പെരുമണ്ണിൽ വാഹനമിടിച്ച് 10 വിദ്യാർഥികൾ മരിച്ച കേസിൽ ഡ്രൈവർക്ക് 100വർഷം തടവും 10ലക്ഷം രൂപ പിഴയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, April 5, 2019

പെരുമണ്ണിൽ വാഹനമിടിച്ച് 10 വിദ്യാർഥികൾ മരിച്ച കേസിൽ ഡ്രൈവർക്ക് 100വർഷം തടവും 10ലക്ഷം രൂപ പിഴയും

തലശ്ശേരി: ഇരിക്കൂർ പെരുമണ്ണിൽ സ്കൂൾവിട്ടു വരികയായിരുന്ന 10 വിദ്യാർഥികൾ വാഹനമിടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് 100 വർഷം കഠിനതടവും പത്തുലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മലപ്പുറം കോട്ടൂർ മണപ്പാട്ടിൽ ഹൗസിൽ അബ്ദുൾ കബീറിനെയാണ്(47) തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(ഒന്ന്) ജഡ്ജി പി.എൻ.വിനോദ് ശിക്ഷിച്ചത്. പെരുമണ്ണ് ശ്രീനാരായണവിലാസം എൽ.പി.സ്കൂൾ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. 2008 ഡിസംബർ നാലിന് വൈകിട്ട് 4.15-നാണ് സംഭവം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304-ാം വകുപ്പ് പ്രകാരം(മനഃപൂർവമല്ലാത്ത നരഹത്യ) ഡ്രൈവർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അപകടത്തിൽ പത്തു വിദ്യാർഥികൾ മരിച്ചിരുന്നു. ഒരു വിദ്യാർഥിയുടെ മരണത്തിന് പത്തുവർഷം തടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പ്രതിക്ക് പത്തുവർഷം വീതം 100വർഷം തടവുശിക്ഷയാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. അതിനാൽ പത്തുവർഷം കഠിനതടവനുഭവിക്കണം. പത്തുലക്ഷം രൂപ പിഴയടയ്ക്കുന്നില്ലെങ്കിൽ രണ്ടരവർഷംകൂടി തടവനുഭവിക്കണം. പിഴയടച്ചാൽ മരിച്ച വിദ്യാർഥികളുടെ അവകാശികൾക്ക് നൽകണം. വിദ്യാർഥികളുടെ കുടുംബത്തിന് സഹായധനത്തിന് നിയമനടപടി സ്വീകരിക്കാം. നേരത്തേ സഹായം ലഭിച്ചിട്ടില്ലെങ്കിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നടപടി സ്വീകരിക്കണമെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. ഡ്രൈവർ അബ്ദുൾ കബീർ സംഭവദിവസം രാത്രി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. 2008 ഡിസംബർ അഞ്ചു മുതൽ 2009 മാർച്ച് 11വരെ പ്രതി റിമാൻഡിലായിരുന്നു. റിമാൻഡിൽ കഴിഞ്ഞത് ശിക്ഷയിൽ ഇളവു ചെയ്യും. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ.രാമചന്ദ്രൻ ഹാജരായി. 11 വിദ്യാർഥികൾക്ക് സംഭവത്തിൽ പരിക്കേറ്റിരുന്നു. പെരുമണ്ണ് റേഷൻകടയ്ക്കു സമീപം റോഡിന്റെ അരികിലൂടെ വരികയായിരുന്ന വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. ഇരിക്കൂർ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് അതിവേഗത്തിൽ ഹോണടിക്കാതെ വന്ന ജീപ്പ് ഇടിച്ചെന്നാണ് കേസ്. ഒമ്പത് കുട്ടികൾ സംഭവദിവസവും ഒരാൾ പിറ്റേന്നുമാണ് മരിച്ചത്. കേസിൽ 72 സാക്ഷികളിൽ 49 പേരെ വിസ്തരിച്ചു. മരിച്ചവരും അപകടത്തിൽപ്പെട്ടവരും പെരുമണ്ണ് കുംഭത്തി ഹൗസിൽ രമേശന്റെ മക്കളായ അഖിന(ഏഴ്), അനുശ്രീ(എട്ട്), ചിറ്റയിൽ ഹൗസിൽ സുരേന്ദ്രന്റെ മകൾ സാന്ദ്ര സുരേന്ദ്രൻ(എട്ട്), കുംഭത്തി ഹൗസിലെ നാരായണന്റെ മകൾ കാവ്യ(എട്ട്), കൃഷ്ണാലയത്തിൽ കുട്ടന്റെ മകൾ നന്ദന(ഏഴ്), പെരുമണ്ണിലെ വ്യാപാരി രാമകൃഷ്ണന്റെ മകൾ മിഥുന(അഞ്ച്), ബാറുകുന്നുമ്മൽ ഹൗസിൽ മോഹനന്റെ മകൾ സോന(എട്ട്), സറീന മൻസിലിൽ ഇബ്രാഹിമിന്റെ മകൾ സി.വി.എൻ.റംഷാന(എട്ട്), സജീവന്റെ മകൾ സഞ്ജന(അഞ്ച്), ബാറുകുന്നുമ്മൽ വീട്ടിൽ വിജയന്റെ മകൻ വൈഷ്ണവ്(ഏഴ്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ എ.അതുൽ, കെ.അഭിനന്ദ്, കെ.അഭിഷേക്, പി.സ്നേഹ,പി.പി.സന്ദേഷ്ണ, പി.മേഘ, കെ.വർഷ, എം.പി.പ്രിയങ്ക, എം.ടി.അശ്വിൻ, എം.ടി.അജയ്, പൂജാലക്ഷ്മി എന്നീ വിദ്യാർഥികൾക്ക് പരിക്കേറ്റു. പൂജാലക്ഷ്മി ഇപ്പോഴും അപകടത്തെ തുടർന്നുള്ള ബുദ്ധിമുട്ടനുഭവിക്കുകയാണ്. content highlights:perumannil accident


from mathrubhumi.latestnews.rssfeed http://bit.ly/2OWMZGN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages