വടകര : കഴിഞ്ഞ രണ്ടു തവണയായി കരുത്തുറ്റ സ്ഥാനാര്‍ത്ഥികള്‍ നിന്നിട്ടും രക്ഷയില്ലാത്ത സിപിഎം ഇത്തവണയും വടകര മണ്ഡലത്തില്‍ വിയര്‍ക്കുമെന്ന് ഉറപ്പായി. ആര്‍എംപിയുടെ കെ കെ രമയ്ക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് രംഗത്ത് വന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കുക സിപിഎമ്മിന് അപ്രാപ്യമാകുമെന്നാണ് വിലയിരുത്തല്‍. സിപിഎമ്മിന്റെ നീക്കത്തിനെതിരേ ചില അടവു നയങ്ങള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന നിലപാടിലാണ് ആര്‍എംപിയുമെന്നാണ് സൂചന.
ഇടതുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന വടകരയില്‍ 2009 ലും 2019 ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയം നേടിയത് സിപിഎമ്മിനെ ഞെട്ടിച്ചാണ് കുറച്ചൊന്നുമല്ല. ഇത്തവണ ആര്‍എംപി യുടെ കെ കെ രമയ്ക്ക് പിന്തുണ കൊടുക്കാനുള്ള ആലോചന കോണ്‍ഗ്രസിന്റെ പക്ഷത്ത് സജീവമാണ്. മണ്ഡലം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തില്‍ വടകരയില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ മത്സരിപ്പിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. വടകരയില്‍ ആര്‍.എം.പി കെ.കെ രമ, കുമാരന്‍ കുട്ടി എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. നേതൃയോഗം ചേര്‍ന്ന് ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
മണ്ഡലത്തില്‍ തങ്ങള്‍ക്ക് 50,000 വോട്ടുകള്‍ ഉണ്ടെന്നാണ് ആര്‍എംപി അവകാശപ്പെടുന്നത്. കഴിഞ്ഞ മാസം നടന്ന ഒഞ്ചിയം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിലടക്കം ഭരണം നിലനിര്‍ത്താന്‍ ആര്‍എംപിക്ക് കഴിഞ്ഞിരുന്നു. ആര്‍.എം.പിയെ മണ്ഡലത്തില്‍ സഹകരിപ്പിക്കണമെന്ന് തന്നെയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ളവരുടെ താല്‍പര്യമെന്നും റിപ്പോര്‍ട്ടുണ്ട്. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തിലാണ് പി ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്്. കണ്ണൂര്‍, കോഴിക്കോട് മേഖലയില്‍ പി.ജയരാജനുള്ള സ്വീകാര്യത വോട്ടാക്കി മാറ്റാമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം എതിര്‍ സ്ഥാനത്ത പി ജയരാജനാണെങ്കില്‍ ആര്‍എംപി രാഷ്ട്രീയ തന്ത്രങ്ങളില്‍ മാറ്റം വരുത്തും. സിപിഎമ്മിനെയും ബിജെപിയെയും മണ്ഡലത്തില്‍ എതിര്‍ക്കുന്ന ആര്‍എംപിയുടെ ഒഞ്ചിയത്തെ സ്വാധീനം മനസ്സിലാക്കിയ കോണ്‍ഗ്രസ് അവരുമായി സഹകരിക്കാന്‍ ആലോചിച്ചിട്ടുമുണ്ട്. എതിര്‍വശത്ത് പി ജയരാജനെ പോലെ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി ആണെങ്കില്‍ അത്രയും ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ തന്നെ കോണ്‍ഗ്രസിനും നിര്‍ത്തേണ്ടി വരും. ഇടതുകോട്ടയായ വടകരയില്‍ 2009 ല്‍ പി. സതീദേവിയെയും രണ്ടാംവട്ടം മത്സരിച്ചപ്പോള്‍ എ എന്‍ ഷംസീറിനെയും തോല്‍പ്പിച്ച മുല്ലപ്പള്ളിയാകട്ടെ ഇത്തവണ മത്സരത്തിനില്ല എന്ന നിലപാടും എടുത്തിരിക്കുകയാണ്.
രാഷ്ട്രീയാന്തരീക്ഷം വടകരയില്‍ മാറിയിട്ടുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. സി.പി.എമ്മിലെ ഭിന്നത മൂര്‍ച്ഛിച്ച് ടി.പി. ചന്ദ്രശേഖരന്‍ ആര്‍എംപി രൂപീകരിച്ചത് പാര്‍ട്ടി വോട്ടുകളെ ബാധിച്ചു. കോഴിക്കോട് സീറ്റുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ നല്ല സ്വാധീനമുള്ള ജനതാദള്‍ സോഷ്യലിസ്റ്റു് ഇടതുമുന്നണി വിടുകയും ചെയ്ത സാഹചര്യത്തിലാണ് 2009 ല്‍ മുല്ലപ്പള്ളി മത്സരിക്കാന്‍ എത്തുന്നത്. നാട്ടുകാരന്‍ കൂടിയായ മുല്ലപ്പള്ളി 56,186 വോട്ടിന്റെ ഭുരിപക്ഷത്തില്‍ ജയിച്ചത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരുന്നു. 2004 ല്‍ പി സതീദേവി 1,30,589 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ച ശേഷമായിരുന്നു ഈ തോല്‍വി. 2014 തിരഞ്ഞെടുപ്പിലും മുല്ലപ്പള്ളി തന്നെ ജയിച്ചെങ്കിലും ഭൂരിപക്ഷം 3306 വോട്ട് മാത്രമായി.
രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പിലും സി.പി.എമ്മിന്റെ തോല്‍വിയില്‍ സോഷ്യലിസ്റ്റുകള്‍ക്കൊപ്പം ആര്‍.എം.പി.യും നിര്‍ണായക പങ്ക് വഹിച്ചു. ഇത്തവണ അവര്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയേക്കുമെന്ന പ്രചാരണമുണ്ട്. അങ്ങനെ സംഭവിക്കുകയും ബി.ജെ.പി. വോട്ട് ലക്ഷത്തിനുമുകളിലേക്ക് ഉയരുകയും ചെയ്താല്‍ വടകരയുടെ വിധിയെഴുത്ത് പ്രവചനാതീതമാകും.
പുതിയ സാഹചര്യത്തില്‍ കഴിഞ്ഞ ഡിസംബറില്‍ മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി യു.ഡി.എഫില്‍ നിന്നും എം.പി വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാ ദള്‍ എല്‍.ഡി.എഫിലെത്തിയിട്ടുണ്ട്. കൂത്തുപറമ്പ്, വടകര മണ്ഡലങ്ങളില്‍ ശക്തമായ സ്വാധീനമാണ് ലോക് താന്ത്രിക് ജനതാദളിന് ഉള്ളത്. സോഷ്യലിസ്റ്റ് വോട്ടുകളുടെ ഏകീകരണത്തിന് പിന്നാലെ സി.പി.എമ്മിലെ വിഭാഗീയതയും ഇല്ലാതായി. 2014 ലോക്സഭാതിരഞ്ഞെടുപ്പില്‍ തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലൊഴിച്ച് അഞ്ചിടത്തും യു.ഡി.എഫ്. ആയിരുന്നു മുന്നില്‍ എന്നാല്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ആറിടത്ത് ജയിച്ചു. ഇതാണ് സിപിഎമ്മിന് പ്രതീക്ഷയാകുന്നത്.
അതേസമയം മുല്ലപ്പള്ളി ആദ്യ തവണ വടകരയില്‍ നിന്നും ജയിച്ചതിന് പിന്നാലെ 2011 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരി, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങള്‍ ഇടതുമുന്നണിയാണ് ജയിച്ചത്. കൂത്തുപറമ്പ് മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. എന്നാല്‍ തൊട്ടു പിന്നാലെ വന്ന ലോക്സഭാതിരഞ്ഞെടുപ്പില്‍ തലശ്ശേരിയൊഴികെ ആറിടത്തും മുല്ലപ്പള്ളി മുന്നിലെത്തുകയും ചെയ്തിരുന്നു. മണ്ഡലത്തില്‍ വലിയ വോട്ടു ഷെയറുള്ള എല്‍.ജെ.ഡി പക്ഷേ വടകര മണ്ഡലത്തില്‍ സീറ്റാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം തള്ളി.
സീറ്റു തര്‍ക്കത്തിലുള്ള അതൃപ്തിയുടെ പേരില്‍ യു.ഡി.എഫ് വിട്ട എല്‍.ജെ.ഡി, കോഴിക്കോടോ വടകരയോ മത്സരിക്കാനായേക്കും എന്ന പ്രതീക്ഷയുമായാണ് ഇടതുമുന്നണിയോടൊപ്പം ചേരുന്നത്. പല തവണ ചര്‍ച്ച ചെയ്തിട്ടും സി.പി.എം അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. കോഴിക്കോട്ട് ടിക്കറ്റു ലഭിച്ചാല്‍ എല്‍.ജെ.ഡിയുടെ ബാനറില്‍ ശ്രേയാംസ് കുമാര്‍ മത്സരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. എങ്കിലും, സ്ഥാനാര്‍ത്ഥിപ്പട്ടിക ചര്‍ച്ചയില്‍ വന്നതോടെ, വടകരയില്‍ പി. ജയരാജന്റേയും കോഴിക്കോട്ട് എം.എല്‍.എ പ്രദീപ്കുമാറിന്റേയും പേരുകളാണ് ഉയരുന്നത്.
from mangalam.com https://ift.tt/2UkWNMh
via IFTTT
No comments:
Post a Comment