പോച്ചംപള്ളി മുതല്‍ ചെട്ടിനാട് വരെ; സാരിയില്‍ പ്രിയങ്ക തുടരുന്നത് ഇന്ദിരയുടെ രാഷ്ട്രീയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

പോച്ചംപള്ളി മുതല്‍ ചെട്ടിനാട് വരെ; സാരിയില്‍ പ്രിയങ്ക തുടരുന്നത് ഇന്ദിരയുടെ രാഷ്ട്രീയം

കോൺഗ്രസിന് പ്രിയദർശിനിയാണ് പ്രിയങ്കഗാന്ധി. ഈ തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ചും. ഇന്ദിരയെ അനുസ്മരിപ്പിക്കുന്നതു കൊണ്ട് മാത്രമല്ല. സോണിയഗാന്ധിയുടേയും തുടർച്ചയാണ് പ്രിയങ്ക. രാഷ്ട്രീയം എന്തുമാകട്ടെ, ഇന്ത്യയിലെ കൈത്തറി ഗ്രാമങ്ങളുടെ അംബാസഡറാണ് ഈ വോട്ടെടുപ്പ് കാലത്ത് പ്രിയങ്കഗാന്ധി. ഗംഗായാത്രയിലാണ് പ്രിയങ്കയുടെ സാരികൾ ആദ്യമായി ചർച്ചയായത്. പ്രത്യേകിച്ചും പ്രിയങ്ക നെയ്ത്തുകാരുമായി സംസാരിച്ചപ്പോൾ. പ്രിയങ്ക പറഞ്ഞു. നെയ്ത്തുകാരുടെ ചോർന്നൊലിക്കുന്ന മേൽക്കൂരകൾക്ക് താഴെ നോക്കൂ. അവിടെ സത്യം കാണാം. നെയ്ത്തു ഗ്രാമങ്ങൾക്ക് ഇന്ത്യയിൽ ഒരേ വിധിയാണ്. കാഞ്ചീപുരത്ത്, നൽഗോണ്ടയിൽ, പോച്ചംപള്ളിയിൽ, ബസ്തറിൽ, റായ്ഗഡിൽ, സമ്പാൽപൂരിൽ, വിദർഭയിൽ, ഗുജറാത്തിലെ പട്ടോലയിൽ, ബനാറസിൽ, മൂർഷിദാബാദിൽ, ഭാഗൽപ്പൂരിൽ, ബ്രഹ്മപുത്രയിലെ അരികുഗ്രാമങ്ങളിൽ, എല്ലാം. തറികളിൽ പട്ടിണിയാണ്. ഇതേപ്പറ്റി സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. ജയതി ഘോഷ് പറഞ്ഞു:ജിഎസ്ടി എത്രത്തോളം അപഹാസ്യമായാണ് നാടപ്പാക്കിയിട്ടുള്ളതെന്ന് നോക്കൂ. ജീവിതവുമായി ബന്ധമേ ഇല്ലാത്ത വിധം അപ്രായോഗികം. നെയ്ത്തുകാർ ആത്മഹത്യയിൽ അഭയം തേടുന്നത് നിവൃത്തികേടു കൊണ്ടെന്ന് പറഞ്ഞ് മാറാവുന്ന കാലം കഴിയുകയാണ്. മറ്റൊരു തരത്തിൽ ആസൂത്രിതമായ കൊലപാതകം തന്നെയാണ് ഗ്രാമങ്ങളിൽ. അവരുടെ രോഷത്തിന് ഇപ്പോൾ ഒരുപാട് കാരണങ്ങളുണ്ട്. ജെ എൻ യുവിൽ അപരിചിതമായ ഒരു തരം സുരക്ഷ ഉണ്ടായിരുന്നു അവരെ കാണാൻ ചെന്നപ്പോൾ. ഗംഗായാത്രയിൽ കോൺഗ്രസിന്റെ മൃതസഞ്ജീവനി തേടുകയായിരുന്നു പ്രിയങ്ക. എഐസിസി ജനറൽ സെക്രട്ടറിയായി ലഖ്നോവിൽ വിമാനം ഇറങ്ങിയ പ്രിയങ്ക ആയിരുന്നില്ല അത്. സാരിയിൽ ആയിരുന്നു പ്രിയങ്ക ഗംഗാ മാതാവിനെ വന്ദിക്കാൻ ഇറങ്ങിയത്. കറുപ്പും മെറൂണും പച്ചയും എല്ലാം നിറഞ്ഞു അന്ന് പ്രിയങ്കയുടെ വേഷത്തിൽ. ഗ്രാമീണ ഇന്ത്യയിലെ അടിസ്ഥാന നിറങ്ങളിലൂടെ ജനങ്ങളെ സ്പർശിക്കാനുള്ള നീക്കം തന്നെയായിരുന്നു പ്രിയങ്കയുടേതും. ബദറുദ്ദീൻ തയ്യബ്ജിയുടേയും സുരയ്യതയ്യബ്ജിയുടേയും മകളായ ലൈലതയ്യബ്ജി പണ്ട് ഇന്ദിര ഗാന്ധിയെ പറ്റി എഴുതിയിട്ടുണ്ട്. എത്ര വേഗമാണ് മിണ്ടാപ്പാവ എന്നറിയപ്പെട്ട ഇന്ദിര ജനകീയ നേതാവായത് എന്ന്. അതിൽ അവരുടെ സാരികൾ വഹിച്ച പങ്ക് എത്രയെന്നും. നെഹ്റു വന്നപ്പോൾ നടപ്പാക്കിയ വികസനനയത്തിൽ കടുത്ത എതിർപ്പുണ്ടായിരുന്നു ഗാന്ധിയന്മാർക്ക്. ജോൺ കൊർണേലിയസ് കുമരപ്പയെപ്പോലുള്ളവർ മുന്നോട്ട് വച്ച ഗ്രാമീണ ഇന്ത്യയുടെ സങ്കൽപം അട്ടിമറിക്കപ്പെട്ടത് വിലാപം തന്നെയായി. കമലചതോപാധ്യായയെപ്പോലുള്ളവർ കൈത്തറി വികസനത്തിനായി രംഗത്തെത്തി. രണ്ടാം ഖാദി വിപ്ലവം. അക്കാലം ഫാഷൻ മോഡലുകൾ ഇല്ല. പത്രത്താളുകൾ സാരി പരസ്യത്തിന് മാറ്റിവച്ച ഇടങ്ങളിൽ പ്രമുഖ ബ്രാൻഡുകൾക്ക് മാത്രമേ പണം മുടക്കാനാവൂ. അന്നേരമാണ് ഇന്ദിരയുടെ വരവ്. ഒഡിഷയിലെ ഗ്രാമീണ സാരികൾക്കും അസമിലെ ബോഡോ സാരികൾക്കും രാജസ്ഥാനിലെ നിറങ്ങൾക്കും പ്രസിദ്ധി കിട്ടി. സാരിയുടെ ഏറ്റവും മികച്ച മോഡൽ. രാഷ്ട്രീയമായി ഇഷ്ടപ്പെടാതിരിക്കാം. പക്ഷേ ഇന്ദിരഗാന്ധി എന്ന ഒറ്റ വ്യക്തിയാണ് പല ഗ്രാമങ്ങളേയും രക്ഷിച്ചത്. ഉദാഹരണം ഒഡിഷയിലെ സമ്പാൽപൂർ മേഖല. ഒരു കാലഘട്ടത്തിൽ ഇവിടത്തെ കൈത്തറികൾക്കുള്ള ഒരേയൊരു പ്രചാരക പുറത്ത് ഇന്ദിരയായിരുന്നു. ഗ്രാമങ്ങൾ ഇന്നും അവികസിതമെന്നത് മറ്റൊരു കഥ. പല തറികളും പൂട്ടിപ്പോയി എന്നതും. സുരയ്യ തബ്ജിയും പിന്നീട് പുപുൽ ജയ്കറും ഡിസൈൻ ചെയ്ത സാരികളായിരുന്നു പിന്നീട് ഇന്ദിരയ്ക്ക് പ്രിയം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിറങ്ങളെ ഇന്ദിര സ്വന്തമാക്കി. കൊല്ലപ്പെടുന്നതിന് തലേന്ന് നടത്തിയ രക്തപ്രസംഗത്തിൽ ഇന്ദിര ധരിച്ചത് സമ്പാൽപൂർ സാരിയായിരുന്നു. അതിന്റെ തുടർച്ച സോണിയഗാന്ധിയുംസാരി ഉടുത്തു.