സിപിഎമ്മിന് സമനില തെറ്റി - ഉമ്മന്‍ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, April 4, 2019

സിപിഎമ്മിന് സമനില തെറ്റി - ഉമ്മന്‍ചാണ്ടി

രാഹുൽഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് സി പി എമ്മിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് മുൻമുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി . കോഴിക്കോട്ട് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സിപിഎമ്മിനെതിരെ നിശിത വിമർശമാണ് ഉമ്മൻചാണ്ടി ഉയർത്തിയത്. അഭിമുഖത്തിൽ നിന്ന് : വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്നതിനെ ബിജെപിയും സിപിഎമ്മും ഒരുപോലെയാണെതിർക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്താണ് രാഹുൽഗാന്ധി വിജയം തേടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിക്കെതിരെയുള്ള പോരാട്ടം ഇതിലൂടെ കോൺഗ്രസ് ദുർബ്ബലപ്പെടുത്തുകയാണെന്ന് സിപിഎമ്മും ആരോപിക്കുന്നു. താങ്കൾ ഈ വിമർശങ്ങളെ എങ്ങിനെയാണ് കാണുന്നത്? സിപിഎമ്മിന് സമനില തെറ്റിയിരിക്കുകയാണ്. രാഹുൽഗാന്ധിയെ അവഹേളിക്കുന്ന ദേശാഭിമാനിയുടെ മുഖപ്രസംഗവും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യഹരിദാസിനെതിരെ ഇടതുമുന്നണി കൺവീനർ വിജയരാഘവൻ നടത്തിയ അങ്ങേയറ്റം പ്രതിഷേധാർഹമായ പരാമർശവും സിപിഎമ്മിന്റെ മനോഭാവമാണ് വെളിപ്പെടുത്തുന്നത്. കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റിൽ കോൺഗ്രസ്സിന്റെ അദ്ധ്യക്ഷൻ മത്സരിക്കുന്നതിൽ സിപിഎം എന്തിനാണ് വിറളി പിടിക്കുന്നത്. കോൺഗ്രസ്സിന് സിപിഎമ്മുമായി ബന്ധമൊന്നുമില്ല. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസ്സിനെ വിമർശിക്കാൻ സിപിഎമ്മിന് ഒരർഹതയുമില്ല. അഖിലേന്ത്യാ തലത്തിൽ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാൻ കോൺഗ്രസ് തുടക്കമിട്ടപ്പോൾ കോൺഗ്രസ്സുമായി ഒരു ധാരണയ്ക്കുമില്ലെന്ന് പാർട്ടി കോൺഗ്രസ്സിൽ തീരുമാനമെടുക്കുകയാണ് സിപിഎം ചെയ്തത്. അന്നവരുടെ മുഖ്യ എതിരാളി ബിജെപിയായിരുന്നില്ല കോൺഗ്രസ്സായിരുന്നു. കോൺഗ്രസ് ചിഹ്നത്തിൽ ആരൊക്കെ എവിടെയൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് കോൺഗ്രസ്സാണ്. അതിൽ സിപിഎം ബേജാറാവേണ്ട ഒരു കാര്യവുമില്ല. സിപിഎം ഇപ്പോൾ അഴിച്ചുവിടുന്ന ഈ വൃത്തികെട്ട ആക്രമണങ്ങൾക്ക് ഏപ്രിൽ 23ന് കേരളത്തിലെ ജനങ്ങൾ മറുപടി പറയും. രാഹുൽഗാന്ധി അമേഠിയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ വന്നിരിക്കുകയാണെന്ന ബിജെപിയുടെ ആരോപണത്തിന് ഒരടിസ്ഥാനവുമില്ല. രാഹുൽഗാന്ധി അമേഠിയിൽ നല്ല ഭൂരിപക്ഷത്തിന് ജയിക്കും. വയനാട് ജില്ലയിൽ ഭൂരിപക്ഷ സമുദായം തന്നെയാണ് കൂടുതലുള്ളത്. അതിൽ വർഗ്ഗീയത കണ്ടെത്താൻ ബിജെപിക്ക് മാത്രമേ കഴിയൂ. വടകരയിൽ കെ മുരളീധരൻ , വയനാട്ടിൽ രാഹുൽഗാന്ധി. ഈ തിരഞ്ഞെടുപ്പിൽ കേരളം കണ്ട രണ്ട് മിന്നലാക്രമണങ്ങളായാണ് കോൺഗ്രസ്സിന്റെ ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്. ഇതിനു പിന്നിലുള്ള ബുദ്ധികേന്ദ്രം താങ്കളാണെന്ന നിരീക്ഷണത്തെക്കുറിച്ച്? ഈ തീരുമാനങ്ങൾ കോൺഗ്രസ് നേതൃത്വം ഒന്നിച്ചെടുത്തതാണ്. രാഹുൽഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കണമെന്ന് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കോൺഗ്രസ്സിന്റെ മറ്റു നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഞാനും അതിൽ പങ്കാളിയായി. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ ദക്ഷിണേന്ത്യക്ക് സവിശേഷ പ്രാധാന്യമുണ്ട്. ഈ പോരാട്ടത്തിന് കൂടുതൽ ഉണർവ്വ് നൽകാനാണ് രാഹുൽഗാന്ധി ഇവിടെ നിന്നും മത്സരിക്കേണ്ടതുണ്ടെന്ന അഭിപ്രായമുടലെടുത്തത്. എ കെ ആന്റണി ഉൾപ്പെടെയുള്ള നേതാക്കൾ ഈ പ്രക്രിയയിൽ പങ്കാളികളായിരുന്നു. ഫോട്ടോ: ഷഹീർ സി.എച്ച് മാർച്ച് 23നാണ് രാഹുൽഗാന്ധി വയനാട്ടിൽ നിന്നും മത്സരിച്ചേക്കുമെന്ന് താങ്കൾ സൂചന നൽകിയത്. പക്ഷേ, ഔദ്യോഗിക തീരുമാനം വന്നത് മാർച്ച് 31 നാണ്. രാഹുൽഗാന്ധി വയനാട്ടിൽ വരുന്നത് ഒഴിവാക്കാൻ സിപിഎം കോൺഗ്രസ് ഹൈക്കമാന്റിനു മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിൽ കഴമ്പുണ്ടോ? ഇതേക്കുറിച്ച് എനിക്ക് അറിവൊന്നുമില്ല. രാഹുൽഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കണമെന്ന ആവശ്യമാണ് മാർച്ച് 23ന് ഞാൻ മുന്നോട്ടുവെച്ചത്. അത് കേരളത്തിലെ ജനങ്ങളുടെ ആഗ്രഹമായിരുന്നു. പക്ഷേ, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടിയിരുന്നത് രാഹുൽജിയാണ്. രാഹുൽജിയുടെ തീരുമാനം വന്നത് മാർച്ച് 31നാണ്. കർണ്ണാടകവും തമിഴ്നാടും ഒഴിവാക്കിയതെന്തുകൊണ്ടാണ് ? കർണ്ണാടകത്തിന്റെയും തമിഴ്നാടിന്റെയും താൽപര്യങ്ങൾ കൂടി കണക്കിലെടുത്താണ് വയനാട് തിരഞ്ഞെടുത്തത്. ആദിവാസികൾക്കും ദളിത് വിഭാഗങ്ങൾക്കും നല്ല സാന്നിദ്ധ്യമുള്ള മണ്ഡലമാണ് വയനാട്. ബുദ്ധിമുട്ടുകൾ നേരിടുന്ന നിരവധി കർഷകരും ഇവിടെയുണ്ട്. വികസനം കൊതിക്കുന്ന മണ്ഡലം കൂടിയാണ് വയനാട്. ഇവിടെ നിന്നും രാഹുൽഗാന്ധി മത്സരിക്കുന്നത് എന്തുകൊണ്ടും കോൺ്രഗസ്സിന് വലിയ നേട്ടമുണ്ടാക്കുമെന്നുറപ്പായിരുന്നു. ശബരിമല പ്രശ്നം ഈ തിരഞ്ഞെടുപ്പിൽ നിർണ്ണായക ഘടകമാണോ? കേരളത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെടുകയും വിശ്വാസി സമൂഹത്തിന് വലിയ ആശങ്കയുളവാക്കുകയും ചെയ്ത വിഷയമാണ് ശബരിമലയിലേത്. ഈ വിഷയത്തിൽ യുഡിഎഫ് വിശ്വാസികൾക്കൊപ്പമാണ്. സിപിഎം വിശ്വാസികളുടെ മെക്കിട്ടുകയറിയപ്പോൾ ബിജെപി വർഗ്ഗീയവത്കരണത്തിനുള്ള സുവർണ്ണാവസരമായാണ് കണ്ടത്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് ശബരിമല വിഷയത്തിൽ തങ്ങൾ ഉറച്ച നിലപാടെടുത്തതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് ? കോടതി വിധി നടപ്പാക്കേണ്ട എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. പക്ഷേ, ഇത്തരമൊരു വിഷയത്തിൽ കോടതി വിധി വരുമ്പോൾ അത് കൈകാര്യം ചെയ്യേണ്ടത് ഇങ്ങനെയല്ല. കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞപ്പോഴാണ് റിവ്യു ഹർജിക്ക് പോയത്. കോടതി വിധി ധൃതി പിടിച്ചു നടപ്പാക്കണമെന്ന നിലപാടെടുത്തവർ എന്തിനാണ് റിവ്യൂ ഹർജി നൽകിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ശബരിമലയിൽ നട തുറന്നപ്പോൾ പ്രശ്നമൊന്നുമണ്ടായില്ലല്ലോ. നേരത്തെ മനപൂർവ്വം സർക്കാർ പ്രശ്നമുണ്ടാക്കുകയായിരുന്നു. ആക്റ്റിവസ്റ്റുകളെ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടു വന്ന് മല കയറ്റുകയായിരുന്നു. ശബരിമല വിഷയത്തിൽ രാഷ്ട്രീയം കലർത്താനാണ് സിപിഎം ശ്രമിച്ചത്. ശബരിമല പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ എൻഎസ്എസ് ബിജെപിയുമായി അടുക്കുകയാണെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. എൻഎസ്എസ് ബിജെപിയുമായി അടുത്തിട്ടില്ല. എൻഎസ്എസ്സിനെ അറിയാത്തവരാണ് ഇങ്ങനെ പറയുന്നത്. ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താങ്കൾക്ക് മേൽ സമ്മർദമുണ്ടായിരുന്നോ ? ഇല്ല. കോൺഗ്രസ്സിൽ കഴിവുള്ള ഒരു പാടുപേരുണ്ട്. ഞാൻ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ഒരു സാഹചര്യവുമുണ്ടായിരുന്നില്ല. ആന്ധ്രയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് താങ്കൾ. ആന്ധ്ര വിഭജനത്തിനു ശേഷം കോൺഗ്രസ്സിന്റെ നില അവിടെ ഒട്ടും ശോഭനമല്ല. ഈ തിരഞ്ഞെടുപ്പിൽ എന്തെങ്കിലും സാദ്ധ്യതകൾ കാണുന്നുണ്ടോ ? ആന്ധ്ര വിഭജനം ജനങ്ങളിൽ വലിയ പ്രതിഷേധമാണുളവാക്കിയത്. കോൺഗ്രസ്സുമായി ജനങ്ങൾ അകലുന്നതിന് ഇതിടയാക്കി. ഈ തിരഞ്ഞെടുപ്പിൽ കാര്യമായ മാറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. 2024 ലെ തിരഞ്ഞെടുപ്പാണ് ആന്ധ്രയിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ആന്ധ്രയിൽ വൈ എസ് രാജശേഖർ റെഡ്ഡി കോൺഗ്രസ്സിന്റെ ഏറ്റവും ജനകീയനായ നേതാവായിരുന്നു. അദ്ദേഹത്തിന്റെ അകാലമരണത്തെതുടർന്ന് അദ്ദേഹത്തിന്റെ മകൻ ജഗൻമോഹനെ കോൺഗ്രസ് ഒഴിവാക്കിയത് വലിയൊരു അബദ്ധമായിരുന്നില്ലേ? വൈ എസ് ആർ കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവയിരുന്നു. യൂത്ത്കോൺഗ്രസ്സിൽ ഞങ്ങൾ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം കോൺഗ്രസ്സിനെ ശരിക്കും തളർത്തി. പക്ഷേ, മറ്റ് കാര്യങ്ങളിലേക്ക് ഞാൻ ഇപ്പോൾ കടക്കുന്നില്ല. അങ്ങിനെയൊരു പോസ്റ്റ്മോർട്ടം നടത്തേണ്ട സമയമല്ലിത്. ആന്ധ്രയിൽ കോൺഗ്രസ്സിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. 2016 ൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് ശേഷം താങ്കൾ കോൺഗ്രസ് നേതൃനിരയിൽ നിന്ന് പിൻവാങ്ങിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കണമെന്ന് സമ്മർദ്ധമുണ്ടായെങ്കിലും താങ്കൾ വഴങ്ങിയില്ല. ഇന്നിപ്പോൾ താങ്കൾ പതുക്കെ കേരളത്തിൽ കോൺഗ്രസ്സിന്റെ നേതൃനിരയിലേക്ക് തിരിച്ചുവരികയാണോ ? കോൺഗ്രസ്സിൽ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളെല്ലാം തന്നെ കൂട്ടായ നേതൃത്വത്തിന്റെ ഫലമാണ്. അതിൽ ഞാനും പങ്കാളിയാണെന്നു മാത്രമേയുള്ളൂ. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇതിനകം ഞാൻ പോയിക്കഴിഞ്ഞു. എല്ലായിടത്തും കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തിലാണ്. രാഹുൽജിയുടെ വരവ് ഇതിന് വലിയ ഉത്തേജനമാണ് നൽകിയിരിക്കുന്നത്. Content highlights: The great indian war, election2019, oommen chandy


from mathrubhumi.latestnews.rssfeed https://ift.tt/2WI4woD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages