തിരുവനന്തപുരം: ലോക്‌സഭാ സീറ്റിനെപ്പറ്റിയുള്ള മാണി- ജോസഫ് തര്‍ക്കം പതിവുപോലെ വഴിപിരിയലില്‍ എത്തിനിക്കെ അവസാനശ്രമം എന്ന നിലയില്‍ ഇന്ന് രാവിലെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ജോസഫ് കൂടിക്കാഴ്ച നടത്തി. മാണി ഗ്രൂപ്പിന്റെ ആഭ്യന്തരപ്രശ്‌നത്തില്‍ ഇടപെടാനുള്ള ബുദ്ധിമുട്ട് അവര്‍ അറിയിച്ചിട്ടുണ്ട്. മാണി കടുത്തവാശിയിലാതുകൊണ്ടുതന്നെ അേദ്ദഹവുമായുള്ള ചര്‍ച്ചയില്‍ വലിയ ഗുണമുണ്ടാവില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട്. അതേസമയം ജോസഫിനെ അനുനയിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുകയെന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. തല്‍ക്കാലം സംയമനം പാലിക്കാമെന്നും പിന്നീട് ബാക്കികാര്യങ്ങള്‍ ആലോചിക്കാമെന്നും അവര്‍ അറിയിക്കും. എന്നാല്‍ തനിക്ക് നീതികിട്ടിയില്ലെന്ന നിലപാടില്‍ ജോസഫ് ഉറച്ചുനില്‍ക്കുകയുമാണ്.
ഇതിനിടയില്‍ കോട്ടയം സീറ്റ് മാണി ഗ്രൂപ്പില്‍ നിന്നും ഏറ്റെടുക്കാത്തതില്‍ കോണ്‍ഗ്രസില്‍ കലാപവും ആരംഭിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയും ബെന്നിബഹനാനും ഉള്‍പ്പെടെയുള്ള എ ഗ്രൂപ്പുകാര്‍ ചര്‍ച്ചചെയ്ത് പ്രശ്‌നം വേഗം പരിഹരിക്കണമെന്ന നിലപാട് സ്വീകരിക്കുമ്പോള്‍ ഇത് കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്‌നമാണെന്നും കോണ്‍ഗ്രസ് ഇടപെടേണ്ട കാര്യമില്ലെന്നുമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചത്.
ജോസഫിനെ മുന്നണിയില്‍ നിലനിര്‍ത്തുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പമുണ്ട്. എന്നാല്‍ അതിന് മുമ്പായി കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാസീറ്റ് ദാനം ചെയ്തിട്ടും കോട്ടയം ലോക്‌സഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തില്ലെന്നത് പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് പിറവം നഗരസഭാ കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് പിറവം മണ്ഡലം പ്രസിഡന്റുമായ അരുണ്‍ കല്ലറയ്ക്കല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. ഇത് തുടരുമെന്നും പാര്‍ട്ടിക്ക് ഭീഷണിയുണ്ട്.
മാണി ചതിച്ചുവെന്ന വികാരം ശക്തമായതിനെത്തുടര്‍ന്ന് ജോസഫ് ഗ്രൂപ്പായി യു.ഡി.എഫില്‍ നിലനില്‍ക്കാനുള്ള നീക്കത്തില്‍ ആണ് ഇപ്പോള്‍ ജോസഫ് വിഭാഗം. വിട്ടുവീഴ്ച ചെയ്താല്‍ അതോടെ ജോസഫ് ഗ്രൂപ്പ് ഇല്ലാതാകുമെന്ന ഭയവും ഉണ്ട്. അതുകൊണ്ടുതന്നെ യു.ഡി.എഫില്‍ മറ്റൊരു ഘടകകക്ഷിയായി നിലനില്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിന്റെ വക്കില്‍ നില്‍ക്കുന്ന സമയത്ത് ജോസഫിന്റെ ഈ നീക്കത്തിന് യു.ഡി.എഫിന് വഴങ്ങേണ്ടിയും വരും.
