കോട്ടയം: ആക്ഷേപങ്ങളും ആരോപണങ്ങളും സന്തതസഹചാരിയായിരുന്നെങ്കിലും ദീർഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു കെ.എം മാണി. ഇന്ന് പ്രാബല്യത്തിലുള്ള പല ക്ഷേമപദ്ധതികളും അദ്ദേഹമാണ് തുടങ്ങിയത്. ദീർഘകാലം ധനമന്ത്രിയായിരുന്ന അദ്ദേഹം റവന്യൂ, ജലസേചനം, നിയമവകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഇക്കാലയളവിലെല്ലാം ജനങ്ങൾക്ക് പ്രയോജനകരമാകുന്ന നിരവധി പദ്ധതികൾ അദ്ദേഹം വിഭാവനം ചെയ്തു. കർഷകത്തൊഴിലാളി പെൻഷൻ മുതൽ കാരുണ്യ ഭാഗ്യക്കുറി വരെയുണ്ട് മാണിയുടെ ക്ഷേമ പദ്ധതികളുടെ പട്ടികയിൽ. കാർഷിക കടങ്ങൾ എഴുതിത്തള്ളുക എന്നത് ഇന്ന് വളരെ സാധാരണമായ കാര്യമാണ്. എന്നാൽ ഇത് ആദ്യമായി നടപ്പാക്കിയത് മാണിയായിരുന്നു. ക്ഷേമപദ്ധതിയിൽ ഏറിയപങ്കും ലക്ഷ്യം വച്ചത് പാവപ്പെട്ടവരെ ആയിരുന്നു. കർഷകർക്ക് വിള ഇൻഷുറൻസ്, പ്രകൃതിക്ഷോഭം മൂലം കൃഷിനാശം സംഭവിക്കുന്നവരെ സഹായിക്കാൻ റിവോൾവിങ് ഫണ്ട്, ഗ്രീൻ ഹൗസ്, സ്കൂൾ കുട്ടികൾക്ക് ഹെൽത്ത് കാർഡ്, അഗതികൾക്ക് പെൻഷൻ, തൊഴിലില്ലായ്മ വേതനം, മത്സ്യത്തൊഴിലാളികൾക്ക് ക്ഷേമനിധി അങ്ങനെ നിരവധി ക്ഷേമപദ്ധതികൾക്ക് അദ്ദേഹം രൂപം നൽകി. കേരളത്തിൽ വെളിച്ച വിപ്ലവം, സാമൂഹിക ജലസേചന പദ്ധതിയും നടപ്പാക്കിയത് കെ എം മാണിയാണ്. ചുരുങ്ങിയ കാലം വൈദ്യുതി- ജലസേചന വകുപ്പു മന്ത്രിയായിരുന്ന കാലത്താണ് ഈ രണ്ടുപദ്ധതികളും നടപ്പാക്കിയത്. വെള്ളവും വെളിച്ചവും ഗ്രാമങ്ങളിൽ എത്തിക്കുന്നതിന് തടസ്സം നിൽക്കുന്ന ഘടകങ്ങൾ ഇല്ലാതാക്കുകയെന്നതായിരുന്നു ലക്ഷ്യം. റവന്യൂമന്ത്രിയെന്ന നിലയിലും കെ എം മാണിയുടെ സംഭാവനകൾ മറക്കാനാകില്ല. വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെ സാധാരണക്കാർ അഭയം പ്രാപിക്കുന്ന ഓഫീസുകളുടെ പ്രവർത്തനം പുനരുദ്ധരിക്കുന്നതിൽ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. ഓരോ കുടുംബത്തിന്റെയും സ്ഥിതിവിവരക്കണക്കുകൾ രേഖപ്പെടുത്തുന്ന റവന്യൂ കാർഡുകൾ, ഒരു താലൂക്കിലെ സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന റവന്യൂ ടവറുകൾ, രജിസ്ട്രേഷൻ-സർവേ വകുപ്പുകളുടെ ഏകോപനം, വസ്തുക്കളുടെ രജിസ്ട്രേഷൻ സമയത്ത് ഭൂമിയുടെ സർവേ സ്കെച്ചു കൂടി രേഖകൾക്കൊപ്പം നൽകുന്ന ടോറൻസ് സമ്പ്രദായം, സാറ്റലൈറ്റ് നഗരം, ദുർബല വിഭാഗങ്ങൾക്കായി ദശലക്ഷം പാർപ്പിട പദ്ധതി, റവന്യൂ അദാലത്ത് തുടങ്ങിയവ കെ എം മാണിയുടെ സംഭാവനകളാണ്. കയർ-കശുവണ്ടി തൊഴിലാളികൾക്ക് ക്ഷേമനിധി, സ്വകാര്യ കോളേജ് അധ്യാപകർക്ക് പെൻഷൻ, സർക്കാർ ഉദ്യോഗസ്ഥർക്ക് നിർബന്ധിത ഇൻഷുറൻസ്, മുഴുവൻ പെൻഷൻ ലഭിക്കുന്നതിന് സർക്കാർ ജീവനക്കാരുടെ സർവീസ് കാലാവധി മുപ്പതുവർഷമാക്കൽ, വികലാംഗർക്ക് സർക്കാർ സർവീസിൽ നേരിട്ട് നിയമനം, അഗതികൾക്ക് പെൻഷൻ, തൊഴിലില്ലായ്മ വേതനം, അഭിഭാഷകർക്കും ഗുമസ്തർക്കും പെൻഷൻ, സൗജന്യ നിയമസഹായത്തിന് ലീഗൽ സർവീസ് അതോറിറ്റി, സ്വയംസംരഭക മിഷൻ തുടങ്ങി നിരവധി പദ്ധതികളാണ് തന്റെ ബഡ്ജറ്റുകളിലൂടെ മാണി നടപ്പാക്കിയത്. Content Highlights: KM Mani Passed Away
from mathrubhumi.latestnews.rssfeed http://bit.ly/2FYRegS
via
IFTTT
No comments:
Post a Comment