ആലപ്പുഴ:ഹയർസെക്കൻഡറി രണ്ടാം വർഷം വിദ്യാർഥികളുടെ രസതന്ത്രം പരീക്ഷ കടുത്ത പരീക്ഷണമായിപ്പോയെന്ന് പരാതി. പരീക്ഷാഭയം മൂലം മാനസികസമ്മർദമനുഭവിക്കുന്ന വിദ്യാർഥികൾക്കായി ഹയർസെക്കൻഡറി വകുപ്പ് ഒരുക്കിയിട്ടുള്ള ടോൾഫ്രീ നമ്പറിലേക്ക് വിളിച്ച നൂറുകണക്കിന് വിദ്യാർഥികളുടെ പരാതി ഇതുതന്നെ. പരീക്ഷയെഴുതി തളർന്നുപോയവർ ഫെയ്സ്ബുക്കിൽ പരാതികളുടെ കെട്ടഴിച്ചു. ചിലരുടെ പരാതി ഇങ്ങനെ: 'ഒന്നുകിൽ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം ലിബറലാക്കുക, അല്ലെങ്കിൽ പരീക്ഷ മാറ്റിവെക്കുക. ഈ പരീക്ഷ പ്രകാരം കെമിസ്ട്രിയിൽ കൂട്ടത്തോൽവിയായിരിക്കും ഫലം'. മറ്റൊരു പരാതി ഇങ്ങനെ: 'പരീക്ഷ കഴിഞ്ഞപ്പോൾ കടുത്ത മാനസികസമ്മർദമാണ് എല്ലാവർക്കും. പരീക്ഷാവിഭാഗം നൽകിയ പ്ലസ്ടു എക്സാം ടിപ്സ് എന്ന വീഡിയോയിൽ പറഞ്ഞ പ്രധാന ചോദ്യങ്ങൾ ഒന്നുപോലും വന്നില്ല. ഇമ്മാതിരി ചോദ്യപ്പേപ്പറിട്ടാൽ പരീക്ഷാഭയം കൂട്ടാൻ വേറെന്തു വേണം സാറമ്മാരേ'. തീരെ പ്രാധാന്യമില്ലാത്ത ചോദ്യങ്ങളാണ് വന്നതെന്ന് മറ്റൊരു വിദ്യാർഥി കുറിക്കുന്നു. പി ബ്ലോക്ക് എന്ന ചാപ്റ്ററിൽനിന്ന് ആറു മാർക്കിന്റെ ചോദ്യമുണ്ടെന്നു പറഞ്ഞിട്ട് അത്രയുമില്ലായിരുന്നുവെന്ന് മറ്റൊരു കുറിപ്പ്. തുടക്കത്തിലുള്ള പരീക്ഷയിൽത്തന്നെ വിദ്യാർഥികൾ നിരാശരാണെന്ന് അധ്യാപകരും പറയുന്നു. ശരാശരി നിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വലിയ കടുപ്പമാണ് പരീക്ഷ. ഉയർന്ന നിലവാരത്തിലുള്ളതാണ് പല ചോദ്യങ്ങളും. ഒറ്റവാക്കിൽ ഉത്തരമെഴുതേണ്ട ചോദ്യവും കടുപ്പം. എന്നാൽ സിലബസിനു പുറത്തുള്ള ചോദ്യങ്ങളൊന്നുമുണ്ടായില്ല. കെമിസ്ട്രി മാതൃകാപരീക്ഷ വളരെ എളുപ്പമായിരുന്നു. അതും പ്രതീക്ഷിച്ചുപോയ വിദ്യാർഥികൾക്ക് ഏറെ പ്രയാസമായെന്നും അധ്യാപകർ പറയുന്നു. Content Highlights:Higher Secondary Examination,students reviewed chemistry paper a tougher one
from mathrubhumi.latestnews.rssfeed https://ift.tt/2tV7byZ
via
IFTTT
No comments:
Post a Comment