രാജാവ് കണ്ണാടി നോക്കുമ്പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, April 30, 2019

രാജാവ് കണ്ണാടി നോക്കുമ്പോള്‍

പുലർകാലെ കുളിച്ച് സുസ്മേരവദനനായി കണ്ണാടിക്ക് മുന്നിൽ നിന്നു. കുറിയിടാൻ നോക്കിയപ്പോഴാണ് ഒബാമ അദ്യേത്തെ ഓർത്തത്. ഇന്നലെയും കൂടി വിളിച്ചിരുന്നു. ഇതൊക്കെ എങ്ങിനെ സാധിക്കുന്നെടാ ഉവ്വെ എന്നാണദ്യേം വീണ്ടും ചോദിച്ചത്. വെറും മൂന്നു മണിക്കൂറേ ഉറങ്ങുന്നുള്ളുവെന്ന കാര്യം അദ്യേത്തെ ഞെട്ടിപ്പിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. ഇപ്പോൾ മൂന്നു മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ട്. പണ്ട് പകലും രാത്രിയും ഒരുപോലെയായിരുന്നു. പകൽ മുതലപിടിത്തം, രാത്രി ഹിമാലയസാനുക്കളിൽ കറക്കം. ഇതായിരുന്നു പതിവ്. നമ്മൾ വരുന്നതും കാത്ത് മുനിവര്യന്മാർ കാത്തു നിൽക്കുമായിരുന്നു. ആളൊരു പ്രതിഭാസമാണെന്ന് അവർ ഉൾക്കണ്ണുകൊണ്ട് തിരിച്ചറിഞ്ഞുകാണും. കൂൺ കഴിക്കാൻ തുടങ്ങിയതും അക്കാലത്താണ്. കൈലാസത്തിനടുത്തു നിന്നും കിട്ടിയ ഒരു കൂണുണ്ടായിരുന്നു. അത് കഴിച്ചതോടെയാണ് കണ്ണ് ശരിക്കും തെളിഞ്ഞത്. പഠിക്കണമെങ്കിൽ എന്റയർ പൊളിറ്റിക്കൽ സയൻസ് തന്നെ പഠിക്കണമെന്ന ഉൾവിളി ഉണ്ടായതും അന്നാണ്. നെഹ്രു കുടുംബത്തിലെ ആ പീക്കിരി പയ്യൻ ഇപ്പോൾ കൈലാസ യാത്ര ഒരു ശീലമാക്കിയിട്ടുണ്ടെന്ന് കേട്ടു. ചെക്കന്റെ കൈയ്യിൽ ആ കൂണെങ്ങാൻ കിട്ടിയാൽ! ചെക്കനെ വഴിതെറ്റിക്കുന്ന കാര്യം ചാത്തന്മാർ ഏറ്റെടുത്തിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം. കണ്ണാടിക്ക് മുന്നിൽ ഇങ്ങനെ നിൽക്കുമ്പോഴുള്ള ആനന്ദം പറഞ്ഞറിയിക്കാൻ പറ്റില്ല. ഗ്ളാമർ എന്നു പറഞ്ഞാൽ ഇങ്ങനെ ഒരു ഗ്ളാമറുണ്ടോ! ഒന്നാഞ്ഞു ശാസം പിടിച്ചാൽ 56 ഇഞ്ചൊക്കെ ഇപ്പോഴും വിളിപ്പുറത്താണ്. വാസ്തവത്തിൽ ഇന്നലെയാണ് ശരിക്കും ഒന്ന് ശ്വാസം വിട്ടത്. ചെക്കന്റെ പെങ്ങളൊരുത്തി നമുക്കെതിരെ കളത്തിലിറങ്ങില്ലെന്ന് ഇന്നലെയാണ് ഉറപ്പായത്. ചെക്കനെപ്പോലെയല്ല, മുൻവിചാരവുമില്ലാത്ത ജാതിയാണ്. പക്ഷേ, ചെക്കനും അമ്മയും സമ്മതിച്ചില്ലെന്നാണ് കേട്ടത്. പെണ്ണുങ്ങൾ പൊതുവെ നമ്മുടെ എതിർഭാഗത്താണ്. ആകെ ഒരാശ്രയമുള്ളത് അമ്മ മാത്രമാണ്. ക്യാമാറക്കാരുമായി ഈ പടി കയറിപ്പോകരുതെന്നാണ് അമ്മ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിപ്പോ, ക്യാമറയില്ലാതെ നമുക്കൊരു