കോഴിക്കോട്: രണ്ടാഴ്ച നീണ്ട തർക്കങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ കെ.സുരേന്ദ്രൻ പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാർത്ഥിയായി. ബി.ജെ.പി. വിജയപ്രതീക്ഷ പുലർത്തുന്ന പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാൻ മുൻനിര നേതാക്കൾ തമ്മിലുണ്ടായ തർക്കമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണമായത്. ഒടുവിൽ ആർ.എസ്.എസ്. ഇടപെടലിലൂടെ തർക്കം പരിഹരിക്കപ്പെട്ടപ്പോഴും നേതാക്കൾക്കിടയിൽ അതൃപ്തി ബാക്കി. നേട്ടം പ്രതീക്ഷിക്കുന്ന സീറ്റുകൾക്കായുള്ള തർക്കം ദിവസങ്ങൾ നീണ്ടു.ഗവർണർ സ്ഥാനം രാജിവെച്ച് തിരുവനന്തപുരത്ത് മത്സരിക്കാൻ കുമ്മനം രാജശേഖരൻ എത്തിയതോടെ ബിജെപി പ്രതീക്ഷ പുലർത്തുന്ന ഒരു പ്രധാന മണ്ഡലത്തിൽ മറ്റു നേതാക്കൾക്ക് സാധ്യത നഷ്ടപ്പെട്ടു. അതോടെ രണ്ടാമത്തെ ഹോട്ട്സീറ്റായ പത്തനംതിട്ടയ്ക്കായി പ്രമുഖ നേതാക്കളെല്ലാം അരയും തലയും മുറുക്കി. പിന്നെയുള്ളത് തൃശ്ശൂർ, പാലക്കാട് എന്നിവയായിരുന്നു. പാലക്കാട് മുരളീധരൻ വിഭാഗത്തിന്റെ സ്ഥാനാർഥിയായ സി. കൃഷ്ണകുമാറിന് നൽകി. ഇതോടെ ഈ സീറ്റിന് ആവശ്യമുന്നയിച്ചിരുന്ന ശോഭാ സുരേന്ദ്രൻ ഇടഞ്ഞു. തൃശ്ശൂർ സീറ്റ് ബിഡിജെഎസിന് ലഭിക്കുകയും തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥിയാകുകയും ചെയ്തു. ഇതോടെയാണ് പത്തനംതിട്ട സീറ്റിനായുള്ള പിടി മുറുകിയത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട ജില്ലയിൽ ബിജെപി നടത്തിയ സമരവും അത് വിശ്വാസികളായ ഹിന്ദുക്കളിൽ ഉണ്ടാക്കിയതായി ബിജെപി കരുതുന്ന ചലനവും വോട്ടായി മാറും എന്ന പ്രതീക്ഷയാണ് പത്തനംതിട്ടയെ ഹോട്ട് സീറ്റാക്കി മാറ്റിയത്. ശ്രീധരൻപിള്ള, കെ. സുരേന്ദ്രൻ, എം.ടി രേമേശ്, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരായിരുന്നു ഈ സുവർണാവസരം മുതലാക്കുന്നതിന് പത്തനംതിട്ടയിൽ ആവശ്യമുന്നയിച്ച് മുന്നോട്ടുവന്നത്. ആദ്യഘട്ടത്തിൽത്തന്നെ എം.ടി രമേശും അൽഫോൺസ് കണ്ണന്താനവും പരിഗണനയിൽനിന്ന് പുറത്തായി. എൻഎസ്എസിന്റെയും ഓർത്തഡോക്സ് വിഭാഗത്തിന്റെയും പിന്തുണ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീധരൻപിള്ള ഈ സീറ്റിനായി മുറുകെ പിടിച്ചതും കേന്ദ്ര നേതൃത്വം അതിന് അനുകൂലമായ സമീപനം ആദ്യ ഘട്ടത്തിൽ സ്വീകരിച്ചതും. എന്നാൽ ശബരിമല വിഷയത്തിൽ കാര്യമായ ഇടപടലുകൾ നടത്തുകയും സമരങ്ങൾക്ക് മുന്നിൽ നിൽക്കുകയും ചെയ്ത നേതാവായിരുന്നു കെ. സുരേന്ദ്രൻ. നിരാഹാരം ഉൾപ്പെടെയുള്ള സമരങ്ങളിൽ ഏർപ്പെടുകയും അറസ്റ്റിലാവുകയും ചെയ്ത് മാധ്യമങ്ങളിൽ ശബരിമല വിഷയത്തെ ബിജെപിക്കുവേണ്ടി സജീവമാക്കി നിർത്താൻ സുരേന്ദ്രന് സാധിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ച് സുരേന്ദ്രന് പത്തനംതിട്ട സീറ്റിന് അർഹതയുണ്ടെന്ന വാദം ഒരു വിഭാഗം ഉന്നയിച്ചു. സുരേന്ദന് പത്തനംതിട്ട സീറ്റ് ലഭിക്കില്ലെന്ന സൂചന ലഭിച്ചതോടെ സമൂഹ മാധ്യമങ്ങളിൽ അടക്കം വലിയ പ്രതിഷേധം ഉയർന്നുവന്നിരുന്നു. ശ്രീധരൻപിള്ള മത്സരിച്ചാൽ പത്തനംതിട്ടയിൽ ഒരു വിഭാഗം ബിജെപിക്ക് വോട്ട് നൽകില്ലെന്നും സൂചന നൽകിയിരുന്നു. കൂടാതെ, കേരളത്തിലെ ആർഎസ്എസ് നേതൃത്വം കെ. സുരേന്ദ്രനു വേണ്ടി ശക്തമായി രംഗത്തുവരികയും ചെയ്തു. പത്തനംതിട്ടയുടെ മേലുള്ള തർക്കം ബിജെപിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെത്തന്നെ ബാധിക്കുമെന്ന നിലവന്നതോടെയാണ് കേന്ദ്ര നേതൃത്വം ഇടപട്ടത്. സ്ഥാനാർഥി നിർണയത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചൊവ്വാഴ്ച ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെ നേതാക്കളുമായി ഡൽഹിയിൽ ചർച്ച നടത്തി. തുടർന്ന് സുരേന്ദ്രന് പത്തനംതിട്ടയിൽ സീറ്റ് നൽകാനും ശ്രീധരൻപിള്ളയോട് മത്സര രംഗത്തുനിന്ന് മാറിനിൽക്കാനും കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ കേരളത്തിലെ സ്ഥാനാർഥി പട്ടിക അടിമുടി മാറി. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം, അടുത്തിടെ ബിജെപിയിലേയ്ക്കുവന്ന ടോം വടക്കൻ, കെ.എസ് രാധാകൃഷ്ണൻ എന്നിവർക്കടക്കം സീറ്റ് ലഭിച്ചപ്പോൾ തിരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ സ്ഥിരം മുഖങ്ങളായിരുന്ന പി.കെ കൃഷ്ണദാസ്, എംടി രമേശ് എന്നിവരടക്കമുള്ളവർബിജെപിയുടെ പട്ടികയ്ക്ക് പുറത്തായി. ആവശ്യപ്പെട്ട പാലക്കാട് സീറ്റ് ലഭിക്കാതെ ശോഭാ സുരേന്ദ്രൻ ആറ്റിങ്ങലിൽ സ്ഥാനാർഥിയാകുമോ എന്ന് മാത്രമാണ് ഇനി അറിയാനുള്ളത്. Content Highlights:dispute over pathanamthitta seat in bjp, K Surendran, PS Sreedharan Pillai, Lok Sabha Election 2019
from mathrubhumi.latestnews.rssfeed https://ift.tt/2YibNx8
via
IFTTT
No comments:
Post a Comment