പാലക്കാട്: കുമാരന്നൂരിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ഥാനാർഥിയെത്തുമ്പോഴേക്കും ഊണിന് ഇലയിട്ടിരുന്നു. സമയം പന്ത്രണ്ടര ആവുന്നതേയുള്ളൂ. രാവിലെ ഏഴരയ്ക്ക് തത്തമംഗലം പാറക്കളത്തുനിന്ന് തുടങ്ങിയതാണ് പ്രചാരണം. സി.പി.എം. എരുത്തേമ്പതി ലോക്കൽ കമ്മിറ്റി അംഗം ജി. രംഗനാഥന്റെ വീട്ടിലായിരുന്നു ഊണൊരുക്കിയിരുന്നത്. കൂടെവന്ന പ്രവർത്തകരൊക്കെ ആദ്യമിരിക്കട്ടെയെന്ന് പറഞ്ഞ് ആലത്തൂർ ലോക്സഭാമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി പി.കെ. ബിജു മുറിക്കകത്തേക്കൊന്ന് മുങ്ങി. രംഗനാഥനെന്നുപറഞ്ഞാൽ കുമാരന്നൂരുകാർ ആരെന്ന് തിരികെ ചോദിക്കും. ബംഗാരു എന്നേ നാട്ടിലറിയൂ. ഭാര്യ ആർ. കാർത്തികേയനി എട്ടാംവാർഡ് പ്രതിനിധിയുമാണ്. സ്ഥാനാർഥി എത്തുന്നതറിഞ്ഞ് അടുക്കളയിൽ മെമ്പറുടെ നേതൃത്വത്തിൽ ആഘോഷമായിരുന്നു. തമിഴ്നാട് അതിർത്തിപ്രദേശമാണ് കുമാരന്നൂർ. വട, പായസം ഉൾപ്പെടെയുള്ള സദ്യ. നല്ല ഉശിരൻ കൊത്തുകോഴിയുടെ ഇറച്ചിക്കറിയുണ്ട്. ഊണുകഴിഞ്ഞുവന്ന നിയോജകമണ്ഡലം കൺവീനർ ഇ.എൻ. സുരേഷ് ബാബു സഹപ്രവർത്തകർക്ക് ഊണിനാവേശം പകർന്നു. അതിനിടയ്ക്ക് മുഖമൊക്കെ കഴുകി പി.കെ. ബിജു നാക്കിലയ്ക്ക് മുന്നിലെത്തി. ഇല തിരിച്ചിട്ടുകൊടുത്ത പ്രവർത്തകനെ ഇ.എൻ. രവീന്ദ്രൻ തിരുത്തി. ഇലയുടെ നാക്ക് ഇടതുകൈയിന്റെ ഭാഗത്തേക്ക് വരണം. നമ്മളായിട്ട് ആചാരം തെറ്റിക്കേണ്ട. ഇടതുമുന്നണി പ്രവർത്തകരായ ഷാജഹാനും ഹരിപ്രകാശും ചെന്താമരയും സ്വാമിനാഥനുമൊക്കെ അടങ്ങുന്ന സംഘം രവീന്ദ്രന്റെ വാക്കുകൾ ശരിവെച്ചു. ഇലത്തുമ്പത്ത് ആദ്യം മധുരം വിളമ്പി. പിന്നാലെ വട, അവിയൽ, തോരൻ, അപ്ലം എന്നറിയപ്പെടുന്ന തമിഴ്നാട് പപ്പടം, എല്ലാം ഇലയിലെത്തി. പൊന്നി അരിയുടെ ചോറാണ്. ഇവിടെ മട്ട അരി ഉപയോഗം കുറവാണ്. പാലക്കാടിന് പുറത്താണ് പാലക്കാടൻ മട്ടയ്ക്ക് പേര്. ബിജു ചോറുവിളമ്പുന്നതിനിടെ പറഞ്ഞു. ചൂട് പറക്കുന്ന ഇറച്ചിക്കറിയെത്തിയപ്പോൾ രണ്ടുകൈയും നിവർത്തി തടഞ്ഞു. ഇറച്ചിക്കറിയൊക്കെ ചൂടുകാലവും തിരഞ്ഞെടുപ്പും കഴിഞ്ഞ് എന്ന നിലപാടിലുറച്ചുനിന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഉച്ചയ്ക്ക് തയിർസാദം കഴിച്ചുമടങ്ങിയത് ഓർമയില്ലേ. സുരേഷ് ബാബുവിന്റെ ചോദ്യത്തിന് ബിജുവിന്റെ മറുപടി ചെറുചിരിയായിരുന്നു. ഊണുകഴിഞ്ഞ്, തിരഞ്ഞെടുപ്പിനെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും മാതൃഭൂമിയോട് അല്പനേരം: ? വോട്ടർമാരോട് പറയാനുള്ളത് രാഷ്ട്രീയപ്രബുദ്ധതയുള്ള മണ്ഡലമാണ്. ദേശീയരാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി വലുതാണ്. ആലത്തൂരിൽ ആ നിലപാടുകൾ ഉയർത്തിപ്പിടിക്കാനാണ് ശ്രമം. സംസ്ഥാന സർക്കാരിന്റെ ആയിരം ദിവസത്തെ ഭരണനേട്ടം സാധാരണക്കാരിലെത്തിക്കാനായിട്ടുണ്ട്. ഒപ്പം പത്തുവർഷത്തെ വികസനപ്രവർത്തനങ്ങളും. ഇത് മൂന്നുംതന്നെയാണ് പറയാനുള്ളത്. ? എന്തിന് ബിജുവിന് വോട്ടുചെയ്യണം ജനകീയപ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കാൻ സാധിക്കുന്നു. തുടർവികസനത്തിന് ഒരുവോട്ട്. അതാണ് ഇടതുമുന്നണിയും സ്ഥാനാർഥിയെന്ന നിലയ്ക്ക് ഞാനും ആവശ്യപ്പെടുന്നത്. ? അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ ചെയ്ത ഏറ്റവും മികച്ച കാര്യം മണ്ഡലത്തിൽ 200 കുടിവെള്ളപദ്ധതികൾ. കാൽലക്ഷംപേർക്ക് കുടിവെള്ളം. മഴനിഴൽ പ്രദേശമുൾപ്പെടുന്ന മേഖലകളിൽ ഇതുതന്നെയാണ് പ്രധാനമെന്ന് കരുതുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഡേ കെയർ കീമോതെറാപ്പി കേന്ദ്രം പ്രവർത്തനം തുടങ്ങാനായത് ആരോഗ്യചികിത്സാരംഗത്തെ നാഴികക്കല്ലാണ്. പൂർണമായി പ്രവർത്തനസജ്ജമായാൽ ലോകോത്തര കാൻസർ ചികിത്സാസൗകര്യം മണ്ഡലത്തിലുണ്ടാവും. ഇത് ആലത്തൂർ, ചിറ്റൂർപോലുള്ള താലൂക്ക് ആശുപത്രികളുമായി ബന്ധപ്പെടുത്തി ടെലി മെഡിസിൻ സൗകര്യവും കൊണ്ടുവരും. ? ചെയ്യാനാവാതെ പോയത് തരൂർ മണ്ഡലത്തിലെ പുതുക്കോട്ട് ഐ.എസ്.ആർ.ഒ.യുടെ സഹായത്തോടെ ഒരു ലൈബ്രറി- പഠനഗവേഷണകേന്ദ്രത്തിന് പദ്ധതി തയ്യാറാക്കിയിരുന്നു. സ്ഥലം കിട്ടാതായതോടെ അതുമുടങ്ങി. ഫിനിഷിങ് സ്കൂൾ മാതൃകയിലാണ് ഉദ്ദേശിച്ചിരുന്നത്. ? വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മുൻഗണന എന്തിനാവും കുടിവെള്ളത്തിനുതന്നെ. കൂടുതൽ സ്ഥലത്ത് കുടിവെള്ളമെത്തിക്കണം. പരമ്പരാഗതരീതികൾ വിട്ട് വെള്ളം പാഴാക്കാതെയുള്ള കൃഷിരീതികൾക്ക് പദ്ധതി തയ്യാറാക്കും. ? മണ്ഡലത്തിൽ കാണാത്തയാളെന്ന എതിരാളികളുടെ ആരോപണം തിരഞ്ഞെടുപ്പുകാലത്ത് വേറൊന്നും പറയാനില്ലാത്തതുകൊണ്ട് ഉന്നയിക്കുന്ന ആരോപണമാണ്. 