ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാക്കള്‍ പിടിവലി തുടരുന്ന പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാനാവാതെ ബി.ജെ.പി. ദേശീയനേതൃത്വവും. പത്തനംതിട്ട ഒഴികെ, കേരളത്തില്‍ ബി.ജെ.പി. മത്സരിക്കുന്ന 13 മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും ജനറല്‍ സെക്രട്ടി കെ. സുരേന്ദ്രനും പിടിമുറുക്കിയതോടെയാണു ബി.ജെ.പി. സമ്പൂര്‍ണ സ്ഥാനാര്‍ഥിപ്പട്ടിക പത്തനംതിട്ടയില്‍ തട്ടിവീണത്.
ആര്‍.എസ്.എസ്. നേതൃത്വം ശക്തമായി ഇടപെട്ടതോടെ പത്തനംതിട്ടയില്‍ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ ധാരണയായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ശ്രീധരന്‍ പിള്ള ബി.ജെ.പി. കേന്ദ്രനേതൃത്വത്തെ അതൃപ്തിയറിയിച്ചു. പത്തനംതിട്ടയടക്കം ദേശീയതലത്തില്‍ ഒഴിച്ചിട്ട സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പിന്നീടു പ്രഖ്യാപിക്കുമെന്നു തെരഞ്ഞെടുപ്പ് സമിതിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി. ഇന്നലെ രാത്രി പുറത്തുവിട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രകാരം കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്തും ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലും മത്സരിക്കും. പാലക്കാട് മത്സരിക്കാന്‍ ശോഭ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ജില്ലാ പ്രസിഡന്റും മുനിസിപ്പല്‍ െവെസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാറിനാണു നറുക്കുവീണത്.
ബി.ജെ.പിയില്‍ ചേക്കേറിയ കോണ്‍ഗ്രസ് മുന്‍ ദേശീയവക്താവ് ടോം വടക്കനു സീറ്റില്ല. കൊല്ലത്തു വടക്കനെ മത്സരിപ്പിക്കാന്‍ കേന്ദ്രനേതൃത്വം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സംസ്ഥാനനേതൃത്വത്തിന്റെ താത്പര്യപ്രകാരം കെ.വി. സാബുവിനാണു നറുക്കുവീണത്. അതേസമയം, വടക്കനുശേഷം ബി.ജെ.പിയിലെത്തിയ മുന്‍ കോണ്‍ഗ്രസ് സഹയാത്രികന്‍ കെ.എസ്. രാധാകൃഷ്ണന് ആലപ്പുഴ സീറ്റ് നല്‍കി. പത്തനംതിട്ടയ്ക്കായി പരസ്യമായി രംഗത്തെത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എറണാകുളത്തു മത്സരിക്കും. കണ്ണന്താനം ചുമതല വഹിച്ച വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതല ടോം വടക്കനു നല്‍കിയേക്കും.
from mangalam.com https://ift.tt/2HxqYxn
via IFTTT
No comments:
Post a Comment