പാലക്കാട്: ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരേ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രസ്താവന വേണ്ടാത്ത അര്‍ത്ഥങ്ങള്‍ ചില മാധ്യമങ്ങള്‍ നല്‍കുകയായിരുന്നെന്ന വിശീദകരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവന്‍. തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നു എന്നും താന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥമാണ് പറഞ്ഞു പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തി ഹത്യ ഉദ്ദേശിച്ചുള്ള പരാമര്‍ശമല്ല നടത്തിയത്. ആരേക്കുറിച്ചും മോശമായി സംസാരിക്കുന്ന പ്രസ്ഥാനമല്ല സിപിഎം. അത് രമ്യയ്ക്ക് വിഷമം ഉണ്ടാക്കിയെങ്കില്‍ അത് തനിക്കും വിഷമമെന്നും പറഞ്ഞു. പ്രസംഗത്തെ രാഷ്ട്രീയമായി മാത്രം കണ്ടാല്‍ മതി. കോണ്‍ഗ്രസും ലീഗും തോല്‍ക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചത്. പി വി അന്‍വറിന് വേണ്ടി പൊന്നാനിയില്‍ നടന്ന എല്‍.ഡി.എഫ്. കണ്‍വെന്‍ഷനില്‍ ''ആലത്തൂരിലെ സ്ഥാനാര്‍ത്ഥിയായ പെണ്‍കുട്ടി ആദ്യം പോയി പാണക്കാട് തങ്ങളെ കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയേയും. അതോടു കൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാന്‍ വയ്യ, അത് പോയിട്ടുണ്ട്.'' എന്ന പരാമര്‍ശമാണ് വിവാദമായത്.
എന്നാല്‍ വിജയരാഘവന്റെ വാക്കുകള്‍ പ്രതിപക്ഷം ഏറ്റുപിടിക്കുകയും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് രംഗത്ത് വരികയുമായിരുന്നു. തനിക്കെതിരേ അശ്‌ളീല പരാമര്‍ശം നടത്തിയ വിജയരാഘവനെതിരേ പരാതി നല്‍കുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും രമ്യ പറഞ്ഞിരുന്നു. താനൊരു ജനപ്രതിനിധി ആണെന്നും തന്റെ ജീവിത പശ്ചാത്തലമെന്താണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണെന്നും തന്റെ നാട്ടിലുള്ള ഇടതു നേതാക്കളോട് ചോദിക്കുമെങ്കിലും ചെയ്യാമായിരുന്നു എന്നും രമ്യ പറഞ്ഞു. പ്രസ്താവന വിവാദമായതോടെ വിവിധ യുഡിഎഫ് നേതാക്കളും ആരോപണവുമായി രംഗത്ത് വന്നിരുന്നു.
നവോത്ഥാനത്തിന്റെ വക്താക്കളാണ് സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നതെന്നാണ് ആദ്യം ഉയര്‍ന്ന ആക്ഷേപം. സ്ത്രീ വിരുദ്ധവും ദളിത് വിരുദ്ധവുമായ പരാമര്‍ശം എന്നാരോപിച്ച് ഉമ്മന്‍ചാണ്ടിയും രംഗത്ത് വന്നിരുന്നു. രമ്യ ഹരിദാസിനെതിരെ അങ്ങേയറ്റം അപമാനകരമായ ആക്രമണമായിട്ടാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രസ്താവനയില്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എത്ര മതില്‍ കെട്ടിയാലും ഉള്ളിലുള്ളത് പുറത്തു വരുമെന്ന് ഷാഫി പറമ്പിലും വിമര്‍ശിച്ചു.
എ വിജയരാഘവന്റെ പ്രസ്താവനയില്‍ എല്‍ഡിഎഫിലും അതൃപ്തി ഉയര്‍ന്നു. എല്‍ഡിഎഫിന് മേല്‍ക്കോയ്മയുള്ള മണ്ഡലത്തില്‍ വിജയരാഘവന്റെ പ്രസ്താവന അനവസരത്തില്‍ ഉള്ളതായിരുന്നു എന്നും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടാക്കി കൊടുത്തു എന്നും എല്‍ഡിഎഫില്‍ വിമര്‍ശനം. അതേസമയം വിജയരാഘവനെ ന്യായീകരിച്ച് നേതാക്കള്‍ രംഗത്ത് വന്നു. പ്രസ്താവന വളച്ചൊടിച്ചെന്നാണ് കോടിയേരിയും ആലത്തൂരിലെ ഇടതു സ്ഥാനാര്‍ത്ഥി പി കെ ബിജുവും പറഞ്ഞത്.
from mangalam.com https://ift.tt/2V7NoIu
via IFTTT
No comments:
Post a Comment