ജീവിതമില്ലെന്ന് അമ്മക്കറിയില്ലല്ലോ. നമുക്ക് മാത്രം കാണാൻ കഴിയുന്ന ക്യാമറയൊന്ന് സംഘടിപ്പിക്കാമെന്ന് ഇസ്രായേലിലെ നെതന്യാഹു അദ്യേം പറഞ്ഞിട്ടുണ്ട്. ചുട്ട കോഴിയെ പറപ്പിക്കുന്ന വിദ്വാനാണ്. പറഞ്ഞാൽ പറഞ്ഞതാണ്. കൈലാസത്തിലെ കൂൺ എങ്ങിനെയെങ്കിലും അദ്യേത്തിന് പാഴ്സൽ അയക്കണം. ഇതിപ്പോ, ഇനിയെത്രകാലം ഇങ്ങനെ കഴിയാൻ പറ്റുമെന്നറിയില്ല. വിളിച്ചാൽ എന്തുമേതും വിളിപ്പുറത്താണ്. ഗുജറാത്തിൽനിന്ന് ഇങ്ങ് ഇന്ദ്രപ്രസ്ഥത്തിലെത്തിയപ്പോൾ ചെറിയൊരു പേടിയുണ്ടായിരുന്നു. നെഹ്രുവും ഇന്ദിരയും വാജ്പേയിയുമൊക്കെ ഇരുന്നിട്ടുള്ള കസേരയാണെന്നും സൂക്ഷിക്കണമെന്നുമായിരുന്നു അദ്വാനി ആശാൻ പറഞ്ഞത്. ആശാനെ അന്നേ മാർക്ക് ചെയ്തതാണ്. കൂടെക്കൂട്ടാൻ പറ്റിയ പാർട്ടിയല്ലെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലായി. ഗുജറാത്തിൽനിന്ന് അമിട്ട് സഹോ വന്നപ്പോഴാണ് മനസ്സൊന്നു കുളിർത്തത്. അദ്വാനിയെന്നല്ല നാഗ്പൂരിലെ സാക്ഷാൽ ഭാഗവത്ജി പോലും സഹോയോട് മുട്ടുന്നതിനു മുമ്പ് ഒന്നാലോചിക്കും. അടുത്തിടെയായി സഹോയ്ക്ക് ചില വേണ്ടാതീനങ്ങൾ മനസ്സിൽ കയറികൂടിയിട്ടുണ്ടോയെന്നെ ആശങ്കയില്ലാതില്ല. നമ്മുടെ കസേരയിലാണ് സഹോയുടെ നോട്ടമെന്നാണ് ദോവൽജി പറയുന്നത്. മെയ് 23-ന് എല്ലാത്തിനും തീരുമാനമാകും. ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമല്ലെന്നാണ് കേൾക്കുന്നത്. ചെക്കനും കൂട്ടരും രണ്ടും കൽപിച്ചാണിറങ്ങിയിരിക്കുന്നത്. ചെക്കന് മഹാദേവനുമായാണ് കമ്പനി എന്ന് കേട്ടപ്പോൾ ആദ്യം വിശ്വസിച്ചിരുന്നില്ല. കുലം നോക്കേണ്ടെന്നും ചെക്കന് ബുദ്ധി കമ്മിയാണെന്നുമാണ് ആദ്യം കേട്ടത്. പക്ഷേ, കൈലാസം പൂകി വന്നതോടെ ചെക്കനങ്ങ് കയറി തെളിഞ്ഞ മട്ടാണ്. ചെക്കന്റെ കൈലാസ യാത്ര സൂക്ഷിക്കണമെന്നും ഒരു നിവൃത്തിയുണ്ടെങ്കിൽ തടയണമെന്നും സുബ്രഹ്മണ്യൻ സ്വാമി മുന്നറിയിപ്പ് തന്നതായിരുന്നു. പട്ടർ നമുക്കിട്ട് പണിയുമോയെന്ന് പേടിയുണ്ടായിരുന്നതുകൊണ്ട് അതത്രയങ്ങ് ഗൗനിച്ചില്ല. പട്ടരുമായി ഗുണത്തിനും ദോഷത്തിനും പറ്റില്ല. വല്ലാത്ത ഇനമാണ്. കാണുമ്പോഴൊക്കെ നല്ല വാക്ക് പറഞ്ഞ് ഒഴിഞ്ഞുമാറുന്നതാണ് ബുദ്ധിയെന്ന് ഗുരുമൂർത്തിയാണ് പറഞ്ഞത്. കാലം അത്ര നന്നല്ലെന്നും സൂക്ഷിക്കണമെന്നും പരപ്പനങ്ങാടിക്കാരൻ പണിക്കർ കഴിഞ്ഞ ദിവസവും വിളിച്ചുപറഞ്ഞു. നോട്ട് നിരോധനമൊന്നും വേണ്ടെന്നും