ഈ തിരഞ്ഞെടുപ്പ് കണ്ട ഏറ്റവും വലിയ അപരാധമെന്ന മട്ടിലാണ് രാഹുൽഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ആക്രമിക്കപ്പെടുന്നത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ട്ലേഖനമെഴുതുന്നു , സഖാവ് പിണറായി പ്രസ്താവനയിറക്കുന്നു, രണ്ടു സീറ്റിൽ മത്സരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുപ്രീംകോടതിയിൽ കേസ് കൊടുക്കുന്നു, ജനപ്രാതിനിധ്യ നിയമത്തിൽ ഇതിനുള്ള വ്യവസ്ഥ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുക്കുന്നു. ഇതിനു മുമ്പ് എത്രയോ പേർ രണ്ടു സീറ്റുകളിൽ മത്സരിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തവണ ഗുജറാത്തിലെ വഡോദരയിൽ നിന്നും ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നും മത്സരിച്ചിരുന്നു. അപ്പോഴൊന്നുമില്ലാത്ത ഈ വേവലാതി തീർച്ചയായും നിഷ്കളങ്കമല്ല. രണ്ടു മണ്ഡലങ്ങളിൽ നിന്നും മത്സരിക്കാമെന്നത് ഇന്ത്യൻ ജനപ്രാതിനിധ്യ നിയമം 33 ാം വകുപ്പ് നൽകുന്ന അവകാശമാണ് . ആ അവകാശം ഒരു നേതാവ് പ്രയോജനപ്പെടുത്തുമ്പോൾ അതിൽ ഇത്രമാത്രം ബേജാറാവണമെന്നുണ്ടെങ്കിൽ അതിനുള്ള മുഖ്യ കാരണം പേടി തന്നെയായിരിക്കും. രാഹുലിന്റെ വയനാട്ടിലേക്കുളള വരവ് ഏറ്റവും കൂടുതൽ പേടിപ്പിച്ചിരിക്കുന്നത് ഇടതുപക്ഷത്തെയാണ്. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം വെള്ളം ചേർത്തിരിക്കുകയാണെന്നും ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് തിരക്കഥ നഷ്ടപ്പെട്ടു കഴിഞ്ഞെന്നുമാണ് സഖാവ് ബൃന്ദ എഴുതിയിരിക്കുന്നത്.വയനാട്ടിൽ മത്സരിക്കുന്നതിലൂടെ രാഹുൽ എന്തു സന്ദേശമാണ് നൽകുന്നതെന്നാണ് സഖാവ് പിണറായി ചോദിക്കുന്നത്. രാഹുൽഗാന്ധിയുടെ ഗതികേടാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ബിജെപി വിലപിക്കുന്നു. രാഹുൽ വരുന്നതോടെ ഒരു മുസ്ലീം സ്ഥാനാർത്ഥിയുടെ സാദ്ധ്യതകൾ ഇല്ലാതാവുന്നതിനെക്കുറിച്ചും ഇടതുപക്ഷം കരയുന്നുണ്ട്. കേരളത്തിൽ പാർട്ടി മത്സരിക്കുന്ന 16 സീറ്റുകളിൽ വിജയിക്കാൻ കുറച്ചെങ്കിലും സാദ്ധ്യതയുള്ള ഒരേയൊരു മണ്ഡലത്തിൽ മാത്രമാണ് സിപിഎം ഒരു മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിരിക്കുന്നതെന്ന് ( ആലപ്പുഴയിൽ ) മറന്നുകൊണ്ടാണ് ഇടതു ബുദ്ധിജിവികൾ ഇങ്ങനെ വലിയ വായിൽ കരയുന്നത്. കോൺഗ്രസ് നന്മയുടെ കൂടാരമല്ല, രാഹുൽ മഹാത്മാഗാന്ധിയുടെ അവതാരവുമല്ല. പക്ഷേ, അമേഠിക്കു പുറമെ വയനാട്ടിലും മത്സരിക്കാനുള്ള തീരുമാനത്തിന്റെ പേരിൽ രാഹുലിനെയും കോൺഗ്രസ്സിനെയും വളഞ്ഞിട്ടാക്രമിക്കുന്നത് ശരിയായ രാഷ്ട്രീയമാണെന്നു കരുതാനാവില്ല. ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് ഒരു നേതാവേയുള്ളൂ . രാഹുൽ ഗാന്ധിയെന്ന ഈ നേതാവ് ലോക്സഭയിലെത്തിയിരിക്കണമെന്ന് ഉറപ്പുവരുത്തേണ്ടത് കോൺഗ്രസ്സിന്റെ കടമയും ബാദ്ധ്യതയുമാണ്.അമേഠിയിൽ ഇത്തവണ ബിജെപി രാഹുലിനെതിരെ ആവനാഴിയിലെ അവസാന അസ്ത്രവും പ്രയോഗിക്കുമെന്നതിൽ സംശയമില്ല.അമേഠിയിൽ മാത്രമായി നിന്നുകൊണ്ട് രാഹുൽ ഒരു റിസ്കെടുക്കേണ്ടതില്ല എന്ന് കോൺഗ്രസ് തീരുമാനിച്ചാൽ അത് ആ പാർട്ടിയുടെ നിലപാടും സമീപനവുമാണ്. പാർട്ടി യുദ്ധം ജയിക്കുകയും പടനായകൻ തോൽക്കുകയും ചെയ്യുന്ന അവസ്ഥ കോൺഗ്രസ്സിനെന്നല്ല ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂഷണമാവില്ല. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ തവണ മോദി രണ്ടിടത്തു നിന്ന് മത്സരിച്ചത്. അതുകൊണ്ടുതന്നെയാണ് പിണറായി വിജയൻ 2016 ൽ ധർമ്മടത്തു നിന്നും മത്സരിച്ചത്. ഇപ്പോൾ ഇടതുപക്ഷം ഉയർത്തുന്ന വാദഗതി അനുസരിച്ചാണെങ്കിൽ പിണറായി കഴിഞ്ഞ തവണ മത്സരിക്കേണ്ടിയിരുന്നത് നേമത്തു നിന്നോ വട്ടിയൂർക്കാവിൽ നിന്നോ ആയിരിക്കണമായിരുന്നു. കോൺഗ്രസ്സിന്റെ സംസ്ഥാന വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ മുരളീധരനും കെ സുധാകരനും തങ്ങൾക്കെതിരെ മത്സരിക്കുന്നതിൽ ഇടതപക്ഷത്തിന് പരാതിയൊന്നുമില്ലെന്നതും ശ്രദ്ധേയമാണ്. തനിച്ച് നേടുന്ന സീറ്റുകളുടെ എണ്ണമായിരിക്കും ആത്യന്തികമായി തങ്ങളെ തുണയ്ക്കുക എന്ന് എല്ലാ പാർട്ടികൾക്കുമറിയാം. 125 സീറ്റെങ്കിലും തനിച്ചു പിടിക്കാനായില്ലെങ്കിൽ കോൺഗ്രസ്സിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരിക്കില്ല. ശരദ്പവാറിന്റെ എൻ സി പിയൊക്കെ ഇപ്പോൾ കൂടെയുണ്ടെങ്കിലും ഒരു വിപദ്ഘട്ടത്തിൽ ഇവരൊക്കെ സഹായത്തിനുണ്ടാവുമെന്ന് കോൺഗ്രസ്സിന് ഒരുറപ്പുമില്ല. അന്നേരത്ത് ഇപ്പോൾ പറയുന്ന താത്വിക വിശകലനങ്ങൾകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടാവില്ല. പ്രശ്നം അതിജീവനമാണ്. അതിപ്പോൾ ഇടതുപക്ഷത്തിനായാലും ബിജെപിക്കായാലും കോൺഗ്രസ്സിനായാലും നിലനിൽപ്പ് തന്നെയാണ് മുഖ്യം. രാഹുലിന്റെ വരവിൽ ഇടതുപക്ഷം ബേജാറാവുന്നതിന്റെ അടിസ്ഥാന കാരണവും അതുതന്നെയാണ്. ഇക്കുറി കേരളത്തിൽ നിന്നാണ് ഇടതുപക്ഷം കാര്യമായി സീറ്റുകൾ പ്രതീക്ഷിക്കുന്നത്. ബംഗാളിൽ നിന്നോ ത്രിപുരയിൽ നിന്നോ ഇത്തവണ ലോക്സഭയിലെത്താനാവുമന്നെ് സഖാവ് എസ് ആർ പി പോലും കരുതുന്നുണ്ടാവില്ല. കേരളത്തിലെ 20 സീറ്റുകളിൽ കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് വിജയിക്കാനായത് എട്ടിടങ്ങളിലാണ്. പ്രളയവും ശബരമില പ്രശ്നവും ഉയർത്തിയിരിക്കുന്ന ഭീഷണികൾക്കിടയിൽ ഈ എട്ടെണ്ണമെങ്കിലും നിലനിർത്താനായാൽ അത് സഖാവ് പിണറായിയുടെ പ്രതിച്ഛായയ്ക്ക് നൽകുന്ന തിളക്കം ചെറുതായിരിക്കില്ല. ഈ സാദ്ധ്യതകളിലേക്കാണ് രാഹുലിന്റെ വരവോടെ കോൺഗ്രസ് കടന്നുകയറുന്നത്. ഇതൊഴിവാക്കാൻ ഇടതുപക്ഷം ആവുന്നത്ര ശ്രമിച്ചു . ഒരു നിവൃത്തിയുണ്ടെങ്കിൽ കോൺഗ്രസ് രാഹുലിനെ വയനാട്ടിൽ ഇറക്കാതെ നോക്കുമായിരുന്നു. പക്ഷേ, ഇതൊരു നിർണ്ണായക തിരഞ്ഞെടുപ്പാണ്. ഇക്കുറി കളം പിടിക്കാനായില്ലെങ്കിൽ കോൺഗ്രസ് പിന്നെ മാനത്തേക്ക് നോക്കിയിരിക്കേണ്ടി വരും. ഇടതുപക്ഷത്തിന് ഇതൊരു വിഷമസന്ധിയാണ്. പക്ഷേ, ഇത്തരം വെല്ലുവിളികൾ അല്ലെങ്കിൽ പ്രതിസന്ധികൾ അവസരങ്ങളാക്കി മാറ്റാനാണ് ഇടതുപക്ഷം ശ്രമിക്കേണ്ടത്. 2006 ൽ സുനാമി ആഞ്ഞടിച്ചപ്പോൾ അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ് പറഞ്ഞത് ഈ പ്രതിസന്ധി നമ്മൾ അവസരമാക്കി മാറ്റണമെന്നാണ്. സുനാമിക്കിരയായ മത്സ്യത്താഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള അവസരമായി ഇതിനെ കാണണമെന്നാണ് മൻമോഹൻ വ്യക്തമാക്കിയത്. പറഞ്ഞത് മൻമോഹനാണെന്നതുകൊണ്ട് ഇടതുപക്ഷം ഇതിന്റെ അന്ത:സത്ത നിരാകരിക്കണമെന്നില്ല. പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിക്കുന്നുണ്ടോ എന്ന് നോക്കിയാൽ മതിയെന്ന സഖാവ് ഡെങ്സിയാവോപിങ്ങിന്റെ വചനം ഓർക്കുക. രാഹുൽ , ശബരിമല , പ്രളയം - ഈ മൂന്നു വെല്ലുവിളകളും അതിജീവിച്ച് ഇടതുപക്ഷം ഇവിടെ നിലവിലുള്ള സീറ്റുകൾ നിലനിർത്തിയാൽ ( ഒന്നുരണ്ടെണ്ണം കുറഞ്ഞാലും കുഴപ്പമില്ല) സഖാവ് പിണറായിയുടെ പ്രതിച്ഛായ എവിടെയെത്തുമെന്ന് ആലോചിച്ചു നോക്കുക. എന്തിന് വടകരയിൽ സഖാവ് പി ജയരാജൻ ജയിച്ചുകയറിയാൽ തന്നെ ഒരു വിധം ക്ഷീണമൊക്കെ അങ്ങ് പോയിക്കിട്ടും. അങ്ങ് അനന്തപുരിയിൽ സഖാവ് ദിവാകരനെ ജയിപ്പിക്കാനായാൽ പൊന്നിന് സുഗന്ധം പോലെയാവുമത്. പാടത്തെപ്പണിക്ക് വരമ്പത്ത് തന്നെ കൂലികൊടുക്കലാണല്ലോ പാർട്ടിയുടെ ശീലം. വയനാട്ടിൽ കോൺഗ്രസ് എടുത്ത പണിക്ക് കൂലി വടകരയിൽ കൊടുത്തേക്കാമെന്ന് സിപിഎം തീരുമാനിച്ചാൽ തീരുന്ന പ്രശ്നമേ നിലവിലുള്ളൂ. അതിന് പകരം ബിജെപിക്കെതിരെയുള്ള പോരാട്ടം ദുർബ്ബലമായെന്നും കോൺഗ്രസ് ഈ ജന്മം നന്നാവില്ലെന്നുമൊക്കെയുളള കഥകൾ ഇറക്കുന്നത് ആരെയും ഒരിടത്തുമെത്തിക്കില്ലെന്ന് കാരാട്ടിനും കാനത്തിനും മനസ്സിലായില്ലെങ്കിലും സഖാവ് പിണറായി തിരിച്ചറിഞ്ഞേ തീരൂ. content highlights: rahul gandhi wayanad, congress, cpm, pinarayi vijayam bjp,loksabha election
from mathrubhumi.latestnews.rssfeed https://ift.tt/2Ua1dd6
via
IFTTT
No comments:
Post a Comment