2,200 കോടിയുടെ വികസനത്തിനുള്ള ഫണ്ടാണ് വിവിധ ഏജൻസികൾവഴി ആലത്തൂർ മണ്ഡലത്തിലെത്തിച്ചത്. ഇവയുടെയൊക്കെ തറക്കല്ലിടലിനും ഉദ്ഘാടനത്തിനും എത്തിയതൊന്നും അവർ അറിഞ്ഞുകാണില്ല. ജനപ്രതിനിധി ലോക്സഭയിൽ നിർവഹിക്കേണ്ട ഉത്തരവാദിത്തവും കൃത്യമായി നിർവഹിച്ചു. ആരോപണങ്ങൾക്ക് മറുപടി കണക്കുകൾ പറയും. ? വടക്കഞ്ചേരി -മണ്ണുത്തി പാത പണിമുടങ്ങിയിട്ട് പത്തുമാസമാവുന്നു തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. സാമ്പത്തികഭദ്രതയില്ലാത്ത ഏജൻസിയെ ഒന്നുകിൽ പറഞ്ഞുവിടണം. അതല്ലെങ്കിൽ പണി പൂർത്തിയാക്കാൻ പദ്ധതിവേണം. പണി പൂർത്തിയാവാതെ ടോൾപിരിക്കാൻ അനുവദിക്കില്ല. വടക്കഞ്ചേരിയിലെ മേല്പാലത്തിന് പാരിസ്ഥിതികാനുമതിയില്ലാതെ മണ്ണെടുക്കാനും പറ്റുന്നില്ല. സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ? പൊള്ളാച്ചി തീവണ്ടിപ്പാതയിൽ വാഗ്ദാനങ്ങളൊന്നും നടപ്പായില്ലല്ലോ പൊള്ളാച്ചിപ്പാതയിൽ ഒന്നും നടക്കാത്തതിന് ഉത്തരവാദികൾ ബി.ജെ.പി.യും കേന്ദ്രസർക്കാരുമാണ്. അവർ മറുപടി പറയണം. രാമേശ്വരത്തുനിന്ന് മൂകാംബികയിലേക്കും ഗുരുവായൂരിലേക്കും തീർത്ഥാടനപാത, മംഗലാപുരത്തേക്കും എറണാകുളത്തേക്കും ചരക്ക് ഇടനാഴി തുടങ്ങിയ പദ്ധതികൾക്കായി ലോക്സഭയിൽ പലതവണ ശബ്ദമുയർത്തി. ? മത്സരം എങ്ങനെയുണ്ട് മുമ്പത്തെ രണ്ട് തിരഞ്ഞെടുപ്പുകളേക്കാളും ഭൂരിപക്ഷം വർധിക്കും. പ്രവർത്തകരുടെ ആവേശവും പങ്കാളിത്തവും നൽകുന്ന പ്രതീക്ഷയാണിത്. ഇടതുമുന്നണിസംവിധാനം എണ്ണയിട്ടപോലെ ചലിക്കുന്നതിനാൽ ആശങ്കകൾക്കും അടിസ്ഥാനമില്ല. തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന എരുത്തേമ്പതി മണ്ഡലത്തിന്റെ വിവിധഭാഗങ്ങളിലെ പര്യടനം രാവിലെ ഏഴരയ്ക്ക് തുടങ്ങിയതാണ്. അടുത്ത യാത്ര തുടങ്ങുംമുമ്പ് ചെറിയ വിശ്രമം. പിന്നെ വീണ്ടും പ്രവർത്തകർക്കിടയിലേക്ക്. Content Highlights; PK Biju, Alathur Loksabha LDF Candidate,
from mathrubhumi.latestnews.rssfeed https://ift.tt/2UrejSz
via
IFTTT
No comments:
Post a Comment