വെളുപ്പിക്കാൻ പോയാൽ പാണ്ടാവുമെന്നും പണിക്കരദ്യേം അന്നു പറഞ്ഞത് കേട്ടില്ല. സർജിക്കൽ സ്ട്രൈക്കെന്നു പറഞ്ഞാൽ ഇതാണെന്നു പറഞ്ഞ് നാഗ്പൂരെ അണ്ണന്മാർ ബഹളം വെച്ചപ്പോൾ വേറൊന്നുമാലോചിച്ചില്ല. സകലതും കൈവിട്ടെന്നു തോന്നിയപ്പോഴാണ് ബാലാക്കോട്ടൊരു അവസരം ഒത്തുവന്നത്. അടി മർമ്മത്തു തന്നെ കൊടുത്തിട്ടുണ്ടെന്നും പാക്കിസ്താൻ തീർന്നെന്നുമാണ് കിങ്കരന്മാർ പറഞ്ഞത്. പക്ഷേ, പറഞ്ഞിട്ടെന്തുകാര്യം. തകർത്തതിന് തെളിവുണ്ടോയെന്നാണ് ചെക്കനും കൂട്ടരും ചോദിക്കുന്നത്. എന്തിനുമേതിനും തെളിവ് വേണമെന്നു പറഞ്ഞാൽ ഇതിപ്പോ എവിടെ നിന്നെടുത്തുകൊടുക്കാനാണ്. ഇക്കുറി നറുക്ക് വീണാൽ ആദ്യം കൊണ്ടു വരുന്നത് തെളിവ് നിരോധനമായിരിക്കും. തെളിവും ചോദിച്ച് ഒരുത്തനും ഈ പടി ചവിട്ടിപ്പോവരുതെന്ന് ദോവൽജിയോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ബാലാക്കോട്ട് ചീറ്റിപ്പോയെന്നും ഇന്ദ്രപ്രസ്ഥം പിടിക്കണമെങ്കിൽ പുതിയ കളികൾ വേണമെന്നും അമിത് സഹോ പറയുന്നുണ്ട്. ഉത്തരദേശമാണ് കഴിഞ്ഞ തവണ കൂടെ നിന്നത്. ഇത്തവണ അതിന്റെ കാര്യം യോഗിയും കൂട്ടരും തീരുമാനമാക്കിയിട്ടുണ്ട്. യെവൻ വേണ്ടെന്ന് ഭാഗവത്ജിയോട് പലവട്ടം പറഞ്ഞതാണ്. പശുജന്മങ്ങളെക്കൊണ്ടായിരിക്കും നമ്മുടെ കാര്യത്തിൽ തീരുമാനമുണ്ടാവുകയെന്ന് നാഡിവൈദ്യന്മാർ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടിയപ്പോഴേക്കും വൈകിപ്പോയി. ചെക്കന്റെ കൂടെ നിൽക്കുന്നവരിലാണ് പ്രതീക്ഷ. മറാത്തക്കാരൻ പവാർജിയെ പ്രത്യേകം നോക്കിക്കോളാൻ നാഗ്പൂരുകാരോട് പറഞ്ഞിട്ടുണ്ട്. രസഗുളയൊക്കെ തരുമെങ്കിലും ദീദിയെ നമ്പാനാവില്ല. ദേഷ്യം വന്നാൽ എന്താണ് വിളിച്ചുപറയുകയെന്ന് പരപ്പനങ്ങാടിക്കാരന് പോലും മുൻകൂട്ടിക്കാണാനാവില്ല. തെക്കു നിന്നും നല്ല റിപ്പോർട്ടുകളല്ല വരുന്നത്. യെദ്യൂരപ്പയെക്കൊണ്ട് വലിയ പ്രയോജനമൊന്നും ഇത്തവണയുമുണ്ടാവാൻ വഴിയില്ല. ഡയറിയൊന്നും എഴുതരുതെന്ന് പല തവണ പറഞ്ഞതാണ്. ജിവിതത്തിൽ ഇന്ന് വരെ നമ്മൾ ഒരു ഡയറിക്കുറിപ്പ് പോലും എഴുതിയിട്ടില്ല. ഒരു നിവൃത്തിയുണ്ടെങ്കിൽ ഒരക്ഷരവും എഴുതരുതെന്നാണ് നമ്മുടെ ഒരിത്. തമിഴകത്താണെങ്കിൽ ഇത്തവണയും കാര്യമായൊന്നും തടയാൻ പോകുന്നില്ല. അണ്ണൻ രജനി ഇറങ്ങിയിരുന്നെങ്കിൽ എന്തെങ്കിലും നടക്കുമായിരുന്നു. പക്ഷേ, അണ്ണനെ ഇറക്കണമെങ്കിൽ ഒരു ജന്മം മതിയാവുമെന്ന് തോന്നുന്നില്ല. തെലങ്കാനയിൽ ചന്ദ്രശേഖരനെന്നു പറഞ്ഞവൻ എന്തിനും തയ്യാറാണ്. പക്ഷേ, എന്തു കൊടുത്താലാണ് ഗാരു തൃപ്തനാവുകയെന്ന് ഭഗവാന് മാത്രമേ അറിയൂ. ആന്ധ്രയിൽ ജഗന്റെ കാര്യത്തിലും ഒന്നുമൊന്നും പറയാനാവില്ലെന്നാണ് റിപ്പോർട്ട്. എന്തായിലും ഖജാന ശരിക്കുമൊന്ന് തുറന്നുവെച്ചേക്കാൻ സഹോയോട് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ കാര്യമാണ് ബഹുവിശേഷം. തിരുവനന്തപുരം ഇത്തവണ പിടിച്ചിരിക്കുമെന്ന് പറഞ്ഞ് നാഗ്പൂരുകാരാണ് കുമ്മനംജിയെ കളത്തിലിറക്കിയത്. മിസോറാമിൽ മര്യാദയ്ക്ക് കഞ്ഞി കുടിച്ചിരുന്ന പാർട്ടിയാണ്. തിരുവനന്തപുരം കൈവിട്ടാൽ അടുത്തൂണും ചോദിച്ച് ഈ വഴിക്കൊന്നും വന്നുപോവരുതെന്ന് കട്ടായം പറഞ്ഞിട്ടുണ്ട്. ആനയാണ് ചേനയാണ് എന്നാക്കെ പറഞ്ഞ് ഒരുത്തനെ തൃശ്ശൂരിൽ ഇറക്കിയിട്ടുണ്ട്. പൂരത്തിന് മുമ്പും ഒരു പുലിക്കളി എന്നാണത്രെ ടിയാനെക്കുറിച്ച് തൃശ്ശൂരിലെ ശവികൾ പറയുന്നത്. എന്തു വന്നാലും പത്തനംതിട്ടയിൽ ഇക്കുറി നമ്മുടെ പൂവ് വിരിയുമെന്നാണ് സഹോയുടെ ഭാഷ്യം. സംഗതി പക്ഷേ, ഉള്ളി തൊലി കളയും പോലെയാവാനുള്ള സാദ്ധ്യത തള്ളിക്കളയേണ്ടതില്ലെന്നാണ് ഒടുവിൽ കേട്ടത്. മൊത്തത്തിൽ ഒരു വശപ്പിശകാണ്. കണ്ണാടി ഒരു വശം കോടിയതുപോലെ. ആലോചിക്കുന്തോറും ഒരെത്തും പിടിയും കിട്ടുന്നില്ല. പത്ത് ലക്ഷത്തിന്റെ കോട്ട്, കൈലാസത്തിലെ കൂൺ, എവിടെ എപ്പോൾ വേണമെങ്കിലും കൊണ്ടുപോവാൻ തയ്യാറായി നിൽക്കുന്ന ആകാശപ്പക്ഷികൾ ..... ഇങ്ങോട്ടൊന്നും വരുന്നില്ലെടേയ് എന്ന് ഇന്നലെ രാത്രിയും ട്രമ്പദ്യേം വിളിച്ചിരുന്നു. പാരീസിലെ നോത്രദാം പള്ളി പുതുക്കിപ്പണിതുകഴിഞ്ഞാൽ ആ വഴിക്കും ഒന്നും പോകണം. അഖണ്ഡ ഭാരതമാണ് ലക്ഷ്യം. പാക്കിസ്താനും ബംഗ്ളാദേശുമൊക്ക നമ്മുടെ സംസ്ഥാനങ്ങളാവുന്ന സുന്ദര സുരഭില കാലം. എല്ലാം മെയ് 23-നറിയാം. ഒത്തുവന്നാൽ നമ്മൾ ഇവിടെത്തന്നെയിരിക്കും. നല്ല അസ്സൽ കാഞ്ഞിരത്തിൽ തീർത്ത കസേര... ഇല്ലെങ്കിൽ ഹിമാലയം മാടി വിളക്കുന്നുണ്ട്..... കുളങ്ങളിൽ പഴയതുപോലെ മുതലകളുണ്ടോയെന്നറിയില്ല.... കൂട്ടിന് വരാൻ ഒരുത്തനുമുണ്ടാവില്ല.... യാത്രകൾ എപ്പോഴും തനിച്ചായിരിക്കും. Content Highlights: The Great Indian War 2019, General Election 2019, Battle 2019


from mathrubhumi.latestnews.rssfeed http://bit.ly/2VzSGQr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages