ന്യൂഡൽഹി: ഗുജറാത്തിൽ 2002-ലുണ്ടായ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായ ബിൽകിസ് ബാനോയ്ക്ക് അരക്കോടി രൂപ നഷ്ടപരിഹാരവും ജോലിയും താമസസൗകര്യവും നൽകാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. സർക്കാർ നേരത്തേ വാഗ്ദാനംചെയ്ത അഞ്ചുലക്ഷം രൂപ സ്വീകരിക്കാൻ വിസമ്മതിച്ച ബിൽകിസ് ബാനോ, കൂടുതൽ നഷ്ടപരിഹാരം വേണമെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. കേസിൽ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തതായും അവരുടെ പെൻഷൻ ആനുകൂല്യം തടഞ്ഞതായും ഗുജറാത്ത് സർക്കാർ കോടതിയെ അറിയിച്ചു. ബോംബെ ഹൈക്കോടതി ശിക്ഷിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനെ രണ്ട് റാങ്ക് തരംതാഴ്ത്തിയെന്നും സർക്കാർ പറഞ്ഞു. ഹൈക്കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരേ സർക്കാർ നടപടിയെടുത്തില്ലെന്ന് ബിൽകിസ് ബാനോ നേരത്തേ ആരോപിച്ചിരുന്നു. കൃത്യനിർവഹണത്തിൽ വീഴ്ച, തെളിവുനശിപ്പിക്കൽ തുടങ്ങിയ കുറ്റത്തിന് അഞ്ചു പോലീസുകാരെയും രണ്ടു ഡോക്ടർമാരെയും 2017 മേയ് നാലിന് ഹൈക്കോടതി ശിക്ഷിച്ചിരുന്നു. ഇതിൽ ഡോക്ടർമാരും നാലു പോലീസുകാരും നൽകിയ അപ്പീലുകൾ സുപ്രീംകോടതി 2017 ജൂലായ് 10-ന് തള്ളി. പ്രതികൾക്കെതിരേ വ്യക്തമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ആർ.എസ്. ഭഗോഡ ഉൾപ്പെടെയുള്ളവരെ ശിക്ഷിച്ചത്. കൂട്ടബലാത്സംഗവും കൂട്ടക്കുരുതിയും 2002-ലെ ഗുജറാത്ത് കലാപത്തിനിടെ, അന്ന് അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽകിസ് ബാനോവിനെ അക്രമികൾ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് മുഖ്യ കേസ്. ഇതിൽ 11 പ്രതികളെ പ്രത്യേകകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ബിൽകിസ് ബാനോ പ്രസവിച്ചെന്നും ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നതിന്റെ തെളിവാണതെന്നുമാണ് പ്രതികൾ വാദിച്ചത്. കുടുംബാംഗങ്ങളുടെ മൃതദേഹം കണ്ടെത്തിയിട്ടില്ലാത്തതിനാൽ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പ്രതികൾ വാദിച്ചിരുന്നു. content highlights: Bilkis Banu gangrape case verdict
from mathrubhumi.latestnews.rssfeed http://bit.ly/2W5ypPY
via
IFTTT
No comments:
Post a Comment