രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുമെന്നറിഞ്ഞപ്പോൾ മുതൽ സി.പി.എമ്മിന് പരാജയ ഭീതിയിൽ വിറളി പിടിച്ച് തുടങ്ങിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേശീയ നേതാക്കൾ ആദ്യമായിട്ടല്ല രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. രാഹുൽഗാന്ധിയുടെ വരവ് തെക്കേ ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച രമേശ് ചെന്നിത്തലയുമായുള്ള മുഖാമുഖത്തിന്റെ പ്രസക്ത ഭാഗം. രാഹുലിന്റെ വയനാട്ടിലേക്കുള്ള വരവിന്റെ ഉദ്ദേശ്യമെന്ത്? ബിജെപിക്കെതിരേയുള്ള പോരാട്ടം ശക്തമാക്കാനാണ് രാഹുൽ വയനാട്ടിലേക്ക് വരുന്നത്. അത് ഞങ്ങൾ നേരത്തേ പറഞ്ഞതാണ്. ദക്ഷിണേന്ത്യയിൽ നിന്ന് ബിജെപിയെ തുടച്ച് നീക്കണം. മാത്രമല്ല രാഹുലിന്റെ വരവ് ദേശീയ ഐക്യത്തിന് ശക്തി പകരുകയും ചെയ്യും. സി.പി.എം നേതാക്കൾ രാഹുൽ മത്സരിക്കുന്നതിൽ ഭയപ്പെടുകയാണ്. ദേശീയ ഐക്യത്തിനും തെക്കേ ഇന്ത്യയിൽ ബിജെപിയെ തകർക്കാനും മതേതരത്വം ഊട്ടിയുറപ്പിക്കാനുമാണ് രാഹുൽഗാന്ധി ശ്രമിക്കുന്നത്. സംസ്ഥാനത്ത് ഇരുപതിൽ ഇരുപത് സീറ്റും യു.ഡി.എഫ് നേടുമെന്നതിൽ സംശയമില്ല. പ്രധാനമന്ത്രി സ്ഥാനാർഥി ആരാണ് എന്ന് പോലും വ്യക്തമാക്കാത്ത ഇടതുപക്ഷമാണ് വിമർശനുമായി വരുന്നത്. വയനാട്ടിൽ നല്ല ഭൂരിപക്ഷത്തിൽ രാഹുൽഗാന്ധി വിജയിക്കുമെന്നതിൽ സംശയമില്ല. ബി.ജെ.പി മത്സരിക്കാത്ത വയനാട്ടിൽ എന്തിന് രാഹുൽ മത്സരിക്കണം? എവിടെ മത്സരിക്കണമെന്നത് ഓരോ പാർട്ടിയുടേയും തീരുമാനമാണ്. അതിൽ വിറളിപൂണ്ടിട്ട് കാര്യമില്ല. സി.പി.എമ്മിനാണ് ഇതിൽ ഏറ്റവും ഭീതി. ബി.ജെ.പിക്കെതിരേയാണെങ്കിൽ തിരുവനന്തപുരത്തല്ലേ മത്സരിക്കേണ്ടത് എന്നാണ് പലരും വാദിക്കുന്നത്. തിരുവനന്തപുരം മണ്ഡലത്തിലൊന്നും ബി.ജെ.പിക്ക് വലിയ റോളില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിക്കും. അവിടെ ശശി തരൂർ നല്ല ഭൂരിപക്ഷത്തിൽ ജയിക്കും. വയനാട്ടിൽ രാഹുൽ മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നൽകുന്നതെന്നതിന്റെ ഉത്തരം നേരത്തെ ഞാൻ പറഞ്ഞു കഴിഞ്ഞു. ഇതൊന്നും അംഗീകരിക്കാൻ സി.പി.എം തയ്യാറാകുന്നില്ല. ബി.ജെ.പിക്കായിരിക്കും ഏറ്റവും കൂടുതൽ എതിർപ്പെന്നാണ് ഞങ്ങൾ കരുതിയത്. പക്ഷെ ഇവിടെ സി.പി.എമ്മിനാണ് ഏറ്റവും കൂടുതൽ എതിർപ്പ്. അവർക്ക് അന്തമായ കോൺഗ്രസ് വിരോധമാണ്. മതേതര ജനാധിപത്യ വളർച്ചയെ തകർക്കാനാണ് അവരുടെ ശ്രമം. ഇതിനെയൊക്കെ ഊട്ടിയുറപ്പിക്കാനാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത്. ഇത് തെക്കേ ഇന്ത്യയ്ക്കാകെ ഗുണം ചെയ്യും. ഒളിച്ചോടുകയാണെന്നാണല്ലോ പ്രധാനമന്ത്രി ആരോപിച്ചത്? പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായ പ്രസ്താവനകളും മറ്റും ജനാധിപത്യ മതേതരത്വ മൂല്യങ്ങൾക്ക് ചേർന്നതല്ല. കപട ദേശീയ വാദമാണ് പ്രധാനമന്ത്രി ഉയർത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷവും ജനങ്ങളെ വർഗീയമായി വേർതിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. രാഹുലിന്റെ വരവിനെ വലിയ തോതിൽ വിമർശിക്കാൻ തുടങ്ങിയതോടെ ജന്മഭൂമിയും ദേശാഭിമാനിയും തമ്മിൽ വ്യത്യാസമില്ലാതായി. തെക്കെ ഇന്ത്യയിൽ നിന്ന് ബി.ജെ.പിയെ തുടച്ച് നീക്കുക എന്നതാണ് രാഹുലിന്റെ വരവിന്റെ ഉദ്ദേശ്യം. അമേഠിയിലും വയനാട്ടിലും രാഹുൽ വലിയ വിജയം നേടും. ഏത് മണ്ഡലം നിലനിർത്തും എന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. അത് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള കാര്യമാണ്. ഇപ്പോൾ വിജയിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. ആലത്തൂർ സ്ഥാനാർഥിക്കെതിരേയുള്ള എ. വിജയരാഘവന്റെ പരമാർശത്തെ കുറിച്ച്? എ.വിജയരാഘവൻ നടത്തിയത് അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധ പരാമർശമാണ്. അദ്ദേഹത്തിനെതിരേ കേസെടുക്കാൻ സർക്കാർ തയ്യാറാവണം. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് നടക്കുന്ന സർക്കാരിന് കീഴിൽ ഒരു വനിതാ സ്ഥാനാർഥിക്ക് പോലും രക്ഷയില്ലാതായി. ഇതാണോ നവോത്ഥാനം എന്ന് നേതാക്കൾ വ്യക്തമാക്കണം. വളരെ തെറ്റായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീകൾക്ക് സംസ്ഥാനത്ത് ജീവിക്കാൻ വയ്യാത്ത അവസ്ഥ വന്നിരിക്കുന്നു. അക്രമികളെ പേടിച്ച് പെൺകുട്ടിയെ ആൺവേഷം കെട്ടി വളർത്തേണ്ട ഗതികേടാണ് കേരളത്തിനുള്ളത്. ഇത് നവോത്ഥാനത്തിന്റെ ഫലമാണോ. അങ്ങനെയെങ്കിൽ എനിക്ക് ഒന്നും പറയാനില്ല. യു.ഡി.എഫിന്റെ സാധ്യത? യു.ഡി.എഫിന്റെ എല്ലാ മണ്ഡലങ്ങളിലും ശക്തമായ സ്ഥാനാർഥികളാണുള്ളത്. വിജയം ഉറപ്പ്. രാഹുൽ ഗാന്ധി കൂടി വരുന്നതോടെ ആവേശം ഇരട്ടിയാവും. അതിന്റെ ഫലം എല്ലാ മണ്ഡലങ്ങളിലും ഉണ്ടാവും. രണ്ട് കൊലക്കേസിൽ അടക്കം പ്രതിയായ ആളെ വടകരയിൽ സ്ഥാനാർഥിയാക്കിയവരാണ് സി.പി.എം. ഇതിലൂടെ എന്ത് സന്ദേശമാണ് സി.പി.എം നൽകുന്നതെന്ന് വ്യക്തമാക്കണം. രാഹുൽ ഗാന്ധി മറ്റന്നാൾ വയനാട്ടിൽ നാമനിർദേശ പത്രിക നൽകും. പുറത്ത് നിന്നുള്ള പ്രവർത്തകർ ആരും അവിടെ പ്രചാരണത്തിന് പോവേണ്ടെന്ന് നിർദേശം നൽകിയിണ്ട്. വയനാട്ടിലെ തന്നെ ജനങ്ങൾ രാഹുൽ ഗാന്ധിയെ രണ്ട് കൈയും നീട്ടി സ്വീകരിച്ച് കഴിഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2uCz7rP
via
IFTTT
No comments:
Post a Comment