കൂറുമാറ്റ നിരോധന നിയമമാണ് ജോസഫിന് മുന്നില്‍ ഇപ്പോള്‍ ഒരു കടമ്പയായി നിലനില്‍ക്കുന്നത്. എന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്തിക്കൊണ്ട് വിഷയം കോടതിയുടെ മുന്നില്‍ എത്തിച്ചാല്‍ ആ പ്രശ്‌നവും മറികടക്കാമെന്നാണ് ജോസഫ് ഗ്രൂപ്പ് നല്‍കുന്ന വിശദീകരണം. പാര്‍ട്ടിയില്‍ തനിക്ക് ഭൂരിപക്ഷമുള്ളവരുടെ സംസ്ഥാനകമ്മിറ്റി വിളിച്ച് ചെയര്‍മാനായി ജോസഫിനെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ തര്‍ക്കം പിന്നെ നിയമപരമാകും. ഇതിനെ എതിര്‍ത്ത് മാണി വിഭാഗം രംഗത്തുവരും. അതോടെ പിന്നെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാകും.
അതിന് കാലതാമസമെടുക്കുമെന്നതുകൊണ്ട് മറ്റ് തരത്തിലുള്ള ദോഷങ്ങളുണ്ടാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭയില്‍ കൂറുമാറ്റ നിയമപ്രകാരമുള്ള നടപടികള്‍ ഒഴിവാക്കാന്‍ പ്രത്യേക ബ്ലോക്ക് എന്ന ആവശ്യം ഉന്നയിക്കാതിരിക്കുകയോ, വിപ്പ് ലംഘിക്കാതിരിക്കുകയോ ചെയ്താല്‍ മതിയാകുമെന്നും അവര്‍ ചുണ്ടിക്കാട്ടുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പി.സി. ജോര്‍ജിനെ അയോഗ്യനാക്കിയതുപോലെ നടത്താന്‍ ഇപ്പോള്‍ മാണി ഗ്രൂപ്പിന് സ്വാധീനിക്കാന്‍ കഴിയുന്ന സ്പീക്കറല്ല ഉള്ളതെന്നും അവര്‍ പറയുന്നു. അന്ന് ജോര്‍ജിന്റെ അയോഗ്യത കോടതി ഇടപെട്ടുതന്നെ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ തന്ത്രം പയറ്റി ജോസഫ് ഗ്രൂപ്പായി മുന്നണിയില്‍ തുടരാനാണ് ജോസഫിന്റെ തന്ത്രം.
തെരഞ്ഞെടുപ്പിന്റെ വക്കില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ജോസഫിനെ മുന്നണിയില്‍ നിന്നും വിട്ടുപോകാന്‍ യു.ഡി.എഫ് അനുവദിക്കുകയുമില്ല. മാണി വിഭാഗം അതിനെ എതിര്‍ത്താലും മുന്‍കാല ചരിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ജോസഫിനെ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇതിനോട് എ ഗ്രൂപ്പിന് അത്രയോജിപ്പില്ല, എന്നാല്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ സമ്പൂര്‍ണ്ണ നിയന്ത്രണം രമേശ് ചെന്നിത്തലയുടെ കൈകളിലായതുകൊണ്ട് അദ്ദേഹത്തിന്റെ തീരുമാനത്തിനായിരിക്കും പ്രാധാന്യം. അതിലാണ് ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷയും.
ജോസഫിനെ പ്രത്യേക വിഭാഗമായി നിലനിര്‍ത്തുന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഏറെ ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന് വിലയിരുത്തലുണ്ട്. ജോസഫില്‍ നിന്നും പിരിഞ്ഞുപോയി ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് ഇടതുമുന്നണിയിലെത്തിയവിഭാഗം അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ ലഭിക്കുന്നില്ലെന്നതില്‍ ഇപ്പോള്‍ നിരാശരാണ്. ജോസഫ് പ്രത്യേക ഗ്രൂപ്പായി നിലനിന്നാല്‍ ഈ വിഭാഗം ഒപ്പം എത്തുമെന്നും കോണ്‍ഗ്രസിലെ ഈ വിഭാഗം വിലയിരുത്തുന്നു. ഇടുക്കിയില്‍ ഈ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമുണ്ട്. അതുകൊണ്ട് ഇടുക്കി സീറ്റിലും ഇത് ഗുണകരമാകുമെന്നും അവര്‍ വിലയിരുത്തുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കമാണ് ജോസഫ് വിഭാഗം നടത്തുന്നത്.
from mangalam.com https://ift.tt/2UzAnat
via IFTTT
No comments:
Post a Comment