വാഷിംങ്ടൺ:അടുത്തിടെ നടത്തിയ ഉപഗ്രഹ വേധ മിസൈൽ പരീക്ഷണത്തിൽ ഇന്ത്യയ്ക്കനുകൂലമായി അമേരിക്ക. പരീക്ഷണത്തിന്റെ ഭാഗമായി കൃത്രിമോപഗ്രഹം തകർത്തതിനെ തുടർന്ന് ബഹിരാകാശത്ത് ഉണ്ടായ മാലിന്യങ്ങൾ വൈകാതെ കത്തി തീരുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു. ഇന്ത്യ ബഹിരാകാശത്ത് നടത്തിയ പരീക്ഷണം ഭയാനകമായ നടപടിയാണെന്നും ഇതുമൂലം ഉണ്ടായ അവശിഷ്ടങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യ നടത്തിയ മിസൈൽ പരീക്ഷണത്തെ തുടർന്ന് ബഹിരാകാശത്തുണ്ടായ വസ്തുക്കൾ ബഹിരാകാശ യാത്രികർക്കും ബഹിരാകാശ നിലയത്തിനും സുരക്ഷാ പ്രശ്നം ഉണ്ടാക്കുമോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ഗാരറ്റ് മാർക്വിസ് പറഞ്ഞു. മാലിന്യങ്ങൾ മൂലം ബഹിരാകാശത്തുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് എല്ലാ രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കും. ബഹിരാകാശ പദ്ധതികളിൽ അമേരിക്ക ഇന്ത്യയുമായി ചേർന്ന് തുടർന്നും പ്രവർത്തിക്കുമെന്നും വക്താവ് വ്യക്തമാക്കി. ഇന്ത്യ നടത്തിയ മിസൈൽ പരീക്ഷണം മൂലം ബഹിരാകാശത്തുണ്ടായ അവശിഷ്ടങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികർക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് നാസ തലവൻ ജിം ബ്രൈഡൻസ്റ്റൈൻ പറഞ്ഞിരുന്നു. ബഹിരാകാശത്ത് ചിതറി നടക്കുന്ന അവശിഷ്ടങ്ങൾ ബഹിരാകാശ നിലയവുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭൂമിയിൽനിന്ന് 300 കിലോമീറ്റർ മാത്രം അകലെസ്ഥിതിചെയ്യുന്ന കൃത്രിമോപഗ്രഹമാണ് ഇന്ത്യ തകർത്തത്. ബഹിരാകാശ നിലയത്തിൽനിന്ന് ഏറെ താഴെയാണ് ഈ ഉപഗ്രഹം സ്ഥിതിചെയ്തിരുന്നത്. എന്നാൽ ചിതറിയ ഉപഗ്രഹ ഭാഗങ്ങളിൽ 24 കഷ്ണങ്ങൾ ബഹിരാകാശ നിലയത്തിന്റെ ഭ്രമണപഥത്തിലേയ്ക്ക് എത്തി. ഇന്ത്യയുടെ പരീക്ഷണം സൃഷ്ടിച്ച മാലിന്യം കൂട്ടിയിടിയുടെ സാധ്യത 44 ശതമാനം വർധിപ്പിച്ചെന്നും ബ്രൈഡൻസ്റ്റൈൻ പറഞ്ഞു. അതേസമയം, നാസയുടെ ആശങ്ക അസ്ഥാനത്താണെന്ന് ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷൻ) വ്യക്തമാക്കിയിരുന്നു. ചൈന നടത്തിയ രണ്ട് പരീക്ഷങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ബഹിരാകാശത്ത് തന്നെയുണ്ടെന്നും എന്നാൽ ഇന്ത്യയുടെ പരീക്ഷണാവശിഷ്ടങ്ങൾ ബഹിരാകാശത്ത് നിന്ന് 45 ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുമെന്നും ഡിആർഡിഒ വക്താവ് പറഞ്ഞു. മാത്രമല്ല, ഇന്ത്യ പരീക്ഷണം നടത്തിയത് സമുദ്രനിരപ്പിൽ നിന്ന് 180 മൈൽ(300 കി മി)ഉയരത്തിലാണെന്നും അതിനാൽ ഉപഗ്രഹങ്ങളുടേയോ ബഹിരാകാശവാഹനങ്ങളുടേയോ സഞ്ചാരപഥത്തിലെത്താനുള്ള സാധ്യത വളരെ കുറവാണെന്നും ഡിആർഡിഒ വ്യക്തമാക്കിയിരുന്നു. Content Highlghts:Debris from A-SAT Test, America, ISS, NASA, India's Satellite Destruction
from mathrubhumi.latestnews.rssfeed http://bit.ly/2CYgao5
via
IFTTT
No comments:
Post a Comment