അസമിലെ കരകളും ബനാറസിലെ വരകളും കാഞ്ചീപുരത്തിന്റെ കള്ളികളും എല്ലാം സോണിയയിൽ ദൃശ്യമായി. ഇന്ത്യക്കാരിയാവാൻ ഉള്ള ശ്രമം എന്നതിന് അപ്പുറം സാരി ആരാധികയായിരുന്നു സോണിയ. അവരുടെ സാരിപ്രേമത്തിൽ ഉടനീളം അത് ദൃശ്യമായി . ബനാറസ് സിൽക്കിന്റെ പ്രത്യേകതകളെ വിദേശത്തും ധരിച്ചു സോണിയ. ഒരിക്കലും അവർ അത് ഉപേക്ഷിച്ചുമില്ല. ഇപ്പോൾ അനുസ്യൂതം തുടരുകയാണ് പ്രിയങ്കഗാന്ധി. എണ്ണമറ്റ സാരികളുമായി ചിത്രങ്ങളിൽ നിറയുന്നു പ്രിയങ്ക. വിവിധ നിറങ്ങളിൽ. നിറയെ ആത്മവിശ്വാസവുമായി. ലളിതവും കുലീനവുമായ പാരമ്പര്യത്തിന്റെ തുടർച്ച എന്ന് ബോധ്യപ്പെടുത്താൻ. ടെംപിൾ ബോർഡറും ബോഡോ വീവും പ്രിയങ്കയിലും കാണാമെന്ന് വിദഗ്ദർ. പോച്ചംപള്ളിയും സമ്പാൽപൂരും തുടരുന്നുണ്ട്. കോരാപ്പുട്ടിലെ ആദിവാസി ഡിസൈനുകളെ പ്രിയങ്കയും ഏറ്റെടുക്കുന്നു. ചെങ്കല്ലു നിറമുള്ള ചെട്ടിനാട് സാരിയിൽ പ്രിയങ്ക അസൂയപ്പെടുത്തി എന്ന് പറയുന്നു ദൽഹിയിലെ ഡിസൈനർമാർ. പുട്ടാപാകയും ബസ്തറും ഭാഗൽപൂരും പട്ടോലയും പ്രിയങ്കയും ഉടുക്കുന്നുണ്ട്. കൈത്തറി ഗ്രാമങ്ങളിൽ നിന്നുള്ള ഇരുപതോളം ലളിതമായ പാറ്റേണുകളാണ് സാരികളിൽ പ്രിയങ്ക പിന്തുടരുന്നതെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. 14 പാറ്റേണുകളിലായിരുന്നു ഇന്ദിരയുടെ വസ്ത്രധാരണം. ചടുല ചുവടുകളാൽ നടന്ന്, വലതു കൈ ആകാശത്തേക്ക് വീശി , കണ്ണുകളിൽ നോക്കി ചിരിച്ച്, ആത്മവിശ്വാസം വഴിയുന്ന പെരുമാറ്റത്തോടെ തിരഞ്ഞെടുപ്പിൽ നിറയുകയാണ് പ്രിയങ്ക. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും സാരിത്തുമ്പിനാൽ യോജിപ്പിക്കുന്നു ഇന്ദിരയുടെ കൊച്ചുമകൾ. പരസ്യം ചെയ്യാൻ പാങ്ങില്ലാത്ത പല ഗ്രാമങ്ങൾക്കും അത് ഉണർവേകുന്നുണ്ട്. പ്രിയങ്കഗാന്ധിക്ക് അതിനെപ്പറ്റി അറിവുണ്ടോ? സത്യമായും ആർക്കും അറിഞ്ഞുകൂടാ. Content Highlights: Priyanka gandhi, congress, rahul, khadi saree


from mathrubhumi.latestnews.rssfeed https://ift.tt/2G0uQDV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages