കോട്ടയം: ലോകസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിലേക്ക് തോമസ് ചാഴികാടനെ നിശ്ചയിച്ചത് എൽഡിഎഫ് സ്ഥാനാർഥി വി.എൻ വാസവനെ സഹായിക്കാനാണെന്ന് പി.സി. ജോർജ് എംഎൽഎ. എൽഡിഎഫ് സ്ഥാനാർഥി വാസവനും കേരളകോൺഗ്രസിലെ ജോസ് കെ മാണിയും തമ്മിൽ രഹസ്യചർച്ചയും ബന്ധവുമുണ്ടെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. തോമസ് ചാഴികാടൻ ദുർബല സ്ഥാനാർഥിയാണെന്നും തോൽക്കുന്ന സ്ഥലങ്ങളിൽ സ്ഥിരമായി നിർത്തുന്ന ആളാണെന്നും പി.സി. ജോർജ് പറഞ്ഞു. കോട്ടയം സീറ്റിൽ തോമസ് ചാഴികാടനെ നിർത്തിയതിന്റെ ലക്ഷ്യങ്ങൾ? കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാസവന്റെ സഹായത്തോടെ ജില്ലാപഞ്ചായത്ത് പിടിച്ചെടുക്കാനുള്ള ശ്രമം ജോസ് കെ മാണി നടത്തി. ഇത് കോൺഗ്രസിനും അറിയാം. മാണിയെ സഹായിച്ച വാസവനെ തിരിച്ചും സഹായിക്കണമെന്ന് മാണിക്കും ആഗ്രഹമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാസവനെ തന്നെ കോട്ടയത്ത് സ്ഥാനാർഥിയാക്കിയത്. ജനകീയ സ്ഥാനാർഥിയായി ഡോ. സിന്ധുമോൾ ജേക്കബിനെ സിപിഎം നിശ്ചയിച്ചിരുന്നതാണ്. അവർ മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയതുമാണ്. പക്ഷെ വാസവനും ജോസ് കെ മാണിയുമായിട്ടുള്ള രഹസ്യ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് സിന്ധുവിനെ മാറ്റി വാസവനെ നിശ്ചയിച്ചത്. വാസവനെ ജയിപ്പിക്കാൻ മാണി നേരത്തെ തീരുമാനിച്ചതാണ്. തോമസ് ചാഴിക്കാടൻ ദുർബലനായ സ്ഥാനാർഥിയാണ്. തോൽക്കുന്ന സ്ഥലങ്ങളിൽ സ്ഥിരമായി നിൽക്കുന്ന ആളാണ് തോമസ് ചാഴിക്കാടൻ. അയാൾ ജയിക്കുന്ന ചിത്രമില്ല. അയാളൊരു രാഷ്ട്രീയക്കാരനല്ല. ഒരു ബാങ്കുദ്യോഗസ്ഥനാണ്. ജോസ് കെ മാണി പറയുന്നതനുസരിച്ച് അങ്ങോട്ടുമിങ്ങോട്ടും ചാടും. പി.ജെ ജോസഫുമായുള്ള തർക്കത്തിന്റെ പുറത്താണ്ചാഴികാടനെ നിർത്തിയത്. ജോസഫ് കോട്ടയത്ത് നിന്നാൽ വാസവൻ തോൽക്കും. ചാഴികാടനെ നിർത്തിയാൽ ചാഴികാടൻ തോൽക്കും വാസവൻ ജയിക്കും. ജോസ് കെ മാണിക്ക് വേണ്ടത് അതാണ് .ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത . അത് കോൺഗ്രസും മനസിലാക്കിയിട്ടുണ്ട്. പത്തനംതിട്ടയിൽ മത്സരിക്കുമോ? പത്തനംതിട്ട സീറ്റിൽ മത്സരിക്കും എന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. പത്തനംതിട്ട സീറ്റിൽ എനിക്ക് ജയിക്കാൻ പറ്റുമെന്ന് നൂറുശതമാനം ഉറപ്പുണ്ട്. ശബരിമല പ്രശ്നമുണ്ടായപ്പോൾ ഞാൻ എടുത്ത അത്രയും ശക്തമായ നിലപാട് ആരും എടുത്തില്ല. ശബരിമല പ്രശ്നമുണ്ടായപ്പോൾ ഞാനും എന്റെ സഹപ്രവർത്തകരും മാത്രമാണ് അയ്യപ്പ ഭക്തരെ സഹായിക്കാൻ പമ്പയിലും ശബരിമലയിലും ഉണ്ടായിരുന്നത്. ബിജെപി പോലും 19 ാം തീയതിക്ക് ശേഷമാണ് വന്നത്. അതുവരെ ശ്രീധരൻപിള്ള പോലും പത്തനംതിട്ടയിൽ സത്യാഗ്രഹം കിടന്നതല്ലാതെ ഈ സ്ത്രീകളെ തടയാൻ കണ്ടില്ല. എൽഡിഎഫ് സ്ഥാനാർഥിയേപ്പറ്റി ശബരിമലയിൽ പ്രവേശിക്കാൻ എത്തിയ രഹന ഫാത്തിമയെ ഒളിവിൽ താമസിപ്പിച്ചത് പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയായ വീണാ ജോർജിന്റെ വീട്ടിലായിരുന്നു എന്ന ആരോപണമുണ്ട്. മാത്രമല്ല അയ്യപ്പഭക്തരെ പോലീസ് തല്ലിച്ചതയ്ക്കുമ്പോൾ ഇവർ അത് കൈകൊട്ടി ആസ്വദിച്ചു എന്നും പറയപ്പെടുന്നുണ്ട്. പിണറായി വിജയന്റെ വർഗീയ മതിലിന് നേതൃത്വം കൊടുത്തതും വീണാ ജോർജാണ്. ആ വീണാ ജോർജ് ശബരിമല ശാസ്താവിന്റെ പത്തനംതിട്ടയിൽ എംപി ആവുകയെന്നത് എത്ര നാണംകെട്ട വ്യാമോഹമാണ്. ആരും വോട്ടുചെയ്യില്ല, ദയനീയ പരാജയമായിരിക്കും അക്കാര്യത്തിൽ സംശയം വേണ്ട. ശബരിമലയിലാണ് ബിജെപിയുടെയും കണ്ണ് ഒരു രാഷ്ട്രീയകക്ഷി എന്ന നിലയിൽ ശബരിമല വിഷയം ഉപയോഗിക്കാൻ ബിജെപിക്കും അവകാശമുണ്ട്. അതിൽ തെറ്റുപറയാനില്ല. പക്ഷെ അവരും സമര രംഗത്ത് വന്നത് ഒക്ടോബർ 19-ാം തിയതിക്ക് ശേഷമാണ്. ശബരിമല നടതുറന്ന് 13,14,15,16,17,18 തിയതികളിലൊന്നും ഇവരാരും അവിടെ ഇല്ല. ഞാനും എന്റെ സഹപ്രവർത്തകരുമെ അവിടെയുള്ളു. എന്റെ സഹപ്രവർത്തകർ സ്വാമി ശരണം വിളിച്ചതുകൊണ്ടാണ് സ്ത്രീകളെ തടയാൻ കഴിഞ്ഞത്. അന്ന് കോൺഗ്രസോ ബിജെപിയോ ശബരിമല പ്രശ്നത്തിൽ മുന്നിൽ വന്നിരുന്നില്ല. ശബരിമല വിഷയത്തിലുണ്ടായേക്കാവുന്ന വോട്ടുകൾ ഭിന്നിക്കാൻ ഇടയാക്കില്ലെ പി.സി. ജോർജിന്റെ സ്ഥാനാർഥിത്വം? ശബരിമല വിഷയത്തിൽ ഒന്നിച്ചേക്കാവുന്ന വോട്ടുകൾ ഭിന്നിക്കാൻ ഇടയാകുമോ എന്നത് വെറുതെയാണ്. അവിടെ ജനങ്ങൾക്കറിയാം ഞാനാണോ ശ്രീധരൻ പിള്ളയാണോ വേണ്ടത് എന്ന്. ബിജെപി അവിടെ നിൽക്കുമെന്ന് ഞാൻ കരുതുന്നില്ല. ബിജെപിയുടെ ആളുകളുമായി ഞാൻ സംസാരിച്ചിട്ടുണ്ട്. എന്നോട് അനുകൂലമായ സമീപനമാണ് ഈ നിമിഷം വരെ എടുത്തിട്ടുള്ളത്. തർക്കമുണ്ടെങ്കിൽ അവർ പറയട്ടെ. ശബരിമലയുടെ പേരിൽ പത്തനംതിട്ടയിലെ വോട്ട് ഭിന്നിപ്പിക്കുന്ന നിലപാടിന് ഞാനില്ല. അത്തരമൊരു രാഷ്ട്രീയം എനിക്കില്ല. കേരള ജനപക്ഷം എന്ന രാഷ്ട്രീയത്തിലാണ് ഞാൻ നിൽക്കുന്നത്. എൽഡിഎഫും യുഡിഎഫും ഒഴിച്ചുള്ളത് ജനപക്ഷമാണെന്നതാണ് എന്റെ ചിന്ത. എൽഡിഎഫും യുഡിഎഫും അല്ലാതെ വേറൊരു രാഷ്ട്രീയത്തിന് ഇടമുണ്ടെന്നാണ് ഞാൻ കരുതുന്നത്. ആ ഇടം കേരള ജനപക്ഷമാകാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനകത്ത് ലോക്സഭയോ രാജ്യസഭയോ എംഎൽഎ സ്ഥാനമോ വലിയ ആനക്കാര്യമായി ഞാൻ കരുതുന്നില്ല. Content Highlights: P.C George, UDF,Thomas Chazhikadan, V N Vasavan, LDF, Kerala Janapaksham, Loksabaha Election, BJP, Sabarimala Issue
from mathrubhumi.latestnews.rssfeed https://ift.tt/2HdPV0D
via
IFTTT
No comments:
Post a Comment