കേന്ദ്ര സർക്കാരിനെതിരായ ശക്തമായ ജനവികാരത്തിന്റെ ഒരു കാരണം രാജ്യത്തെ ജനങ്ങളെ ഒന്നായി കാണാൻ കഴിയുന്നില്ല എന്നതാണെന്ന് തോമസ് ചാഴികാടൻ. മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തെ തച്ചുടച്ച ഗവൺമെന്റാണ് കേന്ദ്രം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്രത്തോളം അപ്രതീക്ഷിതമാണ് ലോക്സഭാ സ്ഥാനാർഥിത്വം ? 1991ലെ പൊതു തിരഞ്ഞെടുപ്പിൽ എന്റെ സഹോദരൻ ബാബു ചാഴിക്കാടൻ നിയമസഭയിലേക്കും രമേശ് ചെന്നിത്തല പാർലമെന്റിലേക്കും മത്സരിച്ച അവസരത്തിൽ, അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഇടിമിന്നലേറ്റ് എന്റെ സഹോദരൻ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ പൊതുരംഗത്തേക്ക് വരണമെന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി സാർ ആവശ്യപ്പെടുകയും ആ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. പിന്നീട് നാലു തവണ തുടർച്ചയായി ഏറ്റുമാനൂരിൽ നിന്ന് ജനങ്ങൾ എന്നെ തിരഞ്ഞെടുത്തു. അതിന് ശേഷം ഏറ്റുമാനൂർ മണ്ഡലത്തിന്റെ പുനഃക്രമീകരണം നടന്നപ്പോൾ അതിന്റെ രാഷ്ട്രീയഘടനയിൽ മാറ്റം വന്നു. അതുകൊണ്ട് രണ്ട് തിരഞ്ഞെടുപ്പിൽ എനിക്ക് വിജയിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ എട്ടുവർഷക്കാലമായി പൊതു രംഗത്ത് ജനങ്ങളോടൊപ്പം ഞാൻ നിരന്തരം ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നേതൃത്വവും യു.ഡി.എഫ് നേതൃത്വവും പാർലമെന്റിലേക്ക് മത്സരിക്കാൻ നിയോഗിച്ചത് എന്ന് കരുതുന്നു. ഈ നിയോഗം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും എന്ന ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. ലോക്സഭാ മണ്ഡലത്തിലെ ഏഴ് അസംബ്ലി സീറ്റുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസ്.കെ.മാണി ഭൂരിപക്ഷം നേടി എന്നത് എനിക്ക് ആത്മവിശ്വാസം നൽകുന്നു. ഇപ്പോൾ അഞ്ച് അസംബ്ലി സീറ്റുകളും യു.ഡി.എഫ് എം.എൽ.എമാരാണ് പ്രതിനിധാനം ചെയ്യുന്നത്. രാഷ്ട്രീയ സാഹചര്യം കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് എതിരാണ്, ജനങ്ങൾ രണ്ട് സർക്കാരുകളെയും എതിർക്കുന്നു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ട്. രാഹുൽ ഫാക്ടർ തിരഞ്ഞെടുപ്പിൽ എത്രത്തോളം തുണയ്ക്കും? കേന്ദ്ര സർക്കാരിനെതിരായ ശക്തമായ ജനവികാരത്തിന്റെ ഒരു കാരണം കേന്ദ്ര സർക്കാരിന് ഈ രാജ്യത്തെ ജനങ്ങളെ ഒന്നായിക്കാണാൻ കഴിയുന്നില്ലെന്നതാണ്. മതേതരത്വത്തെ തച്ചുടച്ച ഒരു ഗവൺമെന്റാണ് കേന്ദ്രത്തിൽ ഭരിക്കുന്നത്. അതേ സമയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരിച്ചപ്പോഴെല്ലാം രാജ്യത്തെ ജനങ്ങളെ ഒന്നായി കാണുകയും മതേതരത്വം കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കോൺഗ്രസ് പ്രസിഡന്റ് നേതൃത്വം നൽകുന്ന ഒരു സർക്കാർ ഭരണത്തിൽ വരണമെന്ന് രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു. കേരളം മതേതരത്വത്തിന്റെ, മതസൗഹാർദ്ദത്തിന്റെ കേളീരംഗമാണ്. കേരളത്തിലേക്ക് രാഹുൽ ഗാന്ധി വരുന്നത്, കേരളത്തിന് മാത്രമല്ല തെക്കേ ഇന്ത്യയ്ക്ക് ആകെ ആവേശം പകരുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ 20 യു.ഡി.എഫ് സ്ഥാനാർഥികളും വിജയിക്കുമെന്നതിൽ സംശയമില്ല. കോട്ടയവും വ്യത്യസ്തമല്ല. യു.ഡി.എഫിനോട് ചായ്വുള്ള എന്നും യു.ഡി.എഫിന് ഒപ്പം നിന്ന കോട്ടയത്തും അതിന്റെ പ്രതിഫലനങ്ങളുണ്ടാകും. എൽ.ഡി.എഫിന് വെല്ലുവിളി ഉയർത്തുന്ന രണ്ട് കാര്യങ്ങളാണ് ശബരിമല വിഷയവും സഭാ തർക്കവും. യു.ഡി.എഫിന് ഇത് എത്രത്തോളം വോട്ടാക്കി മാറ്റാൻ സാധിക്കും? ശബരിമല വിഷയം വിശദമായി സംസാരിക്കുന്നത് ശരിയല്ല എന്നതിനാൽ അതിലേക്ക് കടക്കുന്നില്ല. ഇന്ത്യ ഒരു മതേതര രാജ്യമാണ്. ഏത് മതത്തിൽ വിശ്വസിക്കാനും ആ മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരാനും ഓരോ പൗരനും അവകാശമുണ്ട്. അതിനെതിരായ ഏത് നീക്കത്തെയും എല്ലാ വിഭാഗം ജനങ്ങളും എതിർക്കും. ഈ കഴിഞ്ഞ മാസങ്ങളിൽ ഉണ്ടായ അനുഭവം എന്നു പറയുന്നത്, മതവിശ്വാസത്തിനെതിരായി, ആചാരങ്ങൾക്ക് എതിരായുള്ള പ്രചാരണമാണ് നടന്നത്. സുപ്രീം കോടതി വിധി വന്നശേഷം ആചാരങ്ങൾ നിലനിർത്തണമെന്ന വ്യക്തമായ ബോധ്യത്തോടെ ജനങ്ങൾ മുന്നോട്ട് വന്നു. അതിനെതിരായ നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചത്. നിരീശ്വരവാദികൾ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ച നിലപാട് ജനങ്ങൾക്ക് അംഗീകരിക്കാവുന്നതായിരുന്നില്ല. മറിച്ച് ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തണമെന്ന ശക്തമായ നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചത്. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ജനങ്ങൾ യു.ഡി.എഫിനൊപ്പമാണ്. ചർച്ച് ആക്റ്റ് കൊണ്ടുവരാനുള്ള എൽ.ഡി.എഫിന്റെ ശ്രമം വലിയ പ്രതിഷേധം ഉയർത്തി. നിലവിൽ മതസ്ഥാപനങ്ങളുടെ വസ്തുക്കൾ നിയന്ത്രിക്കുന്നതിനുള്ള നിയമമുണ്ട്. അവിടെ ഏതെങ്കിലും തരത്തിലുള്ള അപാകതകളുണ്ടായാൽ പരിഹരിക്കുന്നതിനുള്ള നടപടികളുണ്ട്. അതിന് പകരം ചർച്ച് ആക്റ്റ് കൊണ്ടുവന്ന് ഒരു പ്രത്യേക ട്രൈബ്യൂണലിനെ നിയമിച്ച് നിയന്ത്രണം മുഴുവൻ സർക്കാർ ഏറ്റെടുക്കുന്നത് ഒട്ടും അഭികാമ്യമല്ല. അതിനെതിരായാണ് ജനവികാരം ഉയർന്നത്. ആ വിഷയത്തിലും ഇടതുപക്ഷത്തിനെതിരായ ജനവികാരം ഉണ്ടാകും. അത് യു.ഡി.എഫിന് അനൂകൂലമായ സാഹചര്യം സൃഷ്ടിക്കും. കാലാവധി കഴിയുന്നതിന് മുമ്പേ ജോസ് കെ. മാണി മണ്ഡലം ഉപേക്ഷിച്ചുപോയി എന്ന ആരോപണമാണ് എൽ.ഡി.എഫ്. ഉയർത്തുന്നത്. അതിനെ എങ്ങനെ പ്രതിരോധിക്കും? കാലാവധി കഴിഞ്ഞതിന് മുമ്പ് എന്നു പറഞ്ഞാൽ, ഏഴ്- എട്ട് മാസം മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യം വന്നില്ല. ജോസ് കെ.മാണി കോട്ടയത്ത് നിന്ന് തന്നെയാണ് പ്രവർത്തിക്കുന്നത്. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ എം.പിയായി കഴിഞ്ഞ 10 വർഷമായി പ്രവർത്തിച്ചു. ആ നിലയിൽ തന്നെയാണ് അദ്ദേഹം ഇപ്പോഴും മുന്നോട്ട് പോകുന്നത്. രാജ്യസഭാംഗമായ ശേഷം കോട്ടയം മണ്ഡലത്തിൽ 24 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം കോട്ടയം തന്നെയാണ്. അതിനാൽ തന്നെ ലോക്സഭാംഗത്വം രാജി വെച്ച് രാജ്യസഭയിലേക്ക് പോയി എന്നതിൽ യാതൊരു തെറ്റുമില്ല. അത് ഒരു തരത്തിലും ഈ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ല. രാജ്യസഭാ സീറ്റ് പിടിച്ചുവാങ്ങിയതാണ് എന്ന വികാരം കോൺഗ്രസ് പ്രവർത്തകർക്കിടയിലുണ്ട്. താഴെ തട്ടിൽ കോൺഗ്രസുമായി പ്രശ്നങ്ങളും നിലനിൽക്കുന്നു. ഇത് തിരിച്ചടിയാകുമോ? രാജ്യസഭാ സീറ്റ് ഒരു കാരണവശാലും പിടിച്ചുവാങ്ങിയതല്ല. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത് സംസ്ഥാന നേതൃത്വവുവും ചേർന്നെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് ലഭിച്ചത്. അത് കേരള കോൺഗ്രസിന് അർഹതപ്പെട്ടതാണ്. ജോയി എബ്രഹാം ആറ് വർഷക്കാലം രാജ്യസഭാംഗമായിരുന്നു. അതിന്റെ തുടർച്ചയായി കേരള കോൺഗ്രസിന് രാജ്യസഭാംഗത്വം ലഭിക്കാൻ അർഹതയുണ്ട്. അത് ലഭിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് ശക്തമായ ചർച്ചകളിലൂടെയാണ്. അതുകൊണ്ട് പിടിച്ചുവാങ്ങി എന്നത് ശരിയല്ല. മറ്റ് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. ആ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെട്ടുകഴിഞ്ഞു. ഇന്ന് യു.ഡി.എഫ് ഒറ്റക്കെട്ടായി, ഒരുമയോടെ മുന്നോട്ട് പോകുകയാണ്. അതുപോലെതന്നെ കേരള കോൺഗ്രസിനുള്ളിലും ചില ആഭ്യന്തര പ്രശ്നങ്ങളുണ്ടല്ലോ, പി.ജെ. ജോസഫിന്റെ സീറ്റുമായി ബന്ധപ്പെട്ട്. അത് ഏതെങ്കിലും തരത്തിൽ ബാധിക്കുമോ? ഒരു തിരഞ്ഞെടുപ്പ് വരുമ്പോൾ സീറ്റ് സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാകുക എന്നത് എല്ലാ പാർട്ടിയിലെയും സ്വാഭാവികമായ കാര്യമാണ്. അത് കേരള കോൺഗ്രസ് പാർട്ടിയിലും ചെറിയ തോതിൽ ഉണ്ടായി. പക്ഷേ അത് വളരെ രമ്യമായി പരിഹരിച്ചു. പി.ജെ.ജോസഫ് സാറുമായി സംസാരിക്കുകയും അദ്ദേഹം തുറന്ന മനസോടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിലെ 20 യു.ഡി.എഫ് സ്ഥാനാർഥികളുടെയും വിജയത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളുടെ മുന്നിൽ തന്നെ പറഞ്ഞിരുന്നു. പ്രത്യേകിച്ച് കോട്ടയത്ത് എന്റെ വിജയത്തിന് മുന്നിൽ നിന്ന് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു. കോട്ടയത്ത് നടന്ന പാർലമെന്റ് നിയോജക മണ്ഡലം കൺവെൻഷനിൽ അദ്ദേഹം വരികയും വളരെ നല്ല നിലയിൽ അതിൽ പങ്കെടുക്കുകയും ചെയ്തു. മുന്നോട്ടുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം ഉണ്ടായിരിക്കും. അത്തരം പ്രശ്നങ്ങളൊന്നും ഇപ്പോൾ നിലവിലില്ല, അതെല്ലാം പരിഹരിച്ചുകഴിഞ്ഞു. സി.പി.എം സ്ഥാനാർഥി വി.എൻ. വാസവനെ എങ്ങനെ വിലയിരുത്തുന്നു? വ്യക്തിപരമായി ആരെയും ഇകഴ്ത്തിക്കാണിക്കുവാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, ഒരു കാര്യം പറയട്ടെ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ 28 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്, ചരിത്രമുണ്ട്. ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിച്ച ഒരു ചരിത്രമാണ് എനിക്കുള്ളത്. എന്നും ജനങ്ങൾക്ക് വേണ്ടി അവരോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ഞാൻ സി.എ. പാസായതിന് ശേഷമാണ് പൊതുരംഗത്തേക്ക് കടന്നു വന്നത്. ബാങ്ക് മാനേജരായ എനിക്ക് പൊതുരംഗത്ത് എത്രമാത്രം പ്രവർത്തിക്കുവാൻ കഴിയും എന്ന് ജനങ്ങൾക്ക് ഒരു സംശയമുണ്ടായിരുന്നു. ആ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തിരഞ്ഞെടുപ്പിൽ എനിക്ക് ഭൂരിപക്ഷം കുറഞ്ഞത്. പിന്നീടങ്ങോട്ട് എനിക്ക് കൂടുതൽ കൂടുതൽ ഭൂരിപക്ഷം ലഭിക്കുകയും, 20000ൽ അധികം ഭൂരിപക്ഷം ലഭിച്ച അവസരം ഉണ്ടാകുകയും ചെയ്തു. അതിനാൽ തന്നെ എതിരാളികൾ എപ്പോഴും ഉണ്ടാകും. രാഷ്ട്രീയമായ കാര്യങ്ങൾ ചർച്ച ചെയ്യും. ജനങ്ങളുമായി സംവദിക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്തവരെ അവർ അംഗീകരിക്കും. അതിനാൽ തന്നെ എതിരാളികൾ ആരായിരുന്നാലും അതൊരു പ്രശ്നമല്ല. കോട്ടയം മണ്ഡലത്തിൽ നിന്ന് ഞാൻ തന്നെ തിരഞ്ഞെടുക്കപ്പെടും. പി.സി.തോമസ് വെല്ലുവിളിയാകുമോ? ഒരു കാരണവശാലും വെല്ലുവിളിയാകില്ല. കോട്ടയം യു.ഡി.എഫിന് ഒപ്പം നിൽക്കുന്ന മണ്ഡലമാണ്. അദ്ദേഹം പലപല പാർട്ടിയിൽ കടന്നു പോയതിന് ശേഷമാണ് ഇപ്പോൾ എൻ.ഡി.എയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. അങ്ങനെയുള്ള ആളുകളെ ജനങ്ങൾ അംഗീകരിക്കും എന്ന് പറയുന്നതിൽ യാതൊരു കഴമ്പുമില്ല. Content Highlights:Thomas Chazhikadan,lok sabha election 2019
from mathrubhumi.latestnews.rssfeed http://bit.ly/2GwiWmB
via
IFTTT
No comments:
Post a Comment