അബുദാബി: സൗദികഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാർ തൊഴിലെടുത്ത് ജീവിക്കുന്ന രാജ്യമാണ് യു.എ.ഇ. ചരിത്രാതീത കാലം മുതൽക്കേ വ്യവസായ വാണിജ്യ സാംസ്കാരിക രംഗങ്ങളിൽ സക്രിയമായ കൊടുക്കൽ വാങ്ങലുകൾ ഇന്ത്യയും യു.എ.ഇ.യും തമ്മിലുണ്ട്. യു.എ.ഇ.യുടെ വളർച്ചയിൽ നിർണായകമായ സംഭാവനകൾ നൽകിയത് ഇന്ത്യക്കാരാണെന്നതും വസ്തുതയാണ്. എന്നാൽ ഭരണാധികാരികൾ തമ്മിലുള്ള ഊഷ്മളസൗഹൃദം സാധാരണ ജനങ്ങളുടെ ജീവിതത്തിൽ ഏതെല്ലാം വിധത്തിലുള്ള മാറ്റമാണ് ഉണ്ടാക്കുന്നതെന്നതിന് സാക്ഷ്യം വഹിച്ച കുറച്ചുവർഷങ്ങളാണ് ഇപ്പോൾ കടന്നുപോയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 2015 ഓഗസ്റ്റിലായിരുന്നു നരേന്ദ്രമോദിയുടെ ആദ്യ യു.എ.ഇ. സന്ദർശനം നടക്കുന്നത്. ഇന്ദിരാ ഗാന്ധിക്കുശേഷം ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ യു.എ.ഇ. സന്ദർശനം നടന്നിട്ട് അന്നേക്ക് 34 വർഷങ്ങൾ പിന്നിട്ടിരുന്നു. അതുകൊണ്ടുതന്നെ മോദിയുടെ യു.എ.ഇ. സന്ദർശനത്തിന് രാഷ്ട്രീയപരമായും നയന്തന്ത്രപരമായും വലിയ മാനങ്ങളുണ്ടായിരുന്നു. സ്വദേശികൾക്ക് ഇന്ത്യക്കരെക്കുറിച്ച് എന്നും നല്ല അഭിപ്രായമാണുണ്ടായിരുന്നത്. എന്നാൽ ഇന്ത്യയെന്ന രാജ്യത്തെപ്പറ്റിയും വ്യവസായവും വാണിജ്യവും ഹെൽത്ത് ടൂറിസമടക്കമുള്ള ഇന്ത്യയിലെ സാധ്യതകളെപ്പറ്റിയും താത്‌പര്യത്തോടെ സംസാരിച്ച് തുടങ്ങിയത് ഈയടുത്താണെന്ന് അന്നത്തെ ഇന്ത്യൻ സ്ഥാനപതി ടി.പി. സീതാറാം പറഞ്ഞിരുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര, വ്യവസായ രംഗങ്ങളിലെ ബന്ധങ്ങളിലുണ്ടായ ഉണർവാണ് അതിന് കാരണമായത്. രാഷ്ട്രീയ ആശയത്തിലെ യോജിപ്പും വിയോജിപ്പുകളും പലതാണെങ്കിലും ഇന്ത്യയെന്ന രാജ്യത്തെയും അതിലെ സാധ്യതകളെയും ലോകത്തിന് മുന്നിൽ തുറന്ന് കാണിക്കുന്നതിൽ പ്രധാനമന്ത്രിയെന്നനിലയിൽ മോദി വഹിച്ച പങ്ക് ഏറെ വലുതാണെന്ന പക്ഷക്കാരാണ് പ്രവാസികളിൽ അധികവും. യു.എ.ഇ.യിലെ ഇന്ത്യൻ നിക്ഷേപത്തിന്റെ പത്തിലൊന്ന് മാത്രമായിരുന്നു വർഷങ്ങളായി ഇന്ത്യയിലെ യു.എ.ഇ. നിക്ഷേപം. അതിൽ നിർണായകമായ ചലനങ്ങളുണ്ടാക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് കഴിഞ്ഞു. മോദിയുടെ സന്ദർശനത്തിന്റെ തുടർച്ചയെന്നോണം 2017-ൽ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥിയായി അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എത്തുകയും ചെയ്തതോടെ ഭരണതലത്തിലുള്ള ബന്ധം സുശക്തമായി. ബഹിരാകാശ ഗവേഷണം, പ്രതിരോധം, സമുദ്ര ഗതാഗതം, റോഡ് വികസനം, മനുഷ്യക്കടത്ത് തടയൽ, കാർഷിക വികസനം തുടങ്ങി 14 മേഖലകളിൽ ഇന്ത്യയും യു.എ.ഇ.യും തമ്മിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾക്ക് ധാരണയിലെത്താൻ ഇതോടെ കഴിഞ്ഞു. ഇന്ത്യയുടെയും യു.എ.ഇ.യുടെയും മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും വ്യവസായ പ്രമുഖരുമടങ്ങുന്ന സംഘങ്ങളുടെ ഇരു രാജ്യങ്ങളിലേക്കുമുള്ള സന്ദർശനം ഇതിനിടയിൽ നിരവധിതവണ നടന്നു. 2018 മാർച്ചിൽ ലോക സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കാനായി മോദി വീണ്ടും യു.എ.ഇ. സന്ദർശിച്ചു. ഉടമ്പടികൾ നിരവധി ഒപ്പ് വെക്കപ്പെട്ടു. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം എന്നീ സ്ഥാപനങ്ങൾക്ക് അബുദാബിയിൽ എണ്ണ പര്യവേക്ഷണത്തിനുള്ള സൗകര്യവും അഡ്‌നോക്കിന് ഇന്ത്യയിൽ സംഭരണശാലകൾക്കുള്ള അനുമതിയും ഇക്കാലയളവിൽ നൽകപ്പെട്ടു. ഇരു രാജ്യങ്ങളിലെയും ഊർജ രംഗങ്ങളിൽ വലിയസാധ്യതകളാണ് ഇതിലൂടെ തുറന്നത് . അബുദാബിയിൽ നടന്ന ഇസ്‌ലാമിക് കോ - ഓപ്പറേഷന്റെ 46- ാമത് ലോക വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ഇന്ത്യയ്ക്ക് വിശിഷ്ടാതിഥി രാഷ്ട്രമാവാൻ ക്ഷണം ലഭിച്ചത് ഇന്ത്യൻ നയതന്ത്ര ചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ ഏടായിരുന്നു. ഇന്ത്യാ പാകിസ്താൻ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുമ്പോൾ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഇസ്‌ലാമിക് കോ -ഓപ്പറേഷന്റെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പാകിസ്താൻ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാക്കിസ്താൻ വിദേശകാര്യ മന്ത്രിയുടെ അസാന്നിദ്ധ്യത്തിലും ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശിഷ്ടാതിഥിയായി എത്തുകയും ഭീകരവാദത്തിനെതിരെയുള്ള നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തിരുന്നു. സമ്മേളനത്തിനെത്തിയ ഇസ്‌ലാമിക് രാഷ്ട്ര പ്രതിനിധികൾക്ക് മുൻപാകെ ഇന്ത്യക്ക് വിശ്വാസ്യത നേടിയെടുക്കാൻ അത് കാരണമായി. സാങ്കേതിക രംഗങ്ങളിലെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ ജനതയുടെ തൊഴിൽ സുരക്ഷയുറപ്പാക്കാനുള്ള ഗവൺമെന്റ് തല പ്രവർത്തങ്ങൾക്കും ഇക്കാലയളവിൽ തുടക്കമായി. യു.എ.ഇ.യിലെ തൊഴിൽ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ വിദഗ്ധ പരിശീലനം സിദ്ധിച്ച ഇന്ത്യൻ യുവതക്ക് കഴിയുംവിധത്തിലുള്ള ഡിജിറ്റൽ പോർട്ടലാണ് ഇതിനായി ഒരുക്കിയത്. നാട്ടിലുള്ളവർക്ക് ഗവൺമെന്റ് അംഗീകൃത നടപടിക്രമങ്ങളിലൂടെ ആവശ്യമായ മേഖലകളിലേക്ക് ജോലിതേടിയെത്താം എന്നതിനുപുറമെ ഇടനിലക്കാർ വഴിയുള്ള സാമ്പത്തിക ചൂഷണത്തിൽനിന്ന് രക്ഷനേടാനും ഇതിലൂടെ കഴിഞ്ഞു. തൊഴിൽരംഗത്തെ ചൂഷണങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഇതിലൂടെ കഴിഞ്ഞു. ഒരേ കാഴ്ചപ്പാടുള്ള ഭരണനേതൃത്വത്തിന്റെ മികവായാണിത് വിലയിരുത്തപ്പെടുന്നത്.ഗാന്ധി സായിദ് മ്യൂസിയവും യോഗാ ദിനമടക്കമുള്ള ഇന്ത്യൻ പരിപാടികളിലെ പരിപാടികളിലെ യു.എ.ഇ. മന്ത്രിമാരുടെ സജീവ പങ്കാളിത്തവുമെല്ലാം ഇന്ത്യാ യു.എ.ഇ. ബന്ധത്തിന്റെ കരുത്താണ് വ്യതമാക്കുന്നത്. അബുദാബിയിൽ ഹൈന്ദവ വിശ്വാസികൾക്കായുള്ള ആദ്യ ശിലാക്ഷേത്ര നിർമാണത്തിനുള്ള അനുമതിയും ഭരണാധികാരികൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദത്തിന്റെ ഉദാഹരണമായി കണക്കാക്കാം. അബുദാബി ഗവൺമെന്റ് അനുവദിച്ച 55,000 ചതുരശ്ര മീറ്റർ സ്ഥലത്താണ് ക്ഷേത്രസമുച്ചയം ഉയരാൻ പോകുന്നത്. രാഷ്ട്രനേതാക്കൾ തമ്മിലുള്ള സൗഹൃദത്തിന്റെ ആത്യന്തികമായ ഗുണഭോക്താക്കൾ സാധാരണ ജനങ്ങളാണെന്ന് തെളിയിക്കുന്ന നിരവധി ക്ഷേമപ്രവർത്തനങ്ങൾക്ക് സാക്ഷികളാവാൻ യു.എ.ഇ.യിലെ പ്രവാസികൾക്ക് കഴിഞ്ഞു. ഉറ്റ സുഹൃത്തെന്നാണ് ശൈഖ് മുഹമ്മദ് നരേന്ദ്രമോദിയെ വിശേഷിപ്പിക്കുന്നത്. ഇത് കൊണ്ടെല്ലാം തന്നെ രാഷ്ട്രത്തലവന്മാർക്ക് നൽകുന്ന യു.എ.ഇ.യുടെ ഏറ്റവുമുയർന്ന ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുമ്പോൾ ഓരോ ഇന്ത്യക്കാർക്കും അഭിമാനിക്കാം.
from mathrubhumi.latestnews.rssfeed http://bit.ly/2IeblKs
via
IFTTT
No comments:
Post a Comment