മാനന്തവാടി: വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് സഹോദരി പ്രിയങ്ക ഗാന്ധി വദ്ര മാനന്തവാടിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ എത്തി. വയനാടിന്റെ മനോഹാരിതയും ആദിവാസികളുടെ ജീവിത രീതിയും കേരളത്തിലെ മത സൗഹാര്‍ദ്ദതയും തന്നെ ഏറെ സ്വാധീനിച്ചുവെന്ന് പ്രിയങ്ക് പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി ഉത്തര്‍പ്രദേശില്‍ പര്യടനത്തിലായിരുന്നു. ഇവിടുത്തെ ആദിവാസികള്‍ക്ക് അവരുടെ ഭൂമിയും സംസ്‌കാരവുമായി അടുത്ത ബന്ധമുള്ളപോലെയാണ് ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്ക് അവരുടെ ഭൂമിയും സംസ്‌കാരവുമായി ആത്മബന്ധമുള്ളത്. ആ തീവ്രത മനസ്സിലാക്കിയപ്പോഴാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി ബി.ജെ.പി സര്‍ക്കാര്‍ ഈ രാജ്യത്തെ കര്‍ഷകരെയും ആദിവാസികളെയും വഞ്ചിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലായത്.
വയനാട് എന്റെ രാജ്യമാണ്. ഉത്തര്‍പ്രദേശിലെ ഗോതമ്പ് പാടങ്ങള്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ് വയനാടും. എല്ലാ സംസ്ഥാനങ്ങളും എന്റെ നാടാണ്. ഈ രാജ്യത്തിന്റെ ഭാഗമാണ്. ഈ നാടിനെ വിഭജിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷം ബി.ജെ.പി ചെയ്തത് വിഭജിക്കല്‍ മാത്രമാണ്. രാജ്യം എന്തിനു വേണ്ടിയാണോ നിലനില്‍ക്കുന്നത് അത് ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്.
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികള്‍ പോരാടിയത് ഈ രാജ്യത്തിന്റെ ശക്തിക്കു വേണ്ടിയാണ്. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. അഞ്ചു വര്‍ഷത്തിനു മുന്‍പ് മൃഗീയമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നിമിഷം മുതല്‍ ഈ ജനതയെ വഞ്ചിക്കുകയാണ്. അവര്‍ കര്‍ഷകരോട് പറഞ്ഞു നിങ്ങളുടെ വരുമാനം അവര്‍ ഇരട്ടിയാക്കുന്നു. ചെറുപ്പക്കാരോട് പറഞ്ഞു വര്‍ഷത്തില്‍ രണ്ടു കോടി തൊഴിലവസരങ്ങള്‍ നല്‍കുമെന്ന്. എല്ലാവരുടെയും അക്കൗണ്ടില്‍ പതിനഞ്ചു ലക്ഷം വീതം നിക്ഷേപിക്കുമെന്ന്. എന്നാല്‍ അധികാരത്തില്‍ വന്നശേഷം അവയെല്ലാം തള്ളിക്കളഞ്ഞു.
ജനങ്ങള്‍ക്കല്ല, തങ്ങള്‍ക്കാണ് അധികാരമെന്ന് തെരഞ്ഞെടുപ്പിനു ശേഷം അവര്‍ തെളിയിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് അവര്‍ പറയുന്നു. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ക്ക് ഒരു താല്‍പര്യവുമില്ലെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ തെളിയിക്കുന്നു. ഏതു കര്‍ഷകര്‍ക്കാണോ വരുമാനം ഇരട്ടിയാക്കാമെന്ന് അവര്‍ വാഗ്ദാനം നല്‍കിയത് അവരെ വഞ്ചിച്ചു.
വയനാട്ടിലും ധാരാളം കര്‍ഷകരുണ്ട്. പ്രളയകാലത്തും അതിനു ശേഷവും ഒരുപാട് നഷ്ടങ്ങള്‍ സഹിച്ചു. അര്‍ഹമായ സഹായം ലഭിച്ചിട്ടില്ലെന്നും എനിക്കറിയാം. എന്റെ മുത്തശ്ശി ഇന്ദിരാജിക്ക് ആദിവാസി സമൂഹത്തോടുള്ള ബഹുമാനമായിരുന്നു അവരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ ശ്രദ്ധിച്ചത്. ഈ നാട്ടിലെ ആദിവാസികളുടെ തൊഴിലും സംസ്‌കാരവും ഉപജീവനമാര്‍ഗവും അതുപോലെ തന്നെ സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പ് നല്‍കുന്നു. ഈ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് സംരംഭങ്ങള്‍ സ്ഥാപിക്കാനുള്ള സഹായവും ഉറപ്പ് നല്‍കുന്നു. പന്ത്രണ്ടാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസവും സൗജന്യ രോഗനിര്‍ണയവും ഉറപ്പ് നല്‍കുന്നു.
