അബുദാബി: ദൈവം ഒന്നേയുള്ളു, ജ്ഞാനികൾ പല രീതികളിലായി ദൈവത്തെ വിവരിക്കുന്നു എന്ന് മാത്രമേയുള്ളുവെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭീകരവാദം എല്ലായ്പ്പോഴും മതത്തെയാണ് വ്രണപ്പെടുത്തുന്നത്. ഭീകരതക്കെതിരായ പോരാട്ടം ഏതെങ്കിലും ഒരു മതത്തിന് എതിരായ പോരാട്ടമല്ലെന്നും അവർ പറഞ്ഞു. അബുദാബിയിൽ ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു സുഷമ. ഇസ്ലാമെന്നാൽ സമാധാനം എന്നാണർത്ഥം. ദൈവത്തിന്റെ ഒരു നാമവും അക്രമം അർത്ഥമാക്കുന്നില്ല. എല്ലാ മതങ്ങളും സമധാനത്തിനൊപ്പം നിലക്കൊള്ളുന്നവരാണെന്നും അവർ പറഞ്ഞു. മനുഷ്യകുലത്തെ സംരക്ഷിക്കണമെങ്കിൽ ഭീകരവാദികൾക്ക് അഭയം നൽകുന്ന രാജ്യങ്ങൾ അത് അവസാനിപ്പിക്കണം. ലോകസമാധാനത്തിലും ഐക്യത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യയുടെ പിന്തുണയുണ്ടാകും. ഭീകരവാദത്തിനെതിരായ പോരാട്ടം ഒരു യുദ്ധംകൊണ്ട് വിജയിക്കില്ല. ഭീകരവാദം ലോകത്തെ വലിയ വിപത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. ഏതുതരത്തിലുള്ള ഭീകരവാദവും മതത്തെ വളച്ചൊടിക്കലാണെന്നും ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഏതെങ്കിലും മതവുമായുള്ള ഏറ്റുമുട്ടലല്ലെന്നും സുഷമ സ്വരാജ് കൂട്ടിച്ചേർത്തു. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. പതിനെട്ടര കോടി വരുന്ന മുസ്ലീം സമൂഹം ഉൾപ്പെടുന്ന 130 കോടി ഇന്ത്യക്കാരുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അഭിവാദ്യം നിങ്ങളെ അറിയിക്കുന്നു. വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയിൽ മുസ്ലീം സഹോദരങ്ങൾ വളരെ ഐക്യത്തോടെയാണ് ജീവിക്കുന്നത്. എന്നാൽ അവരിൽ വളരെ ചുരുക്കം ചിലർ മാത്രം ചില തീവ്രശക്തികളുടെ പ്രചരണത്തിൽ വീഴുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഭീകരവാദികൾക്ക് അഭയം നൽകുകയും സാമ്പത്തികസഹായം നൽകുകയും ചെയ്യുന്ന രാജ്യങ്ങൾ അത് നിർത്തണമെന്നും അവരുടെ രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ഭീകരവാദ സംഘടനകളെ സഹായിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും സുഷമ സ്വരാജ് സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇന്ത്യ-പാക് പ്രശ്നങ്ങൾ ലോകരാജ്യങ്ങൾ ഉത്കണഠയോടെ നോക്കിക്കാണുന്ന സാഹചര്യത്തിലായിരുന്നു വിദേശകാര്യ മന്ത്രി അബുദാബിയിൽ ഇക്കാര്യങ്ങൾ പറഞ്ഞത്. അതിനിടെ ലോക ഇസ്ലാമിക രാജ്യങ്ങളുടെ സമ്മേളനത്തിൽ സുഷമ സ്വരാജ് പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ച് പാക് വിദേശകാര്യമന്ത്രി സമ്മേളനത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. സമ്മേളനത്തിൽ പാക് പ്രതിനിധിയുടെ കസേര ഒഴിഞ്ഞുകിടന്നു. സുഷമ സ്വരാജിനെ സമ്മേളനത്തിൽനിന്ന് ഒഴിവാക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും യു.എ.ഇ. ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. Content Highlights:God is One but learned men describe him in many ways-Islamic Nations (OIC) Meet, Sushma Swaraj
from mathrubhumi.latestnews.rssfeed https://ift.tt/2IUaDUC
via
IFTTT
No comments:
Post a Comment