' പോലെ..... എന്തിനേറെ പറയുന്നു ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ 'മുത്ത്, ചങ്ക്, ചക്കര ' വിളികള്‍ പോലെ......

പക്ഷേ ഒന്നുണ്ട്, ഈ വിളികളിലെല്ലാം സ്‌നേഹമെന്ന സ്റ്റാമ്പില്ലെങ്കില്‍ ആ വിളികളെല്ലാം കൈപ്പറ്റാതെ മടക്കേണ്ടി വരും

അതുകൊണ്ടാണ് 'എടീ ' എന്നതില്‍ എറണാകുളംകാരായ ബേബിമോളും സിമിയും പ്രകോപിതരായത് എന്ന് തിരിച്ചറിയാനാവുന്നതും,
ഏത് സംബോധനയും അരോചകമാക്കുന്നത് അതിന്റെ പുറകിലുള്ള സ്‌നേഹരാഹിത്യമാണ് എന്നറിയുന്നതും

NB: എന്റെ അമ്മയുടെ തൃശ്ശൂര്‍ - കോട്ടയം ഭാഷാ സങ്കരമായ 'എടീ കൊച്ചേ ' എന്ന് എന്നെ വിളിക്കുന്നത് കേട്ട് സഹികേട്ട എന്റെ പുത്രന്‍ തനി എറണാകുളംകാരനായി 'കുരു പൊട്ടി', സ്വന്തം അമ്മൂമ്മയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നെ 'മോളേ' എന്ന് മാത്രമേ വിളിക്കാവൂ എന്നാണ്. എങ്കിലും മോന്റെ മുന്‍പില്‍ വച്ച് മാത്രം അമ്മയെന്നെ വിളിക്കുന്ന ആ മോളേ വിളിയില്‍ മറ്റെന്തെങ്കിലും കൂടി മറഞ്ഞിരിക്കുന്നുണ്ടോ എന്ന ഒരു സംശയം എനിക്കില്ലാതില്ല..!



from mangalam.com http://bit.ly/2G299Eo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages