തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന് എസ്.എന്‍.സി ലാവ്‌ലിനുമായി ഇപ്പോഴും ബന്ധമുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തിന്റെ വികസന സംരംഭമായ കിഫ്ബിയുടെ മസാല ബോണ്ടുകളില്‍ നല്ലൊരു പങ്കും വാങ്ങിയത് ലാവ്‌ലിനുമായി ബന്ധമുള്ള സി.ഡി.പി.ക്യൂ എന്ന സ്ഥാപനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണം ധനമന്ത്രി ഡോ.തോമസ് ഐസക് നിഷേധിച്ചു. സി.ഡി.പി.ക്യൂവിന് ലാവ്‌ലിനുമായി ബന്ധമില്ല. സര്‍ക്കാര്‍ അംഗീകൃത കമ്പനിയാണ് സി.ഡി.പി.ക്യൂ. ഇന്ത്യന്‍ സെക്യൂരിറ്റീയില്‍ 130 ബില്യണ്‍ ഡോളര്‍ നിക്ഷേപമുണ്ട്. നാല് വോട്ടിനു വേണ്ടി പ്രതിപക്ഷം അനാവശ്യമായ ആരോപണം ഉയര്‍ത്തുകയാണെന്നും ഐസക് പറഞ്ഞു.
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ മാത്രം ലാവ്‌ലിനുമായി ഇടപാടുകള്‍ നടക്കുന്നത് എങ്ങനെയാണെന്ന് ചെന്നിത്തല ചോദിക്കുന്നു. ലാവ്‌ലിന്‍ കമ്പനിയെ സഹായിക്കാന്‍ വേണ്ടി വളഞ്ഞ വഴിയില്‍ നടത്തുന്ന ഇടപാടാണിത്. കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിയുമായി പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കേ എങ്ങനെ ബന്ധമുണ്ടാക്കി എന്നു സര്‍ക്കാര്‍ വിശദീകരിക്കണം. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിയെ കുറ്റവിമുക്തനാക്കിയതിനെതിരായ കേസ് ഇപ്പോഴും സുപ്രീം കോടതിയില്‍ നടക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
2016ലാണ് റിസര്‍വ് ബാങ്ക് മസാല ബോണ്ട് സമ്പ്രാദായത്തിന് അനുമതി നല്‍കിയത്. 2150 കോടി രൂപയാണ് മസാലബോണ്ട് വഴി സംസ്ഥാനം നേടിയത്. 9.72% പലിശയാണ് ഇതിന് സര്‍ക്കാര്‍ നല്‍കുന്നത്.
ലാവ്‌ലിനില്‍ പങ്കാളിത്തമുള്ള സി.ഡി.പി.ക്യൂവാണ് മസാല ബോണ്ടുകള്‍ ഏറെയും വാങ്ങിയത്. സിംഗപ്പൂരും കാനഡയിലുമാണ് ബോണ്ടുകള്‍ കൂടുതലായി വിറ്റത്. ഏതൊക്കെ കമ്പനികളാണ് ബോണ്ട് വാങ്ങിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ലാവ്‌ലിന്‍ ഇടപാട് ശക്തമാകുന്നതിന്റെ കാരണമറിയാന്‍ ജനത്തിന് അവകാശമുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബോണ്ട് വില്‍പ്പനയുടെ പേരില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിക്ക് ബോണ്ട് വാങ്ങാന്‍ കഴിയുന്നതെങ്ങനെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബോണ്ടുകള്‍ വില്‍ക്കാനുള്ള താല്‍പര്യം ആരുടേതാണ്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമുള്ള പങ്ക് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കിഫ്ബിയും സി.ഡി.പി.ക്യൂവും തമ്മിലുള്ള ഇടപാടില്‍ ദുരൂഹത നിലനില്‍ക്കുന്നു. ഇതുസംബന്ധിച്ച മുഴുവന്‍ വിവരങ്ങളും സര്‍ക്കാര്‍ പുറത്തുവിടണം. ലാവ്‌ലിനെ സഹായിക്കാനുള്ള വളഞ്ഞ വഴിയാണിത്. സര്‍ക്കാര്‍ മറുപടി പറഞ്ഞശേഷം ബാക്കി കാര്യങ്ങള്‍ വ്യക്തമാക്കും. അഴിമതിയടെ മഞ്ഞുമലയുടെ അറ്റമാണ് പുറത്തുവന്നിരിക്കുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ലാവ്‌ലിന്‍ കമ്പനിയുമായി മുഖ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തിയിരുന്നോ? എങ്കില്‍ എവിടെയായിരുന്നു ചര്‍ച്ച എന്നും വ്യക്തമാക്കണം- ചെന്നിത്തല പറഞ്ഞു.
എസ്.എന്‍.സി ലാവ്‌ലിന്‍ 20% ഓഹരിയുള്ള സി.ഡി.പി.ക്യൂവാണ് ലാവ്‌ലിന്റെ യഥാര്‍ത്ഥ ഉടമസ്ഥരെന്നും കിഫ്ബിയില്‍ ഇവരാണ് നിക്ഷേപം നടത്തിയിരിക്കുന്നതെന്നും യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാരിയര്‍ നേരത്തെ ആരോപിച്ചിരുന്നു. എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയെ വളഞ്ഞ വഴിയിലൂടെ കേരളത്തില്‍ എത്തിക്കാനുള്ള നീക്കമാണിതെന്നും 200 കോടിയുടെ അഴിമതി ഇതില്‍ നടന്നിട്ടുണ്ടെന്നും സന്ദീപ് വാരിയര്‍ ആരോപിച്ചിരുന്നു.
from mangalam.com http://bit.ly/2OPHt8L
via IFTTT
No comments:
Post a Comment