ബി.ജെ.പി നല്‍കുന്ന വാഗ്ദാനങ്ങളുടെയും കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനങ്ങളുടെയും പ്രധാന വ്യത്യാസം എന്താണെന്നാല്‍ കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കും എന്നതാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് നിങ്ങളാണ്. ബി.ജെ.പിയാകട്ടെ ഈ രാജ്യത്തെ ജനങ്ങളെ ബഹുമാനിക്കുന്നില്ല, വിശ്വസിക്കുന്നില്ല. അവര്‍ക്ക് വിശ്വാസം ഈ നാട്ടിലെ ചുരുക്കംചില വ്യവസായികളെയാണ്. ബി.ജെ.പി സര്‍ക്കാര്‍ എങ്ങനെയാണോ ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുന്നതും ജനാധിപത്യ സ്ഥാപനങ്ങളെ ദുര്‍ബലമാക്കുന്നതും അവര്‍ക്ക് ഈ രാജ്യത്തെ ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലെന്നാണ് തെളിയിക്കുന്നത്.
ഞാന്‍ നിങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ നിങ്ങള്‍ ഗാഢമായി ചിന്തിക്കണം. ഒരു സഹോദരി എന്ന നിലയില്‍ കൂടിയാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി അദ്ദേഹത്തെ എതിരാളികള്‍ നിങ്ങളുടെ മുന്നില്‍ ചിത്രീകരിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായാണ്. എന്നേക്കാള്‍ രണ്ടു വയസ്സ് മുതിര്‍ന്ന രാഹുല്‍ ആണ് എന്റെ ജീവിതത്തിലെ നിര്‍ണായക സമയങ്ങളില്‍ കൈപിടിച്ചുനടത്തിയത്.
ഇന്ദിരാജി ഞങ്ങളുടെ വീട്ടില്‍ മൃഗീയമായി കൊല്ലപ്പെട്ടപ്പോള്‍ ഞങ്ങളുടെ കുടുംബത്തില്‍ അവശേഷിച്ചിരുന്ന ഞങ്ങള്‍ നാലു പേര്‍ക്കും തമ്മിലുള്ള അടുപ്പമാണ് ഞങ്ങളെ പിടിച്ചുനിര്‍ത്തിയത്. എന്റെ സഹോദരന് 21 വയസ്സായിരിക്കുമ്പോഴാണ് പിതാവും സമാനമായി കൊല്ലപ്പെട്ടത്. അന്ന് അദ്ദേഹം എന്നോട് പറഞ്ഞത് 'എന്റെ ഹൃദയത്തില്‍ അല്പം പോലും വിദ്വേഷവും ദേഷ്യവുമില്ല' എന്നാണ്. പിതാവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രയത്‌നിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. അതിനു വേണ്ടി യു.കെയിലെ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി ആരാലും അറിയപ്പെടാതെ അദ്ദേഹം അവിടെ ജോലി ചെയ്തു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി അമേഠിയില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടു.
പാര്‍ട്ടിയില്‍ ചുമതല ഏറ്റെടുത്ത ശേഷം പാര്‍ട്ടിയിലെ സ്ഥാപനങ്ങളില്‍ ജനാധിപത്യം കൊണ്ടുവരാനാണ് അദ്ദേഹം ആദ്യം ശ്രമിച്ചത്. പല വിമര്‍ശനങ്ങളും അദ്ദേഹം നേരിട്ടു. രാഹുല്‍ പാര്‍ട്ടിയില്‍ ജനാധിപത്യം കൊണ്ടുവന്നതോടെയാണ് പല യുവ നേതാക്കള്‍ക്കും നേതൃനിരയിലേക്ക് ഉയര്‍ന്നുവരാന്‍ കഴിഞ്ഞത്. പലരും അത് തന്നോട് നേരിട്ടു പറഞ്ഞത്. അമേഠിയില്‍ താനും സഹോദരനും ചേര്‍ന്ന് സ്വയം സഹായ സംഘങ്ങള്‍ തുടങ്ങി. ഇന്ന് അത് അമേഠിയും കടന്ന് രാജ്യം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു. ഞാന്‍ ഇക്കാര്യങ്ങള്‍ ഇവിടെവന്ന് പറയുന്നതൊന്നും അദ്ദേഹത്തിന് ഇഷ്ടപ്പെടണമെന്നില്ല. പുകഴ്ത്തലോ സ്തുതിയോ അദ്ദേഹം ഇഷ്ടപ്പെടുന്നില്ല. സത്യവും ന്യായവുമാണ് അദ്ദേഹത്തിന് വലുത്-പ്രിയങ്ക പറയുന്നു.
from mangalam.com http://bit.ly/2Gz3VR4
via IFTTT
No comments:
Post a Comment