കോഴിക്കോട്: വായുമലിനീകരണംപോലെ പ്രകാശമലിനീകരണവും സംസ്ഥാനത്തെ നഗരങ്ങളിൽ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഭീഷണിയാവുന്നു. രാത്രികാലങ്ങളിലെ കൃത്രിമവെളിച്ചത്തിന്റെ അതിപ്രസരമാണ് ആശങ്കയുണർത്തുന്നത്. രാത്രിയും പകലാവുന്നത് മനുഷ്യർ ഉൾപ്പെടെയുള്ള ജീവിജാലങ്ങളുടെ ജൈവഘടികാരത്തിന്റെ പ്രവർത്തനം അവതാളത്തിലാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുമെന്നാണ് വിദഗ്‌ധരുടെ മുന്നറിയിപ്പ്. വൈദ്യുതവിളക്കുകൾ ഉൾപ്പെടെയുള്ളവയിൽനിന്നുള്ള കൃത്രിമവെളിച്ചം ആകാശത്തിൽ ചിതറി പ്രതിഫലിക്കുന്നതിനെയാണ് പ്രകാശമലിനീകരണം (ലൈറ്റ് പൊലൂഷൻ) കൊണ്ടുദ്ദേശിക്കുന്നത്. ഇതിന്റെ ഫലമായി രാത്രിയിലെ ഇരുട്ട് നഷ്ടമാവുന്നു. കെട്ടിടങ്ങളും വാഹനങ്ങളും പരസ്യബോർഡുകളും കൂടുതലുള്ളതിനാൽ നഗരങ്ങളിലാണ് പ്രകാശമലിനീകരണം കൂടുതൽ.നക്ഷത്രങ്ങളടക്കമുള്ള ആകാശക്കാഴ്ചകളെ പ്രകാശ മലിനീകരണം ബാധിക്കും. നഗ്നനേത്രങ്ങൾകൊണ്ട് തെളിഞ്ഞ ആകാശത്തിൽ ആറായിരത്തോളം നക്ഷത്രങ്ങളെ കാണാനാവും. എന്നാൽ കോഴിക്കോട് നഗരത്തിൽ ഇതിന്റെ നാലിലൊന്നുപോലും ഇന്ന് ദൃശ്യമല്ലെന്ന് റീജണൽ പ്ലാനറ്റേറിയം അധികൃതർ പറഞ്ഞു. കഴിഞ്ഞ ഇരുപത് വർഷത്തിനിടെയാണ് ഈ മാറ്റം.തമിഴ്‌നാട് കവലൂരിലെ വെയ്‌നു ബാപ്പു വാനനിരീക്ഷണ കേന്ദ്രവും പ്രകാശമലിനീകരണം കാരണം പ്രതിസന്ധിയിലാണ്. 1970-ൽ സ്ഥാപിതമായ കേന്ദ്രത്തിൽ ഒരു വർഷം മുന്നൂറ് ദിവസമെങ്കിലും തെളിഞ്ഞ ആകാശത്തിൽ നിരീക്ഷണം സാധ്യമായിരുന്നു. നിലവിൽ വർഷത്തിൽ 120-130 ദിവസം മാത്രമേ വാനനിരീക്ഷണം സാധ്യമാകുന്നുള്ളൂവെന്ന് കേന്ദ്രം റിസർച്ച് അസിസ്റ്റന്റ് വെങ്കടേഷ് ശങ്കർ പറഞ്ഞു.ജീവജാലങ്ങളെയും പ്രകാശമലിനീകരണം ബാധിക്കുന്നതായി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യാ കോഴിക്കോട് കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. ജാഫർ പാലോട്ട് പറഞ്ഞു. ഏതാനും വർഷംമുമ്പ് സുവോളജിക്കൽ സർവേ ഗവേഷണസംഘം കക്കയം ഡാം പരിസരത്ത് നിശാശലഭങ്ങളെക്കുറിച്ച് പഠനം നടത്തിയിരുന്നു. എന്നാൽ പ്രദേശത്ത് നിശാശലഭങ്ങളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഡാം പരിസരത്തെ തീവ്രവെളിച്ചമാണ് ഇവയെ അകറ്റിയത്. രാത്രിയിലെ അമിതപ്രകാശം മനുഷ്യരുടെ ഉറക്കത്തേയും ബാധിക്കുന്നുണ്ട്. ജൈവഘടികാരത്തിന്റെ താളംതെറ്റാനും രോഗങ്ങൾ പിടിപെടാനും ഉറക്കനഷ്ടം കാരണമാകും.വികസിതരാജ്യങ്ങൾ രാത്രിയിലെ ഇരുട്ട് ജനങ്ങളുടെ അവകാശമാണെന്ന നിലയിലാണ് സമീപിക്കുന്നത്. പ്രകാശമലിനീകരണം പരമാവധി തടയാനുള്ള ശ്രമങ്ങളും നടക്കുന്നു. എന്നാൽ ഇന്ത്യയിൽ പ്രകാശമലിനീകരണത്തെ ഗൗരവത്തോടെ കണ്ടുതുടങ്ങിയിട്ടില്ല. നഗരാസൂത്രണം പ്രകാശമലിനീകരണം പരമാവധികുറയ്ക്കുന്ന രീതിയിലാവണമെന്ന് റീജണൽ പ്ലാനറ്റേറിയം ടെക്‌നിക്കൽ ഓഫീസർ ജയന്ത് ഗാംഗുലി പറഞ്ഞു. ആകാശത്തേക്ക് വെളിച്ചം പ്രസരിക്കാത്തരീതിയിൽ ഷെയ്ഡുകളുള്ള വിളക്കുകൾ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed http://bit.ly/2IiacBG
via
IFTTT
No comments:
Post a Comment