പനജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തിന് പിന്നാലെ അധികാരം നിലനിർത്താൻ സഖ്യകക്ഷികളുമായി അർധരാത്രിയിലും നീണ്ട ചർച്ചകൾ നടത്തി ബിജെപി. മറുവശത്ത് അധികാരം പിടിക്കാൻ ശക്തമായ നീക്കങ്ങളുമായി കോൺഗ്രസും ശ്രമം തുടങ്ങിയതോടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയടക്കമുള്ള മുതിർന്ന നേതാക്കൾ ഞായറാഴ്ച രാത്രി തന്നെ ഗോവയിലെത്തി സഖ്യകക്ഷികളുമായി ചർച്ച നടത്തിവരികയാണ്. ഞായറാഴ്ച അർധരാത്രിയിൽ ആരംഭിച്ച ചർച്ച ഇപ്പോഴും പലഘട്ടങ്ങളിലായി തുടരുകയാണ്. മഹാരാഷ്ട്ര ഗോമാന്തക് പാർട്ടി (എം.ജി.പി), ഗോവ ഫോർവാഡ് പാർട്ടി, സ്വതന്ത്രർ എന്നിവരുമായിട്ടാണ് ചർച്ച നടത്തുന്നത്. ചർച്ചയിൽ മുഖ്യമന്ത്രിയാകാനുള്ള തന്റെ സന്നദ്ധത മൂന്ന് എംഎൽഎമാരുള്ള എം.ജി.പി നേതാവ് സുദിൻ ധവലികർ ഗഡ്കരിയെ അറിയിച്ചു. ബിജെപിക്കായി പലതവണ ത്യാഗം സഹിച്ചിട്ടുണ്ട്. ഇത്തവണ തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗോവ ഫോർവേഡ് പാർട്ടി നേതാവും മന്ത്രിയുമായ വിജയ് സർദേശായിയും മുഖ്യമന്ത്രി പോസ്റ്റിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മനോഹർ പരീക്കറിനാണ് ഞങ്ങൾ പിന്തുണ നൽകിയിരുന്നത്. അല്ലാതെ ബിജെപിക്കല്ല. ഇനി ബിജെപിക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ നൽകേണ്ടതുണ്ടോ എന്ന കാര്യം പുനഃപരിശോധിക്കുമെന്നുമാണ് അദ്ദേഹം ഇന്നലെ പ്രതികരിച്ചത്. ഗോവ ഫോർവേഡ് പാർട്ടിക്കും മൂന്ന് എംഎൽഎമാരാണുള്ളത്. ബി.ജെ.പി. എം.എൽ.എ. ഫ്രാൻസിസ് ഡിസൂസയുടെ മരണത്തെത്തുടർന്ന് പരീക്കർ സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടെന്നും തങ്ങളെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കണമെന്നുമാവശ്യപ്പെട്ട് കോൺഗ്രസ് ശനിയാഴ്ച തന്നെ ഗവർണർ മൃദുല സിൻഹയ്ക്ക് കത്തു നല്കിയിരുന്നു. പരീക്കർ കൂടി മരിച്ചതോടെ 40 അംഗ നിയമസഭയിൽ 35 അംഗങ്ങളാണുള്ളത്. ബി.ജെ.പി.യുടെ അംഗസംഖ്യ 12 ആയി കുറഞ്ഞു. 14 അംഗങ്ങളുള്ള കോൺഗ്രസാണ് വലിയ ഒറ്റക്കക്ഷി. മുൻ ബി.ജെ.പി. നേതാവും കോൺഗ്രസ് എം.എൽ.എ.യുമായ ദിഗംബർ കാമത്തിനെ പാർട്ടിയിൽ തിരികെയത്തിച്ച് മുഖ്യമന്ത്രിയാക്കാനുള്ള നീക്കങ്ങൾ ഞായറാഴ്ച നടക്കുന്നതിനിടെയാണ് പരീക്കറുടെ മരണം സംഭവിച്ചത്.അതേസമയം ബി.ജെ.പി.യിൽ ചേരുമെന്ന വാർത്തകൾ ദിഗംബർ കാമത്ത് നിഷേധിച്ചു. ബി.ജെ.പി.യിൽ ചേരുന്നത് രാഷ്ട്രീയാത്മഹത്യയാകുമെന്നും താൻ സ്വകാര്യാവശ്യത്തിനായാണ് ഡൽഹിയിൽ പോകുന്നതെന്നും കാമത്ത് പ്രതികരിച്ചതോടെയാണ് ഊഹാപോഹങ്ങൾക്ക് അറുതിയായത്. കാമത്ത് മുതിർന്ന നേതാവാണെന്നും പാർട്ടി വിടില്ലെന്നും പ്രതിപക്ഷനേതാവ് ചന്ദ്രകാന്ത് കവേൽകറും അവകാശപ്പെട്ടു. Content Highlights: In Overnight Meet After Manohar Parrikar Death, Goa BJP Allies Talk Tough
from mathrubhumi.latestnews.rssfeed https://ift.tt/2TYIArs
via
IFTTT
No comments:
Post a Comment