കോട്ടയം: ക്രൈസ്തവ പള്ളികളുടെ സ്വത്ത് ഭരിക്കുന്നതിന് നിയമപരിഷ്‌കരണ കമ്മീഷന്‍ കൊണ്ടുവന്ന കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. ബില്ലിനെതിരെ ക്രൈസ്തവ സഭാകളുടെ മേലധ്യക്ഷന്മാര്‍ പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിനു പിന്നാലെയാണ് ബില്‍ പിന്‍വലിച്ചത്.
പള്ളി സ്വത്ത് ഭരണത്തില്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും സര്‍ക്കാരുമായി ആലോചിക്കാതെയാണ് കമ്മീഷന്‍ ബില്‍ കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബില്‍ അപ്രത്യക്ഷമായത്. പള്ളി സ്വത്ത് ഭരണത്തില്‍ നിയമത്തിനായി ഒരു വിഭാഗം വിശ്വാസികള്‍ മുറവിളി കൂട്ടുമ്പോള്‍ സഭാ മേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ മറുഭാഗത്ത് ക്രൈസ്തവ വിഭാഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇത്തരമൊരു ബില്‍ വരുന്നത് സഭാ നേതൃത്വത്തിന്റെ പിണക്കം സൃഷ്ടിക്കുമെന്ന ചിന്തയാണ് ബില്‍ പിന്‍വലിക്കുന്നതില്‍ എത്തിച്ചേര്‍ത്തതെന്ന സൂചനയാണ് പുറത്തുവരുന്നത്. ചര്‍ച്ച് ബില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവര്‍ത്തിച്ചുപറയുന്നതും ഇതു മുന്നില്‍ കണ്ടാണ്.
https://ift.tt/2HoWBrI എന്ന കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസന്റ് ബില്‍ എന്ന വിഭാഗത്തിലാണ് ചര്‍ച്ച് ബില്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം രൂപീകരിക്കുന്നതിനായി പ്രസിദ്ധീകരിച്ചിരുന്നത്. അഭിപ്രായങ്ങള്‍ സ്വീകരിച്ചശേഷം ബില്ലില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് സിറ്റിംഗും കമ്മീഷന്‍ വച്ചിരുന്നു. ഈ സിറ്റിംഗും വേണ്ടെന്നുവച്ചതായാണ് വിവരം.
[IMG]
ബില്ലിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ് അല്‍മായ സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാല്‍നട ജാഥയും കോട്ടയത്ത് ഇന്ന് നടക്കും. ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സിലിന്റെ ജാഥ നിയമപരിഷ്‌കരണ കമ്മീഷന്റെ ഓഫീസിലേക്കാണ് സംഘടിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന സമ്മേളനം യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപ്പോലീത്തയാണ് ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം, ബില്‍ പിന്‍വലിച്ചതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് കേരള ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് കെ. പ്രതികരിച്ചു. ആക്ഷന്‍ കൗണ്‍സിലിന് ഒട്ടും താല്‍പര്യമില്ലാത്ത ബില്ലാണ് ജസ്റ്റീസ് കെ.ടി തോമസ് തയ്യാറാക്കിയത്. 2009ല്‍ ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ കൊണ്ടുവന്ന ചര്‍ച്ച് ട്രസ്റ്റ് ആക്ട് ആണ് നടപ്പാക്കേണ്ടതെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു.
സഭയുടെ വസ്തുവകള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം ചുമതലപ്പെടുത്തുന്ന ഡിനോമിനേഷന് ആയിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നതായിരുന്നു ജസ്റ്റീസ് കെ.ടി തോമസ് കമ്മീഷന്‍ കൊണ്ടുവന്ന ബില്‍. പള്ളിയുടെ സ്വത്ത് ഭരണത്തില്‍ തര്‍ക്കമുണ്ടാകുകയോ സഭയുടെ സ്വത്ത് ആരെങ്കിലും ദുരുപയോഗപ്പെടുത്തുകയോ ചെയ്താല്‍ ട്രൈബ്യൂണല്‍ മുമ്പാകെ പരാതിപ്പെടാമെന്ന് കരട് ബില്ലില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സഭാ വിഭാഗങ്ങളും ഈ നിയമത്തിനു പരിധിയില്‍ വരും. വരിസംഖ്യ, സംഭാവന, നേര്‍ച്ചകാഴ്ചകള്‍, തുടങ്ങി ഏതു വിധത്തിലും വിശ്വാസികളില്‍ നിന്നും അല്ലാത്തവരില്‍ നിന്നും ലഭിക്കുന്ന എല്ലാ സംഭാവനകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സംഭാവനകളും കൈാര്യം ചെയ്യുന്നതിന് ഈ ഡിനോമിഷേന് അവകാശമുണ്ടായിരിക്കും.
ഓരോ ഡിനോമിനേഷനുകളുമായിരിക്കും തങ്ങളുടെ അധികാരപരിധിയില്‍ പെടുന്ന അതത് ഇടവകകള്‍ ഭരിക്കുന്നുതിനുള്ള ചട്ടങ്ങള്‍ ഉണ്ടാക്കേണ്ടത്. കാലാകാലങ്ങളില്‍ വസ്തുവഹകളുമായി ബന്ധപ്പെട്ടതും പണവുമായി ബന്ധപ്പെട്ടതുമായ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കണം. ഡിനോമിനേഷന്‍ തെരഞ്ഞെടുക്കുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വാര്‍ഷിക ഓഡിറ്റ് നടത്തണം. ഓഡിറ്റ് വാര്‍ഷിക പരിധി യോഗത്തില്‍ സമര്‍പ്പിക്കണം.
ഓരോ ഇടവകയ്ക്കും സ്വന്തമായി വസ്തുവകകള്‍ വാങ്ങുന്നതും വാടക, ലൈസന്‍സ് തുടങ്ങിയ രീതികളിലുടെ ഉപയോഗിക്കുന്നതിനും അവകാശമുണ്ടെന്ന് കരട് ബില്ലില്‍ പറയുന്നു. ഓരോ ഇടവകയും കൃത്യമായ കണക്കുകള്‍ സൂക്ഷിക്കേണ്ടതും അവ ഓഡിറ്റിന് വിധേയമാക്കേണ്ടതും ഓഡിറ്റ് റിപ്പോര്‍ട്ട് ഇടവക പൊതുയോഗം മുമ്പാകെ ഒഅംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതുമാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 26(ഡി) അനുഛേദം പ്രകാരം എല്ലാ മതവിഭാഗങ്ങള്‍ക്കും നിയമാനുസൃതം വസ്തുവകകള്‍ കൈകാര്യം ചെയ്യാന്‍ അവകാശമുണ്ട്. നിലവില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ വിവിധ വിഭാഗങ്ങളുടെ വസ്തുവകകള്‍ കൈാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിയമമില്ല. കേരളത്തിലെ ക്രൈസ്തവ സഭകള്‍ കാലകാലങ്ങളായി ആര്‍ജിച്ചിരിക്കുന്ന സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നത് ബിഷപ്പുമാരോ അതത് വിഭാഗങ്ങളുടെ ഇടവകകളുടെ അധികാരികളോ ആണ്. മതിയായ കൂടിയാലോചനകളും മറ്റുമില്ലാതെ വസ്തുവകകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതും പണയപ്പെടുത്തിയും ദേവാലയങ്ങള്‍ക്ക് കനത്ത സാമ്പത്തിക നദഷ്ടം ഉണ്ടാക്കിയ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് വിശ്വാസികകളുടെ മനോവീരത്തെ തകര്‍ക്കുന്നു. നിലവില്‍ ഇത്തരം വിഷയങ്ങളില്‍ പരാതി നല്‍കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ അത്തരത്തില്‍ ഒരു നിയമം ഉണ്ടാകേണ്ടത് ഉചിതമാണെന്ന് സര്‍ക്കാര്‍ കരുതുന്നതുകൊണ്ടാണ് ഈ കരട് നിയമം അവതരിപ്പിക്കുന്നത് എന്ന സൂചനയും നല്‍കിയിരുന്നു.
from mangalam.com https://ift.tt/2tTrNrf
via IFTTT
No comments:
Post a Comment