കൊച്ചി/തിരുവനന്തപുരം: യാത്രക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവീസിനെതിരെ കർശന നടപടിയുമായി ഗതാഗത വകുപ്പും പോലീസും. സുരേഷ് കല്ലട ട്രാവൽസിന്റെ വൈറ്റില ഓഫീസ് പോലീസ് അടച്ചു പൂട്ടി. തെളിവ് ശേഖരിക്കുന്നതിനിടെ അനധികൃതമായി പാർസൽ കടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനേത്തുടർന്നാണ് നടപടി. മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണർ സുദേഷ് കുമാർ ഐ.പി.എസ് വ്യക്തമാക്കി. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയിട്ടുണ്ട്. ഉടമ സുരേഷ് കല്ലടയെ വിളിച്ചുവരുത്താൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ദക്ഷിണമേഖല എ.ഡി.ജി.പി മനോജ് എബ്രഹാമിന് നിർദ്ദേശം നൽകി. കല്ലടയുടെ വൈറ്റിലയിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു. പ്രതിഷേധത്തിനിടെ ഓഫീസിലേക്ക് സംശയാസ്പദമായ തരത്തിൽ പാർസൽ കൊണ്ടുവന്നു. പ്രതിഷേധം നടക്കുന്നത് കണ്ടപ്പോൾ അത് തിരിച്ചു കൊണ്ടുപോയി. ഇക്കാര്യം പ്രവർത്തകർ പോലീസിന്റെ ശ്രദ്ധയിൽപെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കല്ലട ട്രാവൽസ് കേന്ദ്രീകരിച്ച് അനധികൃതമായി പാർസൽ നീക്കം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് മരട് പോലീസ് ഓഫീസ് അടച്ചു പൂട്ടാൻ നിർദേശം നൽകുകയായിരുന്നു. യാത്രക്കാരെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനേത്തുടർന്ന് കൊച്ചി മരട് പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ജയേഷ്, ജിതിൻ, ഗിരിലാൽ എന്നിവരെ അറസ്റ്റ് ചെയ്തു. ഉടമ സുരേഷ് കല്ലടയെ വിളിച്ചുവരുത്താനും നിർദേശം നൽകി. വിഷയത്തിൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള റിപ്പോർട്ട് കൊടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ബസ് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട ബസ് ഹരിപ്പാട് എത്തിയപ്പോൾ ബ്രേക്ക് ഡൗണായി. ഏറെ നേരം കഴിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കാൻ തയ്യാറാവാതിരുന്നതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായത്. യാത്രക്കാരിലൊരാളായ അജയഘോഷ് ഹരിപ്പാട് സി.ഐയെ വിളിച്ച് പരാതിപ്പെട്ടതിനേത്തുടർന്ന് കമ്പനി പകരം ബസ് ഏർപ്പാടാക്കി. ഇതിൽ ക്ഷുഭിതരായ ജീവനക്കാർ കൂടുതൽ പേരെ സംഘടിപ്പിച്ച് ബസ് വൈറ്റിലയിലെത്തിയപ്പോൾ അജയഘോഷിനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് രണ്ട് വിദ്യാർഥികളേയും മർദിച്ചത്. തിരുവനന്തപുരത്തു നിന്ന് മെക്കാനിക് വന്ന് ബസ് അറ്റകുറ്റപ്പണി ചെയ്താൽ കമ്പനിക്ക് 2000 രൂപമാത്രമേ ചിലവ് വരുമായിരുന്നുള്ളൂ. താൻ കാരണം കമ്പനിക്ക് 30000 ലേറെ രൂപ ചിലവ് വന്നുവെന്ന് ഡ്രൈവർ മർദിക്കുന്നതിനിടെ പറഞ്ഞതായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അജയഘോഷ് പറഞ്ഞു. യാത്രക്കാരിലൊരാൾ സംഭവത്തിന്റെ ദൃശ്യം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറം ലോകമറിയുന്നത്. ഇതോടെ സോഷ്യൽമീഡിയയിലും ഈ ട്രാൻസ്പോർട്ട് ഗ്രൂപ്പിനെതിരെ ആരോപണങ്ങളുമായി നിരവധി പേർ രംഗത്തു വന്നിട്ടുണ്ട്. Content highlights:Suresh Kallada Travel group facing detail investigation on assault case
from mathrubhumi.latestnews.rssfeed http://bit.ly/2ZiyykS
via
IFTTT
No comments:
Post a Comment