തിരുവനന്തപുരം: സംസ്ഥാന പോലീസിലെ സി.പി.എം. ഫ്രാക്ഷനെക്കുറിച്ച് കേന്ദ്ര ഇൻലിജൻസ് അന്വേഷണം തുടങ്ങി. എ.ആർ. ക്യാമ്പിൽ സി.പി.എം. യോഗം ചേരുകയും അഭിപ്രായവ്യത്യാസത്തെത്തുടർന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി, എ.ആർ. ക്യാമ്പിലെ ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെയാണിത്. അന്വേഷണ റിപ്പോർട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും അടുത്തദിവസം കൈമാറിയേക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്തരം യോഗം ചേരുന്നത് കേന്ദ്ര ഏജൻസി ഗൗരവമായാണ് കാണുന്നത്. സംസ്ഥാനത്ത് 14 പോലീസ് ലോക്കൽ കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. 28 പോലീസ് ജില്ലകളുണ്ടെങ്കിലും ഒരോ റവന്യൂ ജില്ലയിലെ പോലീസ് അസോസിയേഷനുകളും പോലീസ് ഓഫീസേഴ്സ് അസോസിയേഷനും ഉൾപ്പെട്ടതാണ് ഒരു ലോക്കൽ കമ്മിറ്റി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനാണ് പോലീസുകാർ അംഗങ്ങളായ ലോക്കൽ കമ്മിറ്റിയുടെ ചുമതല. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഈ യോഗങ്ങളിൽ പങ്കെടുക്കാറുണ്ട്. സംസ്ഥാനതല ഫ്രാക്ഷനും പ്രവർത്തിക്കുന്നുണ്ട്. പോലീസ് ലോക്കൽ കമ്മിറ്റി യോഗങ്ങൾ സി.പി.എം. ജില്ലാ ഓഫീസിലാണ് നേരത്തേ ചേർന്നിരുന്നത്. ഒരിക്കൽ തിരുവനന്തപുരം ലോക്കൽ കമ്മിറ്റി യോഗം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്നത് വിവാദമായി. പത്രപ്രവർത്തകരെക്കണ്ട് സി.പി.എം. ഓഫീസിൽനിന്ന് പോലീസുകാർ പിൻവാതിലിലൂടെ ഓടി. ഇതോടെ ഈ സംവിധാനം നിർത്തി. തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് സി.പി.എം. ഫ്രാക്ഷൻ യോഗങ്ങൾ തുടങ്ങിയത്. തിരുവനന്തപുരത്ത് പോലീസ് സേനയിലെ അംഗങ്ങൾ ഉൾപ്പെട്ട പതിനഞ്ചോളം ബ്രാഞ്ച് കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം യോഗം നടന്ന എ.ആർ. ക്യാമ്പിൽ രണ്ട് ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. എ.ആർ. ക്യാമ്പിലെ സി.പി.എം. ഫ്രാക്ഷന്റെ ചുമതല പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്കാണ്. തിരുവനന്തപുരം ജില്ല ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റിയുടെ ചുമതല പോലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജുവിനാണെന്ന് ഐ.ബി. കണ്ടെത്തിയിട്ടുണ്ട്. 16 വർഷമായി ബൈജു ഈ സ്ഥാനത്ത് തുടരുകയാണ്. സിറ്റി പോലീസിലും റൂറൽ പോലീസിലും വെവ്വേറെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നതായും ഐ.ബി. കണ്ടെത്തി. പോലീസിൽ രാഷ്ട്രീയപ്രവർത്തനമോ യോഗമോ പാടില്ലെന്ന ചട്ടം നിലനിൽക്കുമ്പോഴാണ് സി.പി.എം. ഫ്രാക്ഷൻ പ്രവർത്തിക്കുന്നത്. എ.ആർ. ക്യാമ്പിലെ യോഗത്തെക്കുറിച്ചന്വേഷിക്കാൻ എ.ആർ. ക്യാമ്പ് കമാൻഡന്റ് പി.കെ. സാഗുൽ ഉത്തരവിട്ടിരുന്നു. സംസ്ഥാന പോലീസിലെ രഹസ്യാന്വേഷണ വിഭാഗവും ഇതേക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. content highlights: kerala police, cpm,
from mathrubhumi.latestnews.rssfeed https://ift.tt/2F74yiR
via
IFTTT
No comments:
Post a Comment