ഭോപ്പാല്‍: 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി സാധ്വി പ്രഗ്യാ സിംഗ് താക്കൂര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
താന്‍ ഔപചാരികമായി ബി.ജെ.പിയില്‍ ചേര്‍ന്നുവെന്നും പാര്‍ട്ടിക്കു വേണ്ടി മത്സരിക്കുമെന്നും ഉറപ്പായും വിജയിക്കുമെന്നും അത് തനിക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അവര്‍ പറഞ്ഞു. ഭോപ്പാലിലെ ബി.ജെ.പി ഓഫീസില്‍ എത്തി മുതിര്‍ന്ന നേതാക്കളായ ശിവരാജ് സിംഗ് ചൗഹാന്‍, രാംലാല്‍ തുടങ്ങിയവരുമായും സാധ്വി പ്രഗ്യാസിംഗ് കൂടിക്കാഴ്ച നടത്തി.
സാധ്വിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അവരുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും നിലവിലെ എം.പി അലോക് സജ്ഞാര്‍ പറഞ്ഞു. അവര്‍ക്കെതിരായ ഒരു ആരോപണവും തെളിയിക്കപ്പെട്ടിട്ടില്ല. ഒരു സ്ത്രീയാണ് അപമാനിക്കപ്പെട്ടിരിക്കുന്നത്. അതിന് പ്രതികാരം ചെയ്യേണ്ട സമയമാണിതെന്നും അലോക് സജ്ഞാര്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടിരുന്നു. 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സാധ്വിക്കു പുറമേ ലഫ്.കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതിനെയും അറസ്റ്റു ചെയ്തിരുന്നു. ഇരുവരും പിന്നീട് ജാമ്യത്തിലിറങ്ങി.
സാധ്വിക്കെതിരെ ചുമത്തിയിരുന്ന മക്കോക്ക ആക്ട് കോടതി എടുത്തുമാറ്റിയെങ്കിലും യുഎപിഎ പ്രകാരമുള്ള കുറ്റം നിലനില്‍ക്കുന്നുണ്ട്.
from mangalam.com http://bit.ly/2vhtSy9
via IFTTT
No comments:
Post a Comment