ന്യുഡല്‍ഹി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ മറുപടിയുമായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്. കറകളഞ്ഞ ജഡ്ജിയായിരിക്കുക വലിയ വെല്ലുവിളിയാണ്. 20 വര്‍ഷത്തോളമായി ജഡ്ജിയായിരിക്കുന്ന തന്റെ ബാങ്ക് ബാലന്‍സ് വെറും 6,80,000 രൂപ മാത്രമാണ്. പണം കൊണ്ട് തന്നെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് വന്നതോടെയാണ് മറ്റ് ആരോപണങ്ങള്‍ ഉയരുന്നത്. പക്ഷപാതമില്ലാതെ പദവിയില്‍ തന്നെ തുടരും. തനിക്കു നേരെ വലിയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. ഇങ്ങനെയാണ് കാര്യങ്ങളെങ്കില്‍ എങ്ങനെയാണ് ഒരു ജഡ്ജിക്ക് കേസുകളില്‍ വാദം കേട്ട് വിധിപറയാന്‍ കഴിയുക. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അപകടത്തിലാണെന്നും കോടതിയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
പരാതിക്കാരിയായ യുവതിക്കും കുടുംബത്തിനുമെതിരെ നിരവധി കേസുകളുണ്ട്. ഇവര്‍ക്കെതിരെ പട്യാല കോടതിയില്‍ നിലവില്‍ കേസുണ്ട്. അന്വേഷണ വിധേയമായാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. സുപ്രധാനമായ പല കേസുകളിലും അടുത്തയാഴ്ച നിര്‍ണായക തീരുമാനം എടുക്കാനിരിക്കേയാണ് ഈ ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും ചീഫ് ജസ്റ്റീസ് അറിയിച്ചു.
മാധ്യമങ്ങള്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അതില്‍ സത്യമുണ്ടോയെന്ന് പരിശോധിക്കണമെന്ന പരാമര്‍ശവും മൂന്നംഗ ബെഞ്ചില്‍ നിന്ന് ഉണ്ടായി. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ നിയന്ത്രണം പാലിക്കണം. മറ്റ് ജഡ്ജിമാര്‍ ഒരു ഉത്തരവ് നടത്തട്ടെയെന്ന് ചീഫ് ജസ്റ്റീസ് അറിയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റീസ് ഇരിക്കുന്ന ബെഞ്ചായതിനാല്‍ തങ്ങളും ഉത്തരവുകള്‍ ഒന്നും നടത്തുന്നില്ലെന്ന് മറ്റ് ജഡ്ജിമാരും വ്യക്തമാക്കി.
ഇത്തരം ഭീഷണികള്‍ താനും നേരിടുന്നുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെ കോടതിയില്‍ ശക്തമായി പ്രതിരോധിക്കുന്നതിന്റെ പേരില്‍ താനും ഭീഷണി നേരിടുന്നുവെന്ന് എ.ജി വ്യക്തമാക്കി. ഇത് ബ്ലാക്ക്‌മെയിലിംഗ് തന്ത്രമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ചൂണ്ടിക്കാട്ടി.
from mangalam.com http://bit.ly/2XuzC3A
via IFTTT
No comments:
Post a Comment