ചെന്നൈ: ഡി.എം.കെ. ട്രഷറർ ദുരൈ മുരുകന്റെ വസതിയിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഡി.എം.കെ.യിലെ മുതിർന്ന നേതാവായ ദുരൈ മുരുകന്റെ വെല്ലൂരിലെ വസതിയിലും കാട്പാടിയിലെ കോളേജിലും ഫാംഹൗസിലുമാണ് ശനിയാഴ്ച പുലർച്ചെ മുതൽ റെയ്ഡ് ആരംഭിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരമാണ് ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡും ദുരൈ മുരുകന്റെ വസതിയിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് ഡി.എം.കെ. നേതാവിന്റെ വസതിയിലെത്തിയ പരിശോധനാസംഘം ശനിയാഴ്ച പുലർച്ചെ മുതൽ റെയ്ഡ് ആരംഭിക്കുകയായിരുന്നു. ദുരൈ മുരുകന്റെ മകൻ കതിർ ആനന്ദ് ഇത്തവണ വെല്ലൂർ ലോക്സഭ മണ്ഡലത്തിൽ ഡി.എം.കെ. സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ദുരൈ മുരുകന്റെ ആരോപണം. കർണാടകയിലെ ജെ.ഡി.എസ്. നേതാക്കളുടെയും മന്ത്രിമാരുടെയും വീടുകളിൽ കഴിഞ്ഞദിവസങ്ങളിൽ ആദായനികുതി വകുപ്പ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. മന്ത്രിമാരായ എച്ച്.ഡി. രേവണ്ണ, സി.എസ്. പുട്ടരാജു എന്നിവരുടെ വസതികളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. തിരഞ്ഞെടുപ്പ് സമയത്തെ റെയ്ഡിനെതിരെ കർണാടകയിലെ ജെ.ഡി.എസ്., കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. റെയ്ഡുകൾക്ക് പിന്നിൽ മോദിയുടെ പ്രതികാരരാഷ്ട്രീയമാണെന്നായിരുന്നു കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആരോപണം. Content Highlights:income tax raid at dmk leader duraimurugans residence in vellore
from mathrubhumi.latestnews.rssfeed https://ift.tt/2FBEwo6
via
IFTTT
No comments:
Post a Comment