കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചാലക്കുടി മണ്ഡയലത്തിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ത്രിശങ്കുവിലായി കോൺഗ്രസ് നേതൃത്വം. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ കഴിഞ്ഞ തവണ കൈവിട്ടുപോയ സീറ്റ് ബെന്നി ബെഹനാനിലൂടെ തിരിച്ചുപിടിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതീക്ഷകൾ. എന്നാൽ, ഏറ്റവും കുറഞ്ഞത് പത്തു ദിവസമെങ്കിലും ബെന്നി ബെഹനാന് വിശ്രമം വേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ച സാഹചര്യത്തിൽ പ്രചാരണത്തിനായി ബദൽമാർഗങ്ങൾ തേടുകയാണ് നേതൃത്വം. എറണാകുളം-തൃശൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥി പര്യടനം പുരോഗമിക്കവേയാണ് ബെന്നി ബെഹനാൻ രോഗബാധിതനായത്. വ്യാഴാഴ്ച കൊരട്ടി-ചാലക്കുടി മേഖലയിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കിയ ശേഷം പുലർച്ചെ ഒരു മണിയോടെയാണ് ബെന്നി ബെഹനാൻ തൃക്കാക്കരയിലെ വീട്ടിലെത്തിയത്. മഴയെ പോലും വകവെയ്ക്കാതെ ഊർജസ്വലനായാണ് സ്ഥാനാർഥി തലേന്ന് പ്രചാരണം നടത്തിയതെന്ന് കൂടെയുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ പറയുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്ന ശേഷം മൂന്നു മണിയോടെയാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇടതുകൈക്ക് വേദനയാണ് ആദ്യമുണ്ടായത്. പിന്നീട് നന്നായി വിയർത്തു. നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതോടെ അദ്ദേഹത്തെ കാക്കനാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നെന്ന് ബെന്നി ബെഹനാന്റെ ഭാര്യ ഷേർലി പറഞ്ഞു. 90 ശതമാനമുള്ള ഒരു ബ്ലോക്കാണ് ഉണ്ടായിരുന്നതെന്നും വേഗത്തിൽ എത്തിച്ചതിനാൽ അപ്പോൾ തന്നെ ബ്ലോക്ക് കണ്ടെത്തി ആൻജിയോപ്ലാസ്റ്റി ചെയ്യാനായതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. ബെന്നി ബെഹനാനെ സന്ദർശിക്കാൻ എം.എം.ഹസൻ എത്തിയപ്പോൾ. അപകടനില തരണം ചെയ്തെങ്കിലും 48 മണിക്കൂർ കൂടി തീവ്രപരിചരണ വിഭാഗത്തിൽ തുടരാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞാൽ സാധാരണ ഒരു മാസമെങ്കിലും വിശ്രമം വേണ്ടതാണ്. ഏറ്റവും കുറഞ്ഞത് പത്തു ദിവസമെങ്കിലും പൂർണ വിശ്രമം വേണം. അഞ്ചു ദിവസമെങ്കിലും ആശുപത്രിയിൽ കഴിയേണ്ടിവരും. അണുബാധയ്ക്കും മറ്റും സാധ്യതയുള്ളതിനാൽ അതു കഴിഞ്ഞാലും ശ്രദ്ധവേണമെന്ന് ഡോക്ടർമാർ പറയുന്നു. പ്രചാരണം ചൂടുപിടിക്കുന്ന ഘട്ടത്തിൽ സ്ഥാനാർഥിയ്ക്ക് പ്രചാരണം നടത്താനാകാത്തത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ. സ്ഥാനാർഥി പര്യടനമാണ് നടന്നിരുന്നത് എന്നതിനാൽ ഇന്ന് ചാലക്കുടിയിലെ യുഡിഎഫ് പ്രചാരണ പരിപാടികൾ നിർത്തിവെച്ചിരിക്കുകയാണ്. മറുഭാഗത്ത് ഇടത് സ്ഥാനാർഥിയും സിറ്റിങ് എംപിയുമായ ഇന്നസെന്റിന്റെ പ്രചാരണം പൂർവാധികം ശക്തിയോടെ തുടരുകയാണ്. ഇതിനിടെ, ഇന്നസെന്റ് ആശുപത്രിയിലെത്തി ബെന്നി ബെഹനാന്റെ ബന്ധുക്കളെ കാണുകയും ചെയ്തു. ബെന്നി ബെഹനാനെ സന്ദർശിക്കാനെത്തിയ എൽഡിഎഫ് സ്ഥാനാർഥി മാധ്യമങ്ങളോട് പ്രതികരിക്കുന്നു. ബെന്നി ബെഹനാന് പ്രചാരണരംഗത്ത് സജീവമാകാനാകാത്ത സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള ഒരു നേതാവ് ചാലക്കുടിയിൽ ക്യാമ്പ് ചെയ്ത് തുടർന്നുള്ള ദിവസങ്ങളിൽ പ്രചാരണത്തിന് നേതൃത്വം നൽകണമെന്നാണ് കോൺഗ്രസ് പ്രവർത്തകരിൽ നിന്നുയരുന്ന ആവശ്യം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരാണ് ഉയർന്നുകേൾക്കുന്നത്. ഉമ്മൻ ചാണ്ടി പ്രചാരണം നയിക്കാനിറങ്ങിയാൽ പരമ്പരാഗത കോൺഗ്രസ് വോട്ടുകളും കഴിഞ്ഞ വട്ടം പി.സി.ചാക്കോയെ നിർത്തിയതിൽ പ്രതിഷേധിച്ച് മറുഭാഗത്തേക്ക് മറിഞ്ഞ വോട്ടുകളും ഒരുപോലെ സമാഹരിക്കാനാകുമെന്ന് മണ്ഡലത്തിലെ പ്രമുഖനായ യൂത്ത് കോൺഗ്രസ് നേതാവ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അതേസമയം, സ്ഥാനാർഥിയുടെ അഭാവത്തിൽ എംഎൽഎമാർ തങ്ങളുടെ നിയമസഭാ മണ്ഡലങ്ങളിൽ പ്രചാരണം നയിക്കണമെന്ന തീരുമാനമാണ് ഇന്ന് ചേർന്ന ചാലക്കുടി മണ്ഡലത്തിലെ പ്രചാരണ കമ്മിറ്റി യോഗത്തിൽ പ്രാഥമികമായി ഉണ്ടായിരിക്കുന്നത്. എംഎൽഎമാർ ഇല്ലാത്തിടത്ത് മറ്റു നേതാക്കളെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ ഒരാളില്ലാത്തത് തിരിച്ചടിയാകുമെന്ന ആശങ്ക പ്രവർത്തകരുമുയർത്തുന്നു. ബെന്നി ബെഹനാനെ സന്ദർശിക്കാൻ എത്തിയ കെ.ബാബു. ഇന്ന് രാത്രിയോടെ ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ കൊച്ചിയിലെത്തും. മണ്ഡലത്തിലെ തുടർപ്രചാരണ പരിപാടികൾ സംബന്ധിച്ച് തീരുമാനിക്കാൻ രാത്രി ഉന്നത നേതാക്കൾ യോഗം ചേരും. പ്രാദേശിക നേതൃത്വം മുന്നോട്ടുവെച്ച നിർദേശം ഉൾപ്പെടെ പരിഗണിച്ച ശേഷമാകും തീരുമാനം. കേരളമാകെ പ്രചാരണത്തിന് എത്തേണ്ടതിനാൽ ഉമ്മൻ ചാണ്ടിയ്ക്ക് പൂർണമായ ചുമതല നൽകാനുള്ള സാധ്യത കുറവാണെന്ന് നേതാക്കൾ സൂചിപ്പിക്കുമ്പോഴും അദ്ദേഹം ഏതാനും ദിവസത്തേക്കെങ്കിലും എത്തുമെന്ന പ്രതീക്ഷയിലാണ് അണികൾ. Content Highlights:udf candidate benny behnan rested-chalakudy-oommen chandy
from mathrubhumi.latestnews.rssfeed http://bit.ly/2I1rbsW
via
IFTTT
No comments:
